ബിലാൽ ചെയ്യേണ്ട കടമ മമ്മൂക്കയ്ക്ക് ഉണ്ട്; ഇല്ലെങ്കിൽ എനിക്കും ദേഷ്യം വരും! അദ്ദേഹത്തോട് അന്ന് പറഞ്ഞത്; ബാല
കഴിഞ്ഞ കൂറേ വർഷങ്ങളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ബിലാൽ. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നായ ബിഗ് ബിയുടെ രണ്ടാം ഭാഗമായി പ്രഖ്യാപിച്ച സിനിമയാണിത്. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ മിക്ക സീനുകളുടെയും പെർഫെക്ഷൻ ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്ന ഒന്നാണ്. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ മമ്മൂട്ടി എത്തിയത്.
അതുകൊണ്ട് കൂടിയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ അത്രമേൽ ആഗ്രഹിക്കുന്നത്. 2017 ലാണ് രണ്ടാം ഭാഗം വരുമെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. എന്നാൽ 2023 ലും മറ്റൊരു അപ്‌ഡേറ്റിനായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. അതിനിടെ ഈയിടയ്ക്ക് ബിലാലിന്റെ ഒരു ടൈറ്റിൽ ഗ്രാഫിക്‌സ് സംവിധായകൻ പുറത്തുവിട്ടിരുന്നു. 'ബിലാൽ, ആൻ അമൽ നീരദ് ഫിലിം' എന്ന് രേഖപ്പെടുത്തിയ ഗ്രാഫിക്സാണ് പുറത്തുവിട്ടത്. ഇതേ തുടർന്ന് ബിലാൽ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

2007ൽ പുറത്തിറങ്ങിയ ബിഗ് ബിയിൽ നടൻ ബാലയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബാലയുടെ കരിയറിലെ വഴിത്തിരിവായിരുന്നു ചിത്രം. ഇപ്പോഴിതാ ബിലാലിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ബാലയുമായി മമ്മൂട്ടി ഫോണിൽ സംസാരിച്ചിരുന്നു. ബാല തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ പങ്കുവച്ചത്. അന്ന് ബിഗ് ബി ടുവിനെ കുറിച്ചും തങ്ങൾ സംസാരിച്ചുവെന്ന് ബാല പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് ബാല മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
'ഈ ജന്മത്തിൽ എനിക്ക് ബിഗ് ബി 2 ചെയ്യണമെന്ന് പറഞ്ഞു. ചെയ്യാമെന്നാണ് മമ്മൂക്കയും പറഞ്ഞത്. എന്നത്തേക്ക് ആകുമെന്നൊന്നും അറിയില്ല. ഒരു നടനെക്കാൾ ഉപരി ഒരു പ്രേക്ഷകൻ എന്ന നിലയിൽ മമ്മൂക്കയ്ക്ക് ബിഗ് ബി ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. അത് ചെയ്തില്ലെങ്കിൽ എനിക്കും ദേഷ്യം വരും. നൂറ് ശതമാനം. എത്രയോ ജനങ്ങളാണ് ബിലാലിനായി കാത്തിരിക്കുന്നത്. ഉറപ്പായും ആ ചിത്രം ചെയ്യണം. ആ ഒരു കടമ മമ്മൂക്കയ്ക്ക് ഉണ്ട്', എന്നായിരുന്നു ബാലയുടെ വാക്കുകൾ.

മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിലും ബാല പ്രതികരിച്ചു. അദ്ദേഹം ഒരു ലെജൻഡാണ്, എക്സ്ട്രാ ഓർഡിനറി ആക്ടറാണ്. തമിഴകത്ത് ആർക്കും തകർക്കാൻ കഴിയാത്ത റെക്കോർഡുള്ള മലയാളത്തിലെ സൂപ്പർസ്റ്റാറാണ് അദ്ദേഹം. വളരെ കുറച്ചു സിനിമകളെ അവിടെ ചെയ്തിട്ടുള്ളുവെങ്കിലും അതെല്ലാം ഹിറ്റാണ്. ഒരു സിനിമ മാത്രമാണ് നൂറ് ദിവസം ഓടാതിരുന്നത്. മലയാളത്തിൽ നിന്നുള്ള ഒരു നടനും തമിഴിൽ അങ്ങനെ ഒരു റെക്കോർഡില്ല. അങ്ങനെ ഒരാൾക്ക് അവാർഡ് കിട്ടിയില്ലെങ്കിൽ അത്ഭുതമുള്ളൂ എന്നാണ് ബാല പറഞ്ഞത്.
സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ചും ബാല സംസാരിച്ചു. സിനിമയിൽ ഒരുപാട് കാര്യങ്ങൾ തനിക്ക് മിസ് ആയി. ഇനി വേണ്ടത് ഒരു നല്ല തിരിച്ചുവരവാണ്. അങ്ങനെ വരുന്നുണ്ടെങ്കിൽ അത് വേറെയൊരു തലത്തിൽ വരുന്ന സിനിമയാകണം. അങ്ങനെ ഒരു കഥയുമായി ഒരു സംവിധായകൻ വന്നാൽ മാത്രമേ താൻ ചെയ്യുകയുള്ളൂ. അത് വരെ കാത്തിരിക്കുമെന്നും ബാല വ്യക്തമാക്കി.


Click it and Unblock the Notifications