സംവിധാനവും അഭിനയവുമല്ല, ഇനിയുള്ള ആഗ്രഹം അതാണ്; മോശം സിനിമ ചെയ്യുന്നവൻ ഇക്കാലത്ത് പേടിക്കണം: ധ്യാൻ പറയുന്നു
സിനിമയ്ക്ക് പുറത്ത് താൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനിയാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസനും പിന്നാലെ സിനിമയിലേക്ക് എത്തിയ ധ്യാൻ അവരെ പോലെ തന്നെ നടനായും സംവിധായകനായും തിരക്കഥാകൃത്തയുമെല്ലാം തിളങ്ങി നിൽക്കുകയാണ്. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ ആരാധകർക്ക് പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ.
താരപുത്രനാണെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റവും സ്വതസിദ്ധമായ ശൈലിയിലെ സംസാരവും ഇടപെടലുമൊക്കെയാണ് ധ്യാനിനെ ആരാധകർക്ക് പ്രിയങ്കരനാക്കുന്നത്. ധ്യാനിന്റെ അഭിമുഖങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, നടന്റെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധനേടുകയാണ്.
അഭിനയത്തിനും സംവിധാനത്തിനുമൊക്കെ പുറമെ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാൻ. തന്റെ പുതിയ സിനിമയായ ഖാലി പേഴ്സിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സ്റ്റാൻഡ് അപ് കോമഡി ചെയ്യാൻ ആഗ്രഹമുണ്ടെന്നാണ് ധ്യാൻ പറഞ്ഞത്. വിശദമായി വായിക്കാം.

'ഞാൻ സ്റ്റാൻഡ് അപ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കിടയിലൊക്കെ ഞാൻ സ്റ്റാൻഡ് അപ് ചെയ്യുന്ന ആളാണ്. സ്റ്റാൻഡ് അപ് ചെയ്യുന്ന അബീഷ്, കെനി ഇവരുടെയൊക്കെ ഷോകൾ ഞാൻ കാണാറുണ്ട്. അവരൊക്കെ ഇംഗ്ളീഷിൽ ആണ് ചെയ്യാറുള്ളത്. ഈ ഇംഗ്ലീഷ് വെച്ച് അവരെങ്ങനെ ചിരിപ്പിക്കുന്നു എന്ന് കരുതിയിട്ടുണ്ട്. അതിലും വലിയ കോമഡിയാണ് നമ്മൾ പറയാറുള്ളത്,'
'പക്ഷെ ആളുകൾക്ക് അത്രയും മതി. അവരൊക്കെ ചിരിക്കാനും തയ്യാറായിട്ടാണ് ഇരിക്കുന്നത്. രമേശേട്ടനൊക്കെ ഉഗ്രനായിട്ട് സ്റ്റാൻഡ് അപ് ചെയ്യുന്ന ആളാണ്. അവരൊക്കെ ചെയ്യുന്ന കണ്ടിട്ട് ആഗ്രഹം തോന്നിയതാണ്. ഇരിക്കുന്ന സദസിൽ ആളുകളെ ചിരിപ്പിക്കുക എന്ന പരിപാടിയൊക്കെ എനിക്ക് പണ്ടും ഉണ്ടായിരുന്നു,'
'അപ്പോൾ കുറെ പേർ എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങൾക്ക് സ്റ്റാൻഡ് അപ് ചെയ്തൂടേയെന്ന്. അങ്ങനെ എന്റെ മനസ്സിൽ അങ്ങനെ ഒരു ആഗ്രഹമുണ്ട്. ചെയ്യുമ്പോൾ പ്രൊഫഷണലായിട്ട് ഷോ ചെയ്യുന്ന പോലെ ചെയ്യണം. ഓരോ ടോപിക്കിനെ അനുസരിച്ച് പത്ത് ഇരുപത് മിനിറ്റ് സംസാരിക്കുക എന്നതാണ്. ആളുകൾക്ക് പെട്ടെന്നു റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആവും,'
'ഓരോ സ്ഥലത്ത് പോകുമ്പോഴും അവിടത്തെ സാഹചര്യത്തിന് അനുസരിച്ച കഥകൾ ആണ് അവതരിപ്പിക്കുക. നമ്മുടെ കഥകൾ മാത്രം പറഞ്ഞത് കൊണ്ട് കാര്യമില്ല. ഞാൻ അങ്ങനത്തെ കുറെ ഷോകൾ കണ്ടിട്ടുള്ളത് കൊണ്ട് അറിയാം. അതിനൊരു പാറ്റേൺ ഉണ്ട്. അതിന് നമ്മൾ തന്നെ കൃത്യമായിട്ട് ഇരുന്ന് വർക്ക് ചെയ്യണം. വെറുതെ ഇരുന്ന് കഥപറയും പോലെ നമ്മുക്ക് ഷോ ചെയ്യാൻ പറ്റില്ല. എനിക്ക് ആഗ്രഹമുണ്ട് എവിടെയെങ്കിലും ഒരു ചെറിയ പരിപാടി ചെയ്യണമെന്ന്,' ധ്യാൻ പറഞ്ഞു.
സിനിമകളുടെ റിവ്യൂ സംബന്ധിച്ച വിവാദങ്ങളിലും ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു. 'എന്ത് റിവ്യൂ വന്നാലും ഒരു നല്ല സിനിമയെ തകർക്കാൻ പറ്റില്ല. എത്ര നല്ല റിവ്യൂ വന്നാലും മോശം സിനിമയാണെങ്കിൽ അത് പൊട്ടിപ്പോകും. വിവരമുള്ള ആളുകൾ ഒരുപാട് ഉണ്ട്. ഈ റിവ്യൂ എഴുതുന്നവർ മാത്രമല്ലല്ലോ.അതല്ലാതെ ജാനുവിനായി റിവ്യൂ ചെയ്യുന്ന എത്ര ആളുകൾ ഉണ്ട്,'

'വൈരാഗ്യം കൊണ്ടും ദേഷ്യം കൊണ്ടൊക്കെ റിവ്യൂ കൊടുക്കുന്ന ആളുകൾ ഉണ്ടോ. ഇനി ഇപ്പോൾ ആരെങ്കിലും അങ്ങനെ ചെയ്‌തെന്ന് വെച്ച് നല്ല സിനിമ ഓടാതിരിക്കാനൊന്നും പോകുന്നില്ല. മലയാളികൾ അത്ര പൊട്ടന്മാർ ഒന്നുമല്ല. ഈ റിവ്യൂ ഒക്കെ പണ്ടും ഉണ്ടായിരുന്നു. ഇപ്പോൾ ഓൺലൈൻ മീഡിയയിലൂടെ ഒക്കെ ഓരോരുത്തർ അവരുടെ അഭിപ്രായം പറയുന്നു എന്ന് മാത്രം. നമുക്ക് അവരെ വിളിച്ച് അഭിപ്രായം പറയണ്ടെന്ന് പറയാൻ പറ്റുമോ,'
'അവർക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്, അങ്ങനെ ഒരാളുടെ അഭിപ്രായം കൊണ്ട് നല്ലൊരു സിനിമ പൊട്ടി പോവുകയുമില്ല. സിനിമ നല്ലതാണെങ്കിൽ ആരും പേടിക്കണ്ട കാര്യമില്ല. മോശം സിനിമ ചെയ്യുന്നവൻ ഇക്കാലത്ത് പേടിക്കണം', ധ്യാൻ പറഞ്ഞു.


Click it and Unblock the Notifications