എന്റെ ഒമ്പതാം വയസ്സുമുതൽ അച്ഛനും അമ്മയും മിണ്ടാറില്ല; അവർ പിരിഞ്ഞത് ആർക്കുമറിയില്ല, അമ്മ ഒരുപാട് കഷ്ടപ്പെട്ടു!
ഒരുകാലത്ത് തമിഴ് സിനിമാ ലോകം അടക്കി വാണിരുന്ന നായകനാണ് കാർത്തിക്. റൊമാൻറിക് ഹീറോ ആയിട്ടാണ് കാർത്തിക് തിളങ്ങിയത്. അഭിനയം കൊണ്ട് വിസ്മയിപ്പിച്ചു കൊണ്ടിരുന്ന നടന് തമിഴ് പ്രേക്ഷകർ നൽകിയ പേര് നവരസ നായകൻ എന്നായിരുന്നു. രജനികാന്തും കമൽ ഹാസനും കഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ കാര്‍ത്തിക് ആണെന്നും തമിഴ് പ്രേക്ഷകർ വിധി എഴുതിയിരുന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. ഒരുഘട്ടം കഴിഞ്ഞപ്പോൾ ഗോസിപ്പുകളും വിവാദങ്ങളും നിറഞ്ഞതായി നടന്റെ ജീവിതം. അത് കരിയറിനെയും ബാധിച്ചു.
തമിഴിലെ അനശ്വര നടൻ ആര്‍ മുത്തുരാമന്റെ നാല് മക്കളിൽ ഒരാളാണ് കാർത്തിക്. അതുകൊണ്ട് തന്നെ നടന്റെ കുടുംബ പശ്ചാത്തലം എക്കാലത്തും ചർച്ചയായിരുന്നു. നടി രാഗിണിയെയാണ് കാര്‍ത്തിക് ആദ്യം വിവാഹം ചെയ്തത്. 1988 ലായിരുന്നു ഈ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ നാല് വർഷത്തിന് അപ്പുറം 1992ൽ, രാഗിണിയുടെ സഹോദരിയായ രതിയെയും കാർത്തിക് വിവാഹം ചെയ്തു. ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാമതും വിവാഹം ചെയ്തതെന്നാണ് കാർത്തിക് പറഞ്ഞത്. എന്നത് ഇതുമായി ബന്ധപ്പെട്ട് വന്ന ഗോസിപ്പുകളാണ് നടന്റെ കരിയറിനെ ബാധിച്ചത്.

ഇതോടെ ഏറെക്കാലം കാർത്തിക് സിനിമയിൽ നിന്ന് മാറി നിന്നു. അതിനിടയിലാണ് മൂത്ത മകൻ ഗൗതം കാർത്തിക് മണിരത്നത്തിൻറെ കടൽ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തുന്നത്. സഹതാര വേഷങ്ങളിലൂടെ കടന്നുവന്ന ഗൗതമിന്ന് തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്. ക്രിമിനൽ എന്ന ചിത്രത്തിലാണ് ഗൗതം ഇപ്പോൾ അഭിനയിക്കുന്നത്.
അതിനിടെ ഈയ്യടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഗൗതം തന്റെ കുട്ടിക്കാലത്തെ കുറിച്ചും കുടുംബത്തെക്കുറിച്ചും പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. കാർത്തിക്കിന്റെ ആദ്യ ഭാര്യ രാഗിണിയിൽ ജനിച്ച മകനാണ് ഗൗതം. തൻറെ അച്ഛനും അമ്മയും വേർപിരിഞ്ഞിട്ട് വർഷങ്ങളായെന്നും, പക്ഷേ അക്കാര്യം ആർക്കും അറിയില്ലെന്നും ഗൗതം തുറന്നു പറഞ്ഞു. തനിക്ക് ഒൻപതു വയസ്സുള്ളപ്പോൾ മുതൽ അവർ പരസ്പരം മിണ്ടുന്നുണ്ടായിരുന്നില്ലെന്നും ഗൗതം പറയുന്നു.
ഞാനും സഹോദരനും അമ്മയ്ക്കൊപ്പമാണ് വളർന്നത്. അച്ഛൻ ചെന്നൈയിലായിരുന്നു. സിനിമാ തിരക്കുകൾക്കിടയിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അച്ഛൻ വിളിക്കാറുണ്ടായിരുന്നത്. എപ്പോഴെങ്കിലും വന്ന് കാണും. അദ്ദേഹത്തിന് അതിനേ സാധിക്കുമായിരുന്നുള്ളൂ. വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളർത്തിയത്. അച്ഛന്റെയും അമ്മയുടെയും വേർപിരിയൽ എന്നെ ബാധിച്ചിരുന്നു. പിന്നെ സുഹൃത്തുക്കളും കസിൻസുമൊക്കെയായിരുന്നു ആകെയുണ്ടായിരുന്ന ആശ്വാസം.

പരിപാടികൾക്ക് ഒക്കെ സ്റ്റേജിൽ കയറുമ്പോൾ അച്ഛൻ വരില്ലെന്ന് അറിയാമെങ്കിലും, വെറുതേ എന്റെ കണ്ണുകൾ അദ്ദേഹത്തെ തിരയുമായിരുന്നു. പിന്നെ അമ്മയെങ്കിലും വന്നല്ലോ എന്നോർത്ത് സമാധാനിക്കും. വേദനകളും വിഷമങ്ങളും എല്ലാവർക്കുമുണ്ട്. ഉയർച്ച താഴ്ചകളിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നത്. അപ്പോഴെല്ലാം ഒന്നുമാത്രം ചിന്തിച്ചാൽ മതി, എല്ലാം താത്കാലികമാണെന്ന്. ഈ സമയവും കടന്നുപോകും, ഗൗതം കാർത്തിക് പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മഞ്ജിമയെയാണ് ഗൗതം വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു വിവാഹം. ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെടൽ അനുഭവിച്ച ആളാണ് താനെന്നും മഞ്ജിമ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ആ ഒറ്റപ്പെടൽ മാറിയതെന്നും ഗൗതം അഭിമുഖത്തിൽ പറഞ്ഞു. ജീവിതത്തിൽ എന്തെങ്കിലും വിഷമങ്ങൾ ഉണ്ടാകുമ്പോൾ എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്‌ഡ് ആവുകയാണ് വേണ്ടത്. അപ്പോൾ ആ വേദനകളെല്ലാം മറക്കാൻ സാധിക്കുമെന്നും ഗൗതം കാർത്തിക് പറഞ്ഞു.


Click it and Unblock the Notifications











