സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് രാഘവൻ. പതിറ്റാണ്ടുകളായി അഭിനയ രംഗത്ത് സജീവമാണ് നടൻ. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അറിയാത്ത പ്രേക്ഷകർ വിരളമായിരിക്കും. അന്തരിച്ച നടൻ ജിഷ്ണുവിന്റെ അച്ഛൻ കൂടിയാണ് അദ്ദേഹം.
1968 ലാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുന്നത്. അവിടെ നിന്നിങ്ങോട്ട് നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം എന്നാൽ 90 കളുടെ അവസാനത്തോടെ അദ്ദേഹം പതിയെ സിനിമകളിൽ അത്ര സജീവമല്ലാതെയായി.

പിന്നീടാണ് ടെലിവിഷൻ പരമ്പരകളിലേക്ക് ചുവടുമാറ്റുന്നത്. 2001 മുതൽ ഇന്ന് വരെ ഏകദേശം 25 ൽ അധികം പരമ്പരകളിലാണ് അദ്ദേഹം അഭിനയിച്ചത് ഇടയ്ക്ക് സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്.
അതേസമയം, സിനിമയിലെ രണ്ടു മൂന്ന് തലമുറകൾ കണ്ട നടനാണ് അദ്ദേഹം. ഇപ്പോഴിതാ, മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വിജയത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേം നസീറിനെയും സത്യനെയും പോലെയുള്ള താരങ്ങൾ അല്ല ഇരുവരുമെന്നാണ് അദ്ദേഹം പറയുന്നത്.
'സത്യം പറഞ്ഞാൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ അത്ഭുതമാണ്. പ്രത്യേകിച്ച് മമ്മൂട്ടി, മമ്മൂട്ടി അതിനു മുൻപ് വന്നതല്ലേ. ഇവരൊക്കെ മഹാത്ഭുതമാണ്. ഇത്രയും കാലമായിട്ടും അവരൊക്കെ അങ്ങനെ തന്നെ നിൽക്കുന്നുണ്ട്. വളരെ സ്ട്രോങ്ങായിട്ട്. അത് ഞാൻ അത്ഭുതത്തോടെ നോക്കുന്നതാണ്. പ്രേം നസീർ, മധു, സത്യൻ ഇവരെ പോലെ ഒന്നുമല്ല,'
'രണ്ടുപേരും സ്ട്രോങ്ങ് സിനിമകൾ ചെയ്യാൻ ഇപ്പോഴും ഒരുക്കമാണ്. ഇതിനു മുൻപ് ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. പണ്ട് തമിഴിൽ ശിവാജിയും എംജിആറും ഇവിടെ സത്യനും നസീറും ഒക്കെ ഉണ്ടായിരുന്നത് പോലെയാണ്. പക്ഷെ ഇവരൊന്നും ഇത്രയും കാലം ഇതുപോലെ നിന്നിട്ടില്ല എന്നതാണ് സത്യം. ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് നിൽക്കാൻ അവർക്കൊന്നും കഴിഞ്ഞിട്ടില്ല. സത്യമാണത്,'
'ഇവരെയൊന്നും മറ്റാരുമായി ഉപമിക്കാൻ പറ്റില്ല. ഇവരെല്ലാം അവരായി തന്നെ ഇരിക്കുന്നവരാണ്. അവരെല്ലാം അവരായിട്ടേ ഇരിക്കൂ. സത്യൻ സത്യനായിട്ടും നസീർ നസീറായിട്ടും ഇരിക്കും. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും യുഗമാണ് ഇപ്പോൾ. അവർ ചെയ്യുന്ന വേഷങ്ങളിലെ വ്യത്യസ്തതയാണ് അതിന് പ്രധാന കാരണം. സംശയിക്കാനില്ല,'
'ഇനി വരുന്ന താരങ്ങൾ ഇങ്ങനെ തുടരുമോ എന്നും നമ്മുക്ക് അറിയില്ല. മഹാത്ഭുതമാണ്. ഇവർ ചേർന്ന് തന്നെ എത്രയോ പടങ്ങളിൽ അഭിനയിച്ചു. അതിൽ പലതും സൂപ്പർഹിറ്റുകളായി. അവർക്ക് രണ്ടുപേർക്കും ഇപ്പോൾ പിടിച്ചാൽ കിട്ടാത്തത് പോലത്തെ വളർച്ചയാണ്,'

'ഞാൻ മമ്മൂട്ടിയും മോഹൻലാലുമായി വളരെ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. പുതിയ ആളുകളുമായൊക്കെ സിനിമ ചെയ്യണമെന്നുണ്ട്. പക്ഷെ ആര് വിളിക്കുന്നില്ലല്ലോ. എന്റെ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രം ഉണ്ടെങ്കിൽ അല്ലേ വിളിക്കാൻ പറ്റൂ. അങ്ങനെയുള്ള കഥാപാത്രം വരുമ്പോൾ വിളിക്കുമായിരിക്കും,'
'പത്തൊമ്പതാം നൂറ്റാണ്ടിൽ ഞാൻ ചെയ്താൽ നന്നാകുമെന്ന് പറഞ്ഞ് വിനയൻ വിളിക്കുകയായിരുന്നു. ചിലപ്പോൾ എനിക്ക് നല്ല വേഷം തരണമല്ലോ എന്ന് കരുതി പലരും വിളിക്കാത്ത ആകും. എന്തെങ്കിലും പ്രാധാന്യമുള്ള വേഷം വന്നാലല്ലേ വിളിക്കാൻ പറ്റൂ. ജയസൂര്യയോടൊപ്പം ഒക്കെ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പണ്ടത്തേക്കാൾ എളുപ്പമാണ്. പഴയത് പോലൊരു ഭയം ഇപ്പോഴില്ല,'
'ഡബ്ബിങ് വരെ വളരെ എളുപ്പമായി. പണ്ട് അതൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. പണ്ട് ഫിലിം ലൂപ്പാണ്. അത് കറങ്ങുമ്പോൾ പറയണം. മിസ് ആയാൽ പിന്നീട് കറങ്ങി വരുന്നത് വരെ കാത്തിരിക്കണം. ഇപ്പോൾ വളരെ ലളിതമാണ്. നമ്മൾ ഷൂട്ടിൽ പറഞ്ഞത് അതുപോലെ അങ്ങ് പറഞ്ഞാൽ മതി. ലിപ് ഒന്നും നോക്കണ്ട. ഇപ്പോൾ എനിക്ക് കൂടുതൽ എളുപ്പമാണ്. നമ്മളെ വിളിച്ചാൽ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നൊരു ആശങ്ക പുതിയ ആളുകൾക്ക് ഉണ്ടാവാം. അതുമാവാം വിളിക്കാതിരിക്കാൻ കാരണം,' രാഘവൻ പറഞ്ഞു.


Click it and Unblock the Notifications











