അച്ഛനും അമ്മയും കാണുമല്ലോ എന്നതായിരുന്നു ആശങ്ക! മറ്റെല്ലാം ആസ്വദിച്ചിരുന്നു; തുടക്കകാലത്തെ കുറിച്ച് റഹ്മാൻ!
കൂടെവിടെ എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ നടനാണ് റഹ്മാൻ. 80കളിൽ മലയാളത്തിന്റെ സ്വന്തം റൊമാന്റിക് ഹീറോയായി തിളങ്ങി നിന്ന നടൻ സിനിമയിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. കരിയറിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായെങ്കിലും ഇപ്പോഴും സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് റഹ്മാൻ. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന റഹ്മാന് ഇന്നും നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ തമിഴിലെയും തെലുങ്കിലെയുമെല്ലാം ശക്തമായ സാന്നിധ്യമാണ് നടൻ.
ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെയാണ് വീണ്ടും സിനിമയിൽ സജീവമായിരിക്കുന്നത്. വില്ലനായും സഹനടനയുമെല്ലാം റഹ്മാൻ തിളങ്ങി നിൽക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലാണ് നടൻ അവസമായി അഭിനയിച്ചത്. സമാരയാണ് റഹ്മാന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടൻ. അതിനിടെ മാതൃഭുമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ തന്റെ പഴയകാല ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് റഹ്‌മാൻ.

അന്നും ഇന്നും തനിക്ക് ലഭിക്കുന്ന ആരാധക സ്നേഹത്തെ കുറിച്ചും തന്റെ സ്റ്റൈലിനെ കുറിച്ചുമൊക്കെയാണ് റഹ്മാൻ സംസാരിക്കുന്നത്. ചെറുപ്പമായതിനാൽ തന്നെ അന്നത്തെ ആരാധികമാരുടെ ശല്യമൊക്കെ താൻ ആസ്വദിച്ചിരുന്നു എന്ന് റഹ്മാൻ പറയുന്നു. ആരാധകർ വളഞ്ഞത് കാരണം ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്ന അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്നും റഹ്മാൻ ഓർത്തു.
'അന്ന് ആരാധികമാരൊക്കെ ഉണ്ടായിരുന്നു. ഞാനും ചെറുപ്പമല്ലേ, കൗമാരകാലം. ആ പ്രായത്തിനനുസരിച്ച് തന്നെയാണ് അതൊക്കെ ആസ്വദിച്ചിരുന്നത്. ഇപ്പോഴത്തെ കാര്യം ഭയങ്കര രസമാണ്. എയര്‍പോര്‍ട്ടിലൊക്കെ പോകുമ്പോള്‍ ചെറിയ പെണ്‍കുട്ടികളൊക്കെ ഓടി വരും. ചേട്ടാ എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടമാണ് എന്നേക്കാളും ഇഷ്ടം എന്റെ അമ്മയ്ക്കാണ്, അമ്മ ചേട്ടന്റെ ഭയങ്കര ഫാനാണ് എന്നൊക്കെ പറയും. അതൊക്കെ രസകരമായ കാര്യമാണ്',
'അന്ന് ചെയ്ത കഥാപാത്രങ്ങളെല്ലാം ഈ റൊമാന്‍സ് മെയിന്‍ ആയിട്ടുള്ളതാണല്ലോ. നായികയെ വളയ്ക്കുന്നു, ബൈക്കില്‍ കയറ്റി കൊണ്ട് പോകുന്നു, പ്രണയഗാനങ്ങള്‍ പാടി അഭിനയിക്കുന്നു.. അങ്ങനെയങ്ങനെ. അന്ന് ലൊക്കേഷനിലൊക്കെ ഈ ആരാധകര്‍ വളഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. സെന്റ് തെരേസാസ് കോളേജില്‍ എന്റെ സിനിമയുടെ ഷൂട്ട് ബാന്‍ ചെയ്ത സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ ക്ലാസ് കട്ട് ചെയ്ത് ഷൂട്ട് കാണാന്‍ വന്നിട്ടും, ആള്‍ക്കൂട്ടം കൂടിയിട്ടും ആകെ ബഹളമായിട്ടും മറ്റും ഷൂട്ട് വിലക്കേണ്ട സാഹചര്യം വന്നു', റഹ്മാൻ പറയുന്നു.
ഇതിന്റെയൊക്കെ ഭാഗമായി ധാരാളം ഗോസിപ്പുകളും ഉണ്ടായിട്ടുണ്ട്. അതിനെ അത്ര കാര്യമായി എടുത്തിട്ടില്ല. എന്റെ അച്ഛനും അമ്മയുമൊക്കെ അത് കാണുമല്ലോ എന്നായിരുന്നു എന്റെ ആശങ്ക. അവരും അതൊന്നും സീരിയസായി എടുത്തില്ല. പതിയെ പതിയെ ഗോസിപ്പുകളും കെട്ടടങ്ങി. എങ്കിലും ആ കാലഘട്ടം വളരെയധികം ആസ്വദിച്ചിരുന്നെന്ന് റഹ്മാൻ പറയുന്നു. യുവാക്കൾക്കിടയിൽ ആഘോഷമായി മാറിയ 'റഹ്‌മാൻ സ്റ്റൈലി'നെ കുറിച്ചും നടൻ സംസാരിച്ചു.

ഞാനെങ്ങനെ ആയിരുന്നോ അങ്ങനെയായിരുന്നു എന്റെ സിനിമകളിലും. എന്റെ കഥാപാത്രങ്ങളും വേഷങ്ങളുമെല്ലാം അങ്ങനെ തന്നെ. വളരെ ഈസി-ഗോ, ഫണ്‍ ലവിങ്ങ് വ്യക്തിയായിരുന്നു. സ്റ്റൈലിന്റെ കാര്യം പറയുകയാണെങ്കില്‍ മിക്ക സിനിമയിലും എന്റെ സ്വന്തം കോസ്റ്റ്യൂം തന്നെയായിരുന്നു. അല്ലാതെ എനിക്ക് വേണ്ടി പ്രത്യേകം ചെയ്‌തെടുത്ത സ്റ്റൈല്‍ ഒന്നുമല്ല. സിനിമയിലെ കോസ്റ്റ്യൂം എനിക്ക് ഇഷ്ടപ്പെടാറില്ല. ഞാനെന്റെ അച്ഛനെയും അമ്മയെയും കാണാന്‍ ഇടക്കിടെ ദുബായില്‍ പോകുമ്പോഴാണ് എന്റെ ഷോപ്പിങ്ങെല്ലാം. അതെല്ലാം എങ്ങനെയോ തന്റെ സ്റ്റൈലായി മരുകയായിരുന്നുവെന്നും റഹ്മാൻ പറഞ്ഞു.
ഇന്നും ചെറുപ്പം നിലനിർത്തി പോകുന്നതിതിന്റെ സീക്രട്ട് എന്താണെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ഒന്നും തന്നെയില്ലെന്നായിരുന്നു റഹ്‌മാന്റെ മറുപടി. 'നല്ല ഭക്ഷണശീലം വളര്‍ത്തിയെടുത്തിട്ടുണ്ട്. ചിട്ടയായ വ്യായാമം. പിന്നെ നല്ല കൂട്ടുകെട്ട്, ദുശീലങ്ങളൊന്നുമില്ല. അതൊക്കെ തന്നെയാക്കും ചെറുപ്പത്തിന്റെ രഹസ്യം', റഹ്മാൻ പറഞ്ഞു.


Click it and Unblock the Notifications











