നാല് തവണ വിവാഹം! ആഗ്രഹത്തിന്റെ പുറത്ത് ചെയ്തതെന്ന് വിനോദ് കോവൂർ; വധഭീഷണി വന്നതിനെ കുറിച്ചും നടൻ
എം80 മൂസയിലെ മൂസാക്കയായും മറിമായത്തിലെ മൊയ്ദുവായും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് വിനോദ് കോവൂർ. നാടകത്തിലൂടെയാണ് നടൻ അഭിനയത്തിലേക്ക് എത്തുന്നത്. എം80 മൂസയിലൂടെ ആയിരുന്നു മിനിസ്ക്രീനിലേക്കുള്ള അരങ്ങേറ്റം. മലബാർ ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന വിനോദിനെ മൂസയായി പ്രേക്ഷകർ ഏറ്റെടുത്തു. പിന്നാലെ മറിമായത്തിലൂടെ നടന്റെ ജനപ്രീതി വർധിച്ചു.
കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായ വിനോദ് കോവൂര്‍ ഇന്ന് സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ്. ഇതുവരെ ഏകദേശം പതിനഞ്ചിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളിൽ ഫേസ്ബുക്കിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് നടന്റെ ഓഫ് സ്ക്രീൻ ജീവിതവും പ്രേക്ഷകർക്ക് അറിയുന്നതാണ്.

ഭാര്യയെ നാല് തവണ വിവാഹം കഴിച്ചയാളാണ് വിനോദ് കോവൂർ. ഒരിക്കൽ ഒരു അഭിമുഖത്തിലാണ് വിനോദ് കോവൂർ ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ നാല് തവണ വിവാഹം കഴിച്ചതിന് പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് വിനോദ് കോവൂർ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ നാല് തവണ കെട്ടി. അതൊക്കെ മനസ്സിൽ അപ്പോൾ തോന്നുന്ന ഒരിഷ്ടമാണ്. വലിയ പ്രയാസമൊന്നും ഉള്ള കാര്യമല്ലല്ലോ. ഇത് ചിലപ്പോൾ പി.എസ്.സി പരീക്ഷയ്ക്കൊക്കെ ചോദ്യമായി വന്നേക്കുമെന്ന് ഒരിക്കൽ ജഗദീഷ് പറഞ്ഞിട്ടുണ്ട്. സ്വന്തം ഭാര്യയെ നാല് തവണ കെട്ടിയ കലാകാരൻ ആരാണെന്ന് ഒക്കെ ചോദ്യം വരും. ഒരു ആഗ്രഹത്തിന്റെ പുറത്തു നടന്നതാണ്',
'ആദ്യത്തെ കല്യാണം ഞാൻ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല. കാർന്നോന്മാർ എല്ലാവരും കൂടി നടത്തിയ കല്യാണമായിരുന്നു. നമുക്ക് ഒന്നും പറയാൻ കഴിയില്ലായിരുന്നു. എനിക്ക് ഗുരുവായൂർ അമ്പലത്തിൽ വെച്ച് കല്യാണം കഴിക്കണം എന്നായിരുന്നു ആഗ്രഹം. അത് നടന്നില്ല. ഈ ഒരു കല്യാണമേ കഴിക്കാൻ സാധിക്കൂ എന്നാണ് ഞാൻ കരുതിയത്. പിന്നീട് ഒരു സ്വാമിജിയാണ് എന്നോട് പറഞ്ഞത്, അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ ഗുരുവായൂർ പോയി വിവാഹം കഴിച്ചോളൂ എന്ന്',
'അതിന് സാധിക്കുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ ആയിരം രൂപ കെട്ടിയാൽ ആർക്കും വിവാഹം കഴിക്കാം രണ്ടു സാക്ഷികൾ വേണമെന്നേ ഉള്ളൂ എന്ന് പറഞ്ഞു. അടുത്ത വെഡിങ് ആനിവേഴ്സറിക്ക് തന്നെ ഗുരുവായൂർ പോയി ഞാൻ വിവാഹം കഴിച്ചു. പിന്നീട് രാമേശ്വരത്ത് പോയപ്പോൾ ഇതുപോലെ വിവാഹം കഴിച്ചു. പിന്നീട് മൂകാംബികയിൽ വെച്ചാണ് വീണ്ടും വിവാഹം കഴിക്കുന്നത്', വിനോദ് കോവൂർ പറഞ്ഞു. അഞ്ചാമത് കൂടി വിവാഹം കഴിക്കാൻ പ്ലാനുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ എന്തെങ്കിലും സാഹചര്യം ഒത്തുവന്നാൽ ആകാമെന്നായിരുന്നു നടന്റെ മറുപടി.

സർക്കാരിനെ വിമർശിക്കുന്ന രീതിയിലുള്ള ഒരു കഥാപാത്രം ചെയ്തതിന് വധഭീഷണി വന്ന അനുഭവവും വിനോദ് കോവൂർ പങ്കുവച്ചു. 'എനിക്ക് ഭീഷണികളൊക്കെ വന്നിട്ടുണ്ട്. കൊല്ലുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. ഒരു തവണ സാരക്കാരിനെതിരെ പറയുന്ന ഒരു വേഷം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ ഒക്കെ പരാമർശിക്കുന്ന ഒന്നായിരുന്നു. അത് ചെയ്യുമ്പോഴേ പ്രശ്നമാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നമ്മൾ സത്യമാണ് പറയുന്നത്, അതുകൊണ്ട് കുഴപ്പമില്ല എന്ന ചിന്തയായിരുന്നു',
'പ്രതീക്ഷിച്ചത് പോലെ എപ്പിസോഡ് വന്ന് അടുത്ത ദിവസം തന്നെ കണ്ണൂരിൽ നിന്നൊക്കെ വിളികൾ വന്നു. കയ്യും കാലും തല്ലിയൊടിക്കും കൊന്നുകളയും എന്നൊക്കെയായിരുന്നു ഭീഷണി. ഞാൻ പറഞ്ഞു ഞാനൊരു നടൻ മാത്രമാണ്. മനോരമയാണ് എനിക്ക് പൈസ തരുന്നത്. നിങ്ങൾക്ക് അവരെ എന്ത് വേണമെങ്കിലും ചെയ്യാം, വേണമെങ്കിൽ കേസ് കൊടുക്കാം. അല്ലാതെ എന്നെ എന്തെങ്കിലും ചെയ്ത കൊണ്ട് കാര്യമില്ല എന്ന്. ഇതുപോലെ ആശുപത്രികളിൽ നിന്നും വൈദ്യുതി ബോർഡിൽ നിന്നൊക്കെ വന്നിട്ടുണ്ട്. സത്യം വിളിച്ചു പറയുമ്പോൾ ഉള്ള പ്രശ്നമാണ് ', വിനോദ് കോവൂർ പറഞ്ഞു.


Click it and Unblock the Notifications











