ഡ്രസിങ്ങല്ല, അഭിനയം ശരിയായില്ലെന്ന് പറയുമ്പോഴാണ് വേദനിക്കുക; അത് കേട്ടപ്പോൾ ഡൗണായി: അനശ്വര രാജൻ
ബാലതാരമായി കടന്നു വന്ന് വളരെ ചുരുങ്ങിയകാലം കൊണ്ട് നായികയായി മാറിയ നടിയാണ് അനശ്വര രാജന്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ നായിക എന്ന നിലയില്‍ ഒരുപിടി ഹിറ്റുകള്‍ തന്റെ പേരിലാക്കാന്‍ അനശ്വരയ്ക്ക് സാധിച്ചു. മലയാളത്തിലെ യുവനായികമാരിൽ പ്രധാനിയാണ് അനശ്വര ഇന്ന്. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലുമെല്ലാം അനശ്വര അഭിനയിച്ചു കഴിഞ്ഞു.
2017ൽ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ മഞ്‍ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര അഭിനയിച്ചത്. തുടർന്ന് അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയ്ക്ക് കൂടുതൽ ശ്രദ്ധ നേടി കൊടുത്തത്. ചിത്രം സൂപ്പർ ഹിറ്റായതോടെ അനശ്വരയും താരമായി മാറി. പിന്നീട് സൂപ്പർ ശരണ്യ, പ്രണയവിലാസം എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായും അനശ്വര തിളങ്ങി.

നേര് ആണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിൽ പ്രധാന വേഷത്തിലാണ് അനശ്വര അഭിനയിച്ചിരിക്കുന്നത്. നേര് തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അനശ്വരയാണ്. മോഹൻലാൽ, സിദ്ധിഖ്, ജഗദീഷ് തുടങ്ങി മലയാള സിനിമയിലെ മുതിർന്ന താരങ്ങൾക്കൊപ്പം തന്റെ പ്രകടനം കൊണ്ട് കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ അനശ്വരയ്ക്ക് സാധിച്ചുവെന്നാണ് ആരാധകർ പറയുന്നത്.
അനശ്വരയുടെ കരിയർ ബെസ്റ്റാണ് നേരിലെ സാറ എന്ന് സിനിമ കണ്ടവർ പറയുന്നു. മുൻവിധികളെ മാറ്റിയെഴുതുന്ന തരത്തിൽ വളരെ പക്വതയോടുള്ള അഭിനയമാണ് അനശ്വര കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പൊതുവെ വരുന്ന അഭിപ്രായം. നേരത്തെ അഭിനയത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ടിട്ടുള്ള നടിയാണ് അനശ്വര. അതിനൊക്കെയുള്ള മറുപടിയാണ് അനശ്വരയുടെ നേരിൽ പ്രകടണമെന്നാണ് ആരാധകർ പറയുന്നത്.
അതിനിടെ ഇപ്പോഴിതാ അഭിനയത്തെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളൊക്കെ തന്നെ വേദനിപ്പിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനശ്വര. വ്യക്തിപരമായി വരുന്ന മോശം കമന്റുകളെക്കാൾ വേദനിപ്പിക്കുന്നത് അഭിനയത്തെ കുറിച്ചുള്ള കമന്റുകളാണെന്ന് അനശ്വര പറയുന്നു. നേരിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വര മനസുതുറന്നത്.
'എനിക്ക് വ്യക്തിപരമായും സിനിമയുമായി ബന്ധപ്പെട്ടുമെല്ലാം എല്ലാത്തരത്തിലുമുള്ള കമന്റുകളും വരാറുണ്ട്. അഭിനയത്തെ കുറിച്ചടക്കം വന്നുകൊണ്ടിരുന്നതാണ്. എന്നാൽ ഇപ്പോൾ അതൊക്കെ മാറി നല്ല അഭിപ്രായങ്ങൾ വരുന്നതിൽ സന്തോഷമുണ്ട്. എന്നാൽ ആ കമന്റുകളൊക്കെ പലപ്പോഴും ബാധിച്ചിട്ടുണ്ട്,'

'നമ്മൾ എത്ര അവഗണിക്കാൻ നോക്കിയാലും ഒരു ഘട്ടത്തിൽ അത് ബാധിക്കും. വ്യക്തിപരമായി പറയുന്നതിനേക്കാൾ എന്റെ അഭിനയത്തെ കുറിച്ച് മോശം കമന്റുകൾ പറയുമ്പോഴാണ് വേദനിക്കുന്നത്. പേഴ്സണലായി വരുന്ന കമന്റുകൾ, അത് ആറ്റിട്യൂഡിനെ കുറിച്ചായാലും ഡ്രസിങ്ങിനെ കുറിച്ചായാലും അതിനേക്കാൾ അഭിനയം ശരിയല്ലെന്ന് പറയുമ്പോഴാണ് വേദനിക്കുക. അത് കേട്ട സമയത്ത് ഞാൻ തളർന്നുപോയിരുന്നു. എനിക്ക് പറ്റില്ലെന്നുള്ള വിമർശനങ്ങളൊക്കെ എന്നെ ബാധിച്ചിരുന്നു. ഞാൻ ഡൗണായിരുന്നു,' അനശ്വര പറഞ്ഞു.
തണ്ണീർമത്തനിൽ നിന്നും നേരിലേക്ക് എത്തി നിൽക്കുമ്പോൾ വ്യക്തിപരമായി തനിക്കും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് അനശ്വര അഭിമുഖത്തിൽ പറഞ്ഞു. എനിക്ക് ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. തീർത്തും മറ്റൊരു വ്യക്തിയായി എന്ന് തന്നെ പറയാവുന്ന മാറ്റങ്ങളുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. പഠിച്ചു എന്നതിനപ്പുറം ഒരുപാട് കാര്യങ്ങൾ അൺലേൺ ചെയ്തിട്ടുണ്ട്.
ഒരുപാട് കാര്യങ്ങൾ മാറിയിട്ടുണ്ട്. അതിൽ ഒരു കാര്യം എടുത്ത് പറയാനൊക്കെ പറഞ്ഞാൽ ബുദ്ധിമുട്ടായിരിക്കും. ഒരുപാട് നല്ല മാറ്റങ്ങൾ സിനിമയിൽ എത്തിയശേഷം ഉണ്ടായിട്ടുണ്ട്. ഒരുപാട് ആളുകളെ പരിചയപ്പെട്ടു. അതൊക്കെ തന്നെ വളരെ നല്ല കാര്യമായാണ് ഞാൻ കാണുന്നതെന്ന് അനശ്വര വ്യക്തമാക്കി.
സിനിമയിൽ വന്ന ശേഷമാണ് തനിക്ക് വകതിരിവ് ഉണ്ടായതെന്നും നടി പറഞ്ഞു. സിനിമയിൽ വന്നതുകാരണം പ്രൈവസി പോയി സ്വാതന്ത്ര്യം പോയി എന്നൊന്നും തോന്നിയിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ടേ ഉള്ളൂ. ആളുകളുടെ സ്നേഹമൊക്കെ ഇഷ്ടമാണ്. എല്ലാം ഞാൻ ആസ്വദിക്കുന്നുണ്ടെന്നും അനശ്വര പറഞ്ഞു.


Click it and Unblock the Notifications