ഇങ്ങനെ ഫേമസ് ആവേണ്ട കാര്യമുണ്ടോ എന്നായിരുന്നു കമന്റ്; വൈറലായ മുലയൂട്ടൽ ചിത്രത്തിന് പിന്നിൽ!, അഞ്ജലി പറയുന്നു
മലയാളികള്‍ക്ക് സുപരിചിതയാണ് നടി അഞ്ജലി നായര്‍. ദൃശ്യം അടക്കമുള്ള ഹിറ്റ് സിനിമകളുടെ ഭാഗമായ അഞ്ജലി ഇതിനകം തന്റെ പ്രതിഭ തെളിയിച്ചതാണ്. ഏത് തരത്തിലുള്ള വേഷവും തന്നിൽ ഭദ്രമാണെന്ന് അഞ്ജലി തെളിയിച്ചിട്ടുണ്ട്. 2015 ൽ ബെൻ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിയെ തേടി എത്തിയിരുന്നു.
ധാരാളം സിനിമകളിൽ സഹനടി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് അഞ്ജലി. മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് നടി. ഏകദേശം 125 ഓളം സിനിമകളിൽ ഇതിനകം താരം അഭിനയിച്ചിട്ടുണ്ട്.

രണ്ടു വർഷങ്ങൾക്ക് മുൻപാണ് അഞ്ജലി രണ്ടാമതും വിവാഹിതയായത്. പരസ്യ ചിത്ര സംവിധായകനും മലയാളം തമിഴ് സിനിമകളിൽ സഹസംവിധായകനുമായ അജിത് രാജുവിനെയാണ് നടി വിവാഹം ചെയ്തത്. അജിത്തിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. കഴിഞ്ഞ ജൂലൈയിൽ ഇവർക്ക് ആദ്വിക എന്നൊരു മകളും ജനിച്ചിരുന്നു.
മകളുടെ ജനനശേഷം അധികം വൈകാതെ തന്നേ അഞ്ജലി സിനിമയുടെ തിരക്കുകളിലേക്ക് മടങ്ങി. അതിനിടെ ഡബ്ബിങിനിടെ മകളെ മുലയൂട്ടുന്ന അഞ്ജലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഞ്ജലി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രം പങ്കുവച്ചത്. നടിയെ അഭിനന്ദിച്ചു നിരവധി പേർ അന്ന് രംഗത്ത് എത്തിയിരുന്നു ചില നെഗറ്റീവ് കമന്റുകളും ചിത്രത്തിന് ലഭിച്ചിരുന്നു.

ഇപ്പോഴിതാ, അങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് അഞ്ജലി. സ്വാസിക അവതാരകയായ റെഡ് കാർപെറ്റ് എന്ന ഷോയിൽ എത്തിയപ്പോഴാണ് നടി ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞത്.
'വളരെ കാഷ്വൽ ആയിട്ട് ഭർത്താവ് എടുത്തൊരു ചിത്രമാണത്. ഞാൻ തമിഴിൽ നമൻ എന്നൊരു സിനിമയിൽ ജോയിൻ ചെയ്തിട്ടുണ്ടായിരുന്നു. സേതുപതിയുടെ സംവിധായകൻ ആയ അരുൺ ആയിരുന്നു സംവിധാനം. സിദ്ധാർഥ് ആയിരുന്നു നായകൻ. സിനിമ തുടങ്ങി, പൂജയൊക്കെ കഴിഞ്ഞ് ഷൂട്ട് തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഞാൻ ഗർഭിണി ആണെന്ന വിവരം അറിയുന്നത്,'

'എനിക്കപ്പോൾ ഭയങ്കര ടെൻഷൻ ആയിരുന്നു. കാരണം സിനിമയുടെ മുഴുവൻ ക്രുവും ഇത് എങ്ങനെ എടുക്കുമെന്നൊക്കെ ഓർത്ത്. മുഴുവനായും ഞാൻ ആ സിനിമയുടെ ഭാഗമാവേണ്ടതാണ്. ഒരു ഏഴ് എട്ട് മാസം ഷൂട്ടിങ് ഉണ്ട്. ഞാൻ വിചാരിച്ചതിലും നൂറ്റൊന്ന് ശതമാനത്തിന് മുകളിൽ ആയിരുന്നു അവരുടെ അക്സപ്റ്റൻസി. ഭയങ്കര കെയറിങ്, ഭയങ്കര സന്തോഷം,'
'റെസ്റ്റ് എടുക്കൂ, വെള്ളം കുടിക്കൂ, എന്താണ് വേണ്ടത്, നമ്മുക്ക് പയ്യെ തീർത്താൽ മതി. അങ്ങനെ അങ്ങനെ ഓരോന്ന്. സിദ്ധാർഥും അങ്ങനെ ആയിരുന്നു. ആ കഥാപാത്രത്തിന്റെ ഒരു പ്രെഗ്നൻസി ടൈം ഉണ്ടായിരുന്നു. അതും ഞാൻ ഒറിജിനൽ വയർ വെച്ച് ചെയ്തു,'

'അതിന്റെ ഭാഗമായിട്ട് കൊച്ചിയിൽ അതിന്റെ മലയാളം പോർഷൻസ് ഡബ്ബ് ചെയ്യാൻ പോയപ്പോൾ എടുത്ത ഫോട്ടോ ആണത്. ഞാൻ ഉറക്കി കിടത്തിയിട്ടാണ് പോയത്. പക്ഷെ കുറച്ചു സമയം കഴിഞ്ഞപ്പോൾ പ്രതീക്ഷിക്കാതെ അവൾ കരഞ്ഞും കൊണ്ട് എഴുന്നേറ്റ് വന്നു. സ്റ്റുഡിയോയിൽ നമുക്ക് ഒരു ടൈം സ്ലോട്ട് ഉണ്ടല്ലോ,'

'ഞാൻ അപ്പോൾ വാവയെ ഇരുത്തി ഫീഡ് ചെയ്തു. അത് കണ്ടപ്പോൾ അജിയേട്ടൻ പറഞ്ഞു കണ്ടോ ഷൂട്ടിങ് സമയത്തും അവൾക്ക് നിന്നെ വേണമായിരുന്നു. ഇപ്പോൾ ദേ ഡബ്ബിങ് സമയത്തും. ഒട്ടും അനങ്ങാതെ ആൾ ഇരുന്ന് തന്നു. അങ്ങനെ അത് തീർത്തു. അതിന്റെ ഓർമ്മയ്ക്കായാണ് ഫോട്ടോ എടുത്തത്. ചുമ്മ രസത്തിന് ഞാൻ അത് എഫ്ബിയിലോ ഇൻസ്റ്റയിലോ ഇട്ടു,'
'രണ്ടു രീതിയിലും അതിന് കമന്റ് വന്നു. നെഗറ്റീവും പോസിറ്റീവും വന്നു. ഇങ്ങനെ ഒരു ചിത്രം കൊണ്ട് ഫേമസ് ആവേണ്ട കാര്യം നിങ്ങൾക്കുണ്ടോ എന്നായി ചോദ്യം. ഞാൻ ചുമ്മാ പോസ്റ്റ് ചെയ്തതാണ്. എന്നാൽ കൂടുതൽ പേരും നല്ല രീതിയിൽ എടുത്തതിൽ സന്തോഷമുണ്ട്,' അഞ്ജലി നായർ പറഞ്ഞു.


Click it and Unblock the Notifications