സുരേഷേട്ടൻ അന്ന് ചെയ്‌ത സഹായം മറക്കാൻ കഴിയില്ല, ദിലീപേട്ടന്റെ വാക്കുകളും; ദിവ്യ ഉണ്ണി പറയുന്നു!
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നായികയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമകളിൽ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണെങ്കിലും ആരാധകർക്കെല്ലാം ഇപ്പോഴും പ്രിയങ്കരിയാണ് ദിവ്യ. മഞ്ജു വാര്യർ അടക്കമുള്ള നായികമാർ തിരിച്ചുവന്നത് പോലെ തിരിച്ചുവരണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു നായിക കൂടിയാണ് ദിവ്യ ഉണ്ണി. സോഷ്യൽ മീഡിയയിൽ ദിവ്യയോട് പ്രേക്ഷകർ നിരന്തരം ചോദിക്കാറുള്ളതും തിരിച്ചുവരവിനെ കുറിച്ചാണ്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ ദിവ്യ ഉണ്ണിക്ക് സാധിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി അന്നത്തെ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചു തിളങ്ങി നിന്ന് താരം വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്. വിവാഹശേഷം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയ ദിവ്യ അവിടെ ഡാൻസ് സ്‌കൂൾ ആരംഭിച്ചു.

പിന്നീട് വിദേശത്തെ സ്റ്റേജ് ഷോകളിലൊക്കെ ദിവ്യ സാന്നിധ്യമറിയിച്ചിരുന്നെങ്കിലും അഭിനയത്തിലേക്ക് മാത്രം എത്തിയിരുന്നില്ല. ആ വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുന്നത്. രണ്ടാം വിവാഹത്തെ കുറിച്ചും പുതിയ ദാമ്പത്യ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം പിന്നീടിങ്ങോട്ട് ദിവ്യ നിരന്തരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇടയ്ക്ക് അഭിമുഖങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്.
ഇപ്പോഴിതാ ദിവ്യയുടെ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്. തന്റെ പുതിയ വിശേഷങ്ങളും ഒപ്പം ജീവിതത്തിലെ വിഷമകരമായ സമയത്തെ കുറിച്ചും അന്ന് കൂടെ നിന്നവരെ പറ്റിയും ദിവ്യ സംസാരിക്കുന്നുണ്ട്. അന്ന് കൂടെ നിന്നവരെയും അവർ പറഞ്ഞ വാക്കുകളും ഒരിക്കലും മറക്കില്ലെന്ന് ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ ദിവ്യ ഉണ്ണി പറഞ്ഞു.
സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ദിവ്യ ഉണ്ണി സംസാരിച്ചു തുടങ്ങിയത്. ശരിക്കും സ്വന്തം ചേട്ടനെ പോലെയാണ് സുരേഷേട്ടൻ. കുടുംബവുമായും നല്ല ബന്ധമുണ്ട്. സിനിമയിൽ നിന്നും വിട്ടു നിന്ന സമയത്തും ഇപ്പോഴുമെല്ലാം ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമാണെന്നും ദിവ്യ പറഞ്ഞു.
'അച്ഛൻ മരിച്ച സമയത്ത് സുരേഷേട്ടൻ ചെയ്ത സഹായം മറക്കാൻ കഴിയില്ല. കോവിഡ് സമയത്തായിരുന്നു അച്ഛന്റെ മരണം. ഞങ്ങൾ അപ്പോൾ വിദേശത്താണ്. ഏറ്റവും ഇളയ കുഞ്ഞിന് വിസ ഉണ്ടായിരുന്നില്ല. ആ സമയത്ത് സഹായിച്ചത് സുരേഷേട്ടനാണ്. സുഖമില്ല എന്ന് പറഞ്ഞ് ആദ്യം വിളിച്ചപ്പോൾ തന്നെ സുരേഷേട്ടൻ കാര്യങ്ങൾ ഫോളോഅപ് ചെയ്യുന്നുണ്ടായിരുന്നു.

രാധിക ചേച്ചിയും ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. മരണ വിവരം സ്ഥിരീകരിച്ച് മെസേജ് വന്നപ്പോൾ വേണ്ട നടപടികൾ എല്ലാം പൂർത്തിയാക്കി പിറ്റേന്ന് തന്നെ ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തു തന്നു', ദിവ്യ ഉണ്ണി പറഞ്ഞു.
ആ സമയത്ത് ദിലീപേട്ടനൊക്കെ വലിയ ആശ്വാസമായിരുന്നു. കാണാനായി വന്നപ്പോൾ അച്ഛനെ കുറിച്ചുള്ള നല്ല ഓർമകളൊക്കെ അദ്ദേഹം പങ്കുവച്ചു. ആ ഒരു വിഷമഘട്ടത്തിൽ അത് വലിയൊരു ആശ്വാസമായിരുന്നു. ആ സമയത്ത് നമ്മളോട് പറയുന്ന കാര്യങ്ങളൊന്നും മറക്കാൻ കഴിയില്ല, ദിവ്യ പറയുന്നു.
തന്നെ ഇന്ന് ലോകം അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമാക്കിയത് അച്ഛനാണെന്നും ദിവ്യ ഉണ്ണി പറഞ്ഞു. കലോത്സവത്തിൽ എനിക്ക് സമ്മാനം കിട്ടുമ്പോഴെല്ലാം അത് വാർത്തകളാക്കാനും, ഓരോ പരിപാടിയിലും എന്നെ കൊണ്ടു പോകാനും എല്ലാം അച്ഛനായിരുന്നു ഏറ്റവും ഉത്സാഹം കാണിച്ചിരുന്നതെന്നും ദിവ്യ ഉണ്ണി ഓർമിച്ചു.


Click it and Unblock the Notifications