'മംമ്ത എന്നാല്‍ കാന്‍സര്‍ എന്ന തരത്തിലായിരുന്നു ചിലരുടെ സംസാരം; നിറം മാറുന്നത് തുറന്നു പറയാൻ കാരണമത്!'
ശരീരത്തിന്റെ നിറംമാറുന്ന തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്ന് പറയാൻ തീരുമാനമെടുത്ത സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി മംമ്‌ത മോഹൻദാസ്
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. നടി എന്നതിലുപരി നിരവധി സ്ത്രീകൾക്ക് പ്രചോദനമായ താരം കൂടിയാണ് മംമ്ത. രണ്ട് തവണ തന്റെ ഇച്ഛശക്തിയും ആത്മവിശ്വാസവും കൊണ്ട് അർബുദത്തെ അതിജീവിച്ചതാണ് മംമ്ത. വർഷങ്ങൾക്കിപ്പുറം ഓട്ടോ ഇമ്യൂണ്‍ എന്ന ത്വക്ക് രോഗത്തോടും പോരാടി കൊണ്ടിരിക്കുകയാണ് താരം.
അതിനെയും താൻ അതിജീവിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് മംമ്ത ഇപ്പോൾ. അടുത്തിടെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്റെ അസുഖത്തെ കുറിച്ച് മംമ്ത തുറന്ന് പറഞ്ഞത്. ഈയിടെ മംമ്‌തയുടെ പുതിയ ചിത്രമായ മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ മംമ്ത രോഗം തിരിച്ചറിഞ്ഞതിനെ കുറിച്ചും അങ്ങനൊരു പോസ്റ്റ് ഇടാനുണ്ടായ സാഹചര്യത്തെ കുറിച്ചും സംസാരിച്ചിരുന്നു.

22-23 വയസ്സ് മാത്രമുള്ളപ്പോഴാണ് എനിക്ക് കാൻസർ വരുന്നത്. ഞാൻ ഒറ്റ മകളാണ്. വയസ്സ് 23 ആയെങ്കിലും 13 വയസ്സിന്റെ പക്വത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനെ അതിജീവിച്ച് ഞാന്‍ സിനിമയും ജീവിതവും വീണ്ടും ആസ്വദിച്ച് തുടങ്ങുമ്പോഴാണ് രണ്ടാമതും കാന്‍സര്‍ വരുന്നത്. അത് വലിയ ആഘാതമായിരുന്നു. എന്റെ വേദന മാതാപിതാക്കളെയും തളര്‍ത്തുന്നുവെന്നത് അതിനെക്കാള്‍ വലിയ സ്ട്രസ്സ് ആയി. അപ്പോഴാണ് ഞാന്‍ കൂടുതല്‍ സ്‌ട്രോങ്ങാകാന്‍ തുടങ്ങിയത്.
ഒരുപാട് ഞാൻ വേദനിച്ചു. പക്ഷെ അതൊന്നും പുറത്ത് കാണിക്കാന്‍ ഇഷ്ടപ്പെട്ടില്ല. എപ്പോഴും ശക്തയും ധൈര്യശാലിയുമായി നില്‍ക്കാനായിരുന്നു എനിക്കിഷ്ടം. തിരിഞ്ഞു നോക്കുമ്പോള്‍, എന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ കണ്ണില്‍നിന്ന് കണ്ണുനീര്‍ വന്നാലും മുഖത്തൊരു ചിരി വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
ആളുകളുടെ ചോദ്യങ്ങൾ കാരണമാണ് ഞാൻ കാന്‍സറിനെ കുറിച്ച് പറയാന്‍ തയ്യാറായത്. എന്തുകൊണ്ട് മംമ്ത മുടിവെട്ടി, ഇപ്പോള്‍ കാണാന്‍ ഒരും ഭംഗിയുമില്ല, എന്തൊരു കോലമാണ് എന്നൊക്കെ ചോദിക്കുന്നവര്‍ക്കൊന്നും എന്റെ അവസ്ഥ അറിയില്ലായിരുന്നു. ചോദ്യങ്ങൾ നേരിടുന്നതിനേക്കാൾ ഞാൻ തുറന്ന് പറയുന്നതാണ് നല്ലതെന്ന് തോന്നിയപ്പോൾ തുറന്ന് പറയുകയായിരുന്നു.
പക്ഷെ ചിലര്‍ എന്നെ കണ്ടാല്‍ കാന്‍സറിനെ കുറിച്ച് മാത്രം സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. മംമ്ത എന്നാല്‍ കാന്‍സര്‍ എന്ന തരത്തിലാണ് ചിലരുടെ സംസാരം. പലപ്പോഴും സെലിബ്രിറ്റികൾക്ക് പേഴ്‌സണല്‍ കാര്യങ്ങള്‍ മറച്ച് വയ്ക്കാന്‍ കഴിയില്ല. അതേക്കുറിച്ച് ചോദ്യം ചെയ്യുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. അത് നമ്മളെ കൂടുതല്‍ സ്ട്രസ്സിലാക്കും. ആളുകള്‍ എന്ത് പറയും എന്ന് ആലോചിച്ച് ഉണ്ടാകുന്ന സ്ട്രസ്സ് വളരെ ഭീകരമാണ്.
ശരീരത്തിന്റെ നിറം മാറാന്‍ തുടങ്ങിയതിനെ കുറിച്ച് എനിക്ക് പറയേണ്ടി വന്നതും അങ്ങനെയൊരു സാഹചര്യത്തിലാണ്. എന്റെ അവസ്ഥ പാരന്റ്‌സിനെ കൂടുതല്‍ വിഷമത്തിലാക്കി. നിറം മാറാൻ തുടങ്ങിയതോടെ എനിക്ക് പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി. എന്നെ മറച്ചുവയ്ക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു.
മേക്കപ്പ് ഇടുന്നത് എനിക്ക് ഇഷ്ടമല്ല, പക്ഷെ മേക്കപ്പ് ഇടാതെ പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയായി. രാവിലെ എഴുന്നേക്കുന്നത് മുതല്‍ ശരീരത്തെ ബ്രൗണ്‍ നിറം ആക്കാനുള്ള തിരക്ക്. അതൊക്കെ എനിക്ക് വലിയ വേദനയായിരുന്നു. സുഹൃത്തുക്കള്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍, ഞാന്‍ ഒഴിഞ്ഞുമാറി. മറ്റേതെങ്കിലും അസുഖം ആണേൽ സ്ട്രസ്സ് മാറാന്‍ ഒന്ന് പുറത്തേക്ക് പോകാം.
എനിക്ക് അതിനും കഴിയാത്ത അവസ്ഥ. മുഴുവന്‍ സമയവും കരച്ചിലായിരുന്നു. ഒക്ടോബറിലൊക്കെ കരയാത്ത ദിവസങ്ങളില്ല. സ്ട്രസ്സ് സഹിക്കാന്‍ കഴിയാതെ വന്നതോടെ അമേരിക്കയിലേക്ക് പോയി. അവിടെ ഞാന്‍ വളരെ ഫ്രീ ആയിരുന്നു. മേക്കപ്പ് ഇല്ലാതെ, ശരീരം മറച്ചുവയ്ക്കാതെ നടക്കാന്‍ തുടങ്ങി. ഇനിക്ക് അസുഖം ഉള്ളത് പോലും ഞാന്‍ മറന്നു. സ്ട്രസ്സ് ഫ്രീ ആയി.

അതിന് ശേഷം നാട്ടിലേക്ക് തിരിച്ച് വന്നപ്പോള്‍ ആളുകളുടെ ചോദ്യം വീണ്ടും സ്ട്രസായി. എന്ത് പറ്റി, കഴുത്തിലും കൈയ്യിലും എന്താ വെള്ള നിറം, തീ പൊള്ളിയോ ആക്‌സിഡന്റ് ആയോ എന്നൊക്കെയുള്ള ചോദ്യം വീണ്ടും പത്ത് കിലോ സ്ട്രസ്സ് തലയില്‍ കയറ്റുന്നത് പോലെയായിരുന്നു.
വേദനകളെ മറച്ച് വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് അത് കൂടുതല്‍ ഭാരമുള്ളതായി തോന്നുന്നത്. ആ സ്ട്രസ്സ് സഹിക്കുന്നതിലും ഭേദം അതിനെ അങ്ങ് തുറന്ന് വിടുന്നതാണ്. അതുകൊണ്ട് തുറന്ന് പറഞ്ഞേക്കാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഞാന്‍ പോസ്റ്റ് ഇട്ടത്. ഇപ്പോള്‍ ആരും ഒന്നും ചോദിക്കുന്നില്ല. നിറത്തില്‍ ചെറിയ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്. അതൊക്കെ ആത്മവിശ്വാസം നൽകുന്നുണ്ട്. അപ്പോഴാണ് എല്ലാം തുറന്നു പറഞ്ഞതെന്നും മംമ്ത എഡിറ്റോറിയൽ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications