ഡിവോഴ്സിന് ശേഷം സിങ്കപ്പെണ്ണായി; സിനിമാക്കാരി മക്കളെ വളർത്തി നശിപ്പിച്ചെന്ന് കേൾക്കാതിരിക്കാനാണ് ശ്രമിച്ചത്!
ഒരുകാലത്ത് മലയാളത്തിലും തമിഴിലുമെല്ലാം തിളങ്ങി നിന്നിരുന്ന നായികയാണ് നളിനി. എൺപതുകളിലും തൊണ്ണൂറുകളിലൊമൊക്കെ ഗ്ലാമർ വേഷങ്ങളിൽ അടക്കം തിളങ്ങി നിന്ന നളിനി പിൽക്കാലത്ത് അമ്മ വേഷങ്ങളിലാണ് കൂടുതൽ എത്തിയത്. പ്രശസ്ത നടന്‍ രാമരാജനെയാണ് നടി വിവാഹം ചെയ്തത്. 1987ൽ പ്രണയിച്ചു വിവാഹിതരായ ഇവർ ഏകദേശം 13 വർഷക്കാലം മാത്രമാണ് ഒരുമിച്ചു ജീവിച്ചത്. രണ്ടു മക്കളാണ് ഇവർക്കുള്ളത്. ഇപ്പോഴിതാ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തിന് ശേഷം മക്കളെ വളർത്തിയതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നളിനി.
വിവാഹമോചനത്തിന് ശേഷമാണ് തന്നൊരു സിങ്കപ്പെണ്ണായതെന്ന് നളിനി പറയുന്നു. 'ഞാൻ എങ്ങനെയാണ് എന്റെ മക്കളെ വളർത്തിയതെന്ന് എന്റെ ചുറ്റിലുമുണ്ടായിരുന്നവർക്ക് അറിയാം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി അവരാണ്. അവർ നന്നായി പഠിക്കുക, നല്ല കുട്ടികളായി വളർത്തുക എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. അവൾ സിനിമാക്കാരിയല്ലേ മക്കളെ വളർത്തി നശിപ്പിച്ചു എന്ന് എളുപ്പത്തിൽ എല്ലാവരും പറയും. അതിന് ഇടവരുത്താതിരിക്കാനാണ് ഞാൻ ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ വളരെ സ്ട്രിക്റ്റായിട്ടാണ് അവരെ വളർത്തിയത്',

അധികം സുഹൃത്തുക്കൾ വേണ്ട, വീട്ടിലേക്ക് ആരെയും കൊണ്ടുവരാൻ പാടില്ല, അങ്ങനെയുള്ള നിയന്ത്രണങ്ങൾ വച്ചാണ് വളർത്തിയത്. മകളെ പെട്ടെന്ന് കല്യാണം കഴിപ്പിച്ച് വിട്ടിട്ട് വേണം സമാധാനമായി ജീവിതം ആസ്വദിക്കാൻ എന്നായിരുന്നു ആഗ്രഹം. ട്വിൻസാണ് എനിക്ക്, ഒരു മോനും ഒരു മോളും', നളിനി പറയുന്നു.
തനിക്ക് കുക്കിംഗ് പോലുമറിയില്ലായിരുന്നു ഡിവോഴ്സിന് ശേഷം മക്കൾക്ക് വേണ്ടിയാണ് കുക്കിങ് പഠിച്ചതെന്നും നളിനി പറഞ്ഞു. 'ഗ്യാസ് കത്തിക്കാൻ പോലും അറിയില്ലായിരുന്നു. മക്കളാണെങ്കിൽ ഞാൻ എന്ത് കൊടുത്താലും കഴിക്കും. മൂന്നു നേരം ബ്രെഡ് മുറിച്ചു കൊടുത്താലും കഴിക്കും. മൂന്നു ദിവസം പഴകിയ ചോറെടുത്ത് കൊടുത്താലും സൂപ്പർ എന്ന് പറഞ്ഞു കഴിക്കും. അങ്ങനെയുള്ള മക്കൾക്ക് എന്തെങ്കിലും ചെയ്തു കൊടുക്കണ്ടേ എന്ന് കരുതിയാണ് പാചകം പഠിച്ചത്',
'മക്കളെ നോക്കണം, പഠിപ്പിക്കണം ഞങ്ങളുടെ മൂന്നുപേരുടെയും ചിലവുകൾ നടക്കണം ഇതിനൊക്കെയുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. എനിക്ക് ആകെ അറിയുന്നത് അഭിനയം ആയിരുന്നു അത് ഞാൻ വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു. ഡാൻസ് പഠിപ്പിച്ചു ജീവിക്കാം എന്നൊക്കെയാണ് കരുതിയത്. പക്ഷെ ഇത് തന്നെയാണ് എന്റെ ചോർ എന്ന് ദൈവം പറഞ്ഞു. കറക്ട് സമയത്താണ് കുട്ടി പദ്മിനിയമ്മ എന്നെ തേടി വരുന്നതും സിനിമയിലേക്ക് വീണ്ടും ക്ഷണിക്കുന്നതും', നളിനി ഓർമിച്ചു.

'മക്കൾ വലിയ സ്‌കൂളിലാണ് പഠിച്ചുകൊണ്ടിരുന്നത്. അവരോട് എനിക്ക് ഈ സ്‌കൂളിലെ ഫീസ് അടക്കാൻ നിവർത്തിയില്ല എന്ന് പറഞ്ഞപ്പോൾ അവർ വേറെ സ്‌കൂളിൽ പോയി ചേർന്നു. അവിടെ പോയി മക്കൾ നന്നായി പഠിച്ചു, വിജയിച്ചു. ഇന്ന് അരുൺ-അരുണയുടെ അമ്മയാണെന്ന് പറയുമ്പോൾ എനിക്ക് അഭിമാനമാണ്. വീടിന്റെ മുന്നിൽ പോലും വലിയ അക്ഷരത്തിൽ അവരുടെ പേര് ഞാൻ എഴുതി വച്ചിട്ടുണ്ട്. മോൻ ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്, മോൾ വക്കീലും',
'ഹിറ്റ്‌ലർ ആയിരുന്നു ഞാൻ, നല്ല അടിയൊക്കെ കൊടുത്താണ് പഠിപ്പിച്ചത്. പഠിത്തം മാത്രമായിരുന്നു എനിക്ക് പ്രധാനം. പഠിത്തം കഴിഞ്ഞിട്ട് അവർ ജോലി ചെയ്യുന്നതോ അവർക്കിപ്പോൾ എന്ത് ശമ്പളം ഉണ്ടെന്നോ എനിക്കറിയില്ല. നിങ്ങൾ പഠിക്കുന്നത് നിങ്ങൾക്കുവേണ്ടിയാണ്, നിങ്ങൾ സമ്പാദിക്കുന്നതും നിങ്ങൾക്ക് വേണ്ടിയാകണം. എനിക്ക് വേണ്ടത് ഞാൻ സമ്പാദിച്ചോളാം എന്ന് മാത്രമേ അവരോട് പറഞ്ഞിട്ടുള്ളു. ഞാൻ പറയുന്ന മാർക്കിനെക്കാൾ കൂടുതൽ അവർ എപ്പോഴും വാങ്ങിക്കൊണ്ട് വരുമായിരുന്നു', നളിനി പറഞ്ഞു. രണ്ടു മക്കളുടെയും വിവാഹത്തിന് അച്ഛൻ രാമരാജൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളൊക്കെ മുൻപ് വൈറലായിട്ടുണ്ട്.


Click it and Unblock the Notifications