എന്റെ മോർഫ് ചെയ്ത അശ്ലീല വീഡിയോ ആദ്യം അയച്ചത് ഭർത്താവിനാണ്; അത് വലിയ തിരിച്ചടിയായിരുന്നു: രമ്യ സുരേഷ്
തന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ കുറിച്ച് രമ്യ സുരേഷ് സംസാരിക്കുന്നു
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് രമ്യ സുരേഷ്. ചെറിയ വേഷങ്ങളിലാണ് ഏറെയും എത്തിയതെങ്കിലും പ്രകടനം കൊണ്ടാണ് രമ്യ തിളങ്ങിയത്. ഞാൻ പ്രകാശൻ അടക്കമുള്ള സിനിമകളിലെ രമ്യയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.
അതിന് ശേഷം വന്ന സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിലെ അഭിനയം കണ്ട് മമ്മൂട്ടി വരെ താരത്തെ പ്രശംസിച്ചിട്ടുണ്ട്. പിന്നീട് പടവെട്ട് ഉൾപ്പെടെയുള്ള സിനിമകളിലും രമ്യ അഭിനയിച്ചു. മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ് രമ്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിലും ശ്രദ്ധേയ വേഷത്തിലാണ് നടി എത്തിയത്.
അതേസമയം, കരിയറിൽ ശ്രദ്ധേയ വേഷങ്ങൾ തേടി എത്തുന്നതിനിടെ നടിയെ വിഷമിപ്പിച്ച ചില സംഭവങ്ങളും അടുത്തിടെ ഉണ്ടായിരുന്നു. രമ്യയുടെ ഒരു മോർഫ്ഡ് വീഡിയോ പ്രചരിച്ചതായിരുന്നു സംഭവം. ഇപ്പോഴിതാ അതിനെ കുറിച്ചും, തന്റെ സിനിമയിലെ തുടക്ക കാലത്തെ കുറിച്ചുമൊക്കെ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് നടി.

ഒരു പാട്ട് പാടിയാണ് ഞാൻ വൈറലായത്. അലറി വിളിച്ച് പാടിയ പാട്ട് സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ് ഇട്ടത്. അത് ലീക്കായി, വൈറലായി. ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു. ആ ഒരു ഒറ്റ വീഡിയോ കാരണം ഞാൻ മാനസികമായി ഒരുപാട് ബുദ്ധിമുട്ടി. ആകെ തകർന്ന അവസ്ഥയിലായി. അതിൽ നിന്ന് പുറത്ത് വരാൻ എനിക്ക് രണ്ട് മാസത്തോളം സമയം വേണ്ടി വന്നെന്ന് രമ്യ പറയുന്നു.
ആ സമയത്തിനുള്ളിൽ ഞാനും എന്റെ സുഹൃത്തുക്കളും കൂടി ഒരുപാട് ഗ്രൂപ്പുകളിൽ നിന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. പിന്നീട് രണ്ട് മാസത്തിന് ശേഷം ആ വീഡിയോയ്ക്ക് വന്ന കമന്റുകൾ ഞാൻ നോക്കി. ഒരാൾ കളിയാക്കുമ്പോൾ, മറ്റൊരാൾ അതിനോട് പ്രതികരിക്കുന്നുണ്ട്, ഇതെന്ത് പാട്ടാണ് എന്ന് ചോദിച്ചയാളോട്, എന്നാൽ പിന്നെ ഇതിലും നന്നായി നീ പാടൂ എന്നാണ് മറ്റൊരാൾ പറയുന്നത്.
ചേച്ചി നിങ്ങൾക്ക് അഭിനയത്തിൽ നല്ല സാധ്യത കാണുന്നുണ്ട്, ഭാവിയിൽ ഒരു കൽപന ചേച്ചി എല്ലാം ആയേക്കാം എന്ന് വേറെ കുറേ കമന്റുകൾ. അതൊക്കെ കണ്ടതിന് ശേഷമാണ് അഭിനയിക്കാൻ എനിക്ക് മോഹം വന്നതെന്നും രമ്യ പറഞ്ഞു.
കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അത് ഒഡിഷന് പോയി കിട്ടിയതാണ്. സബാഷ് ചന്ദ്രബോസും പടവെട്ടും അടക്കമുള്ള സിനിമകളും ഒഡിഷന് പോയി ലഭിച്ചതാണ്. അങ്ങനെ വേഷം കിട്ടുമ്പോൾ വല്ലാത്തൊരു അഭിമാനവും ആത്മവിശ്വാസവും ആണ്. സബാഷ് ചന്ദ്രബോസിലെ അഭിനയം കണ്ട് മമ്മൂക്കയടക്കം ഒരുപാട് പേർ എന്നെ പ്രശംസിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു.
ഇപ്പോഴാണ് എന്റെ മുഖം ആളുകളിൽ രജിസ്റ്റർ ആയത്. അതിനിടയിൽ ആണ് എന്റെ മോർഫ് ചെയ്ത അശ്ലീല വീഡിയോ പുറത്ത് വന്നത്. അതെനിക്ക് വലിയ ഷോക്ക് ആയിരുന്നു. സിനിമാ ലോബിയാണ് ചെയ്തത് എന്നൊന്നും ഞാൻ കരുതുന്നില്ല. ആരുടെയോ നേരം പോക്ക് ആയിരുന്നു. ആ സ്ത്രീയുടെ ശരീരവുമായി എന്റെ മുഖത്തിന് സാമ്യം തോന്നിയപ്പോൾ വ്യൂസിന് വേണ്ടി ചെയ്തു നോക്കി, അത്ര തന്നെ.

പക്ഷെ അത് എനിക്ക് വലിയ തിരിച്ചടിയായിരുന്നു. കരിയറിൽ എന്തെങ്കിലും ഒന്ന് ആയി വരുമ്പോഴാണ് ആ വീഡിയോ പുറത്ത് വന്നത്. എനിക്ക് ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോൾ തന്നെ ഞാൻ അത് ഭർത്താവിന് അയച്ച് കൊടുത്തു. എന്റെ ഭർത്താവിന്റെയും മക്കളുടെയും പൂർണ പിന്തുണയോടെയാണ് ഞാൻ സിനിമയിലേക്ക് വന്നത്.
വീഡിയോ കണ്ടപ്പോൾ ഇതെല്ലാം നിന്റെ പ്രൊഫഷന്റെ ഭാഗമാണ്, ഇതിനെ എങ്ങനെ നേരിടണമോ അങ്ങനെ തന്നെ നേരിടണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷമാണ് ഞാൻ ലൈവിൽ വന്ന് സംസാരിച്ചതും കേസ് കൊടുത്തതും രമ്യ സുരേഷ് പറഞ്ഞു.


Click it and Unblock the Notifications











