'താനിവരെ കല്യാണം കഴിച്ച് വീട്ടിലിരുത്തിയല്ലേ എന്ന് ജോഷി സാർ ആഷിഖിനോട് ചോദിച്ചു; വിവാഹം കരിയറിനെ ബാധിച്ചു': റിമ
മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് റിമ കല്ലിങ്കല്‍. റിയാലിറ്റി ഷോയിലൂടെയാണ് റിമ സിനിമയിലേക്ക് എത്തുന്നത്. ഉടൻ തന്നെ തന്റേതായ ഒരിടം കണ്ടെത്തിയ റിമ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്. ഇതിനകം മുപ്പതോളം സിനിമകളിൽ റിമ അഭിനയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തിനെന്ന പോലെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും റിമ കല്ലിങ്കല്‍ കയ്യടി നേടാറുണ്ട്.
കുറച്ചു വർഷങ്ങളായി വളരെ കുറച്ചു സിനിമകളിലാണ് റിമയെ കാണാറുള്ളത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്ക്രീനിലേക്ക് എത്തുകയാണ് റിമ കല്ലിങ്കൽ. ആഷിഖ് അബു സംവിധാനം ചെയ്‌ത നീലവെളിച്ചം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. അതിനിടെ തന്റെ സിനിമ കരിയറിൽ ഇത്രയും വലിയ ഇടവേള വന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് റിമ കല്ലിങ്കൽ. വിവാഹത്തോടെയാണ് അത് സംഭവിച്ചതെന്ന് റിമ പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

വിവാഹത്തോടെ എല്ലാം മാറി. ഒറ്റരാത്രി കൊണ്ട് ജീവിതം തന്നെ മാറിപ്പോയതായി എനിക്കു തോന്നിയിട്ടുണ്ട്. മാറ്റം സംഭവിച്ചത് എനിക്കോ ആഷിഖിനോ അല്ല. ചുറ്റുമുള്ള ലോകം ഞങ്ങളെ കാണുന്ന രീതിയാണ് മാറിയതെന്ന് റിമ പറയുന്നു. ഭാര്യ എന്ന ചട്ടക്കൂടിലേക്ക് എന്നെ ഒതുക്കിയതു പോലെ തോന്നി. സിനിമാ മേഖലയും എന്നെ അങ്ങനെ മാറ്റിനിർത്തി. നന്നായി ജീവിക്കണമെന്നും എന്റെ കലയുമായും ചുറ്റുമുള്ളവരുമായുമുള്ള ബന്ധങ്ങളും നന്നായി കൊണ്ടുപോകണമെന്ന് ആഗ്രഹിച്ച ആളായിരുന്നു, പക്ഷേ, സംഭവിച്ചതെല്ലാം അതിനു വിപരീതമായിട്ടായിരുന്നുവെന്ന് റിമ പറഞ്ഞു.
ഒരിക്കൽ സിനിമയിലെ ആരുടെയോ കല്യാണത്തിന് പോയപ്പോൾ ഉണ്ടായ ഒരു അനുഭവവും റിമ പങ്കുവച്ചു. എന്നെയും ആഷിഖിനെയും കണ്ടതും ജോഷി സർ ആഷിഖിനോട് ചോദിച്ചു, 'താനിവരെ കല്യാണം കഴിച്ച് വീട്ടിലിരുത്തി അല്ലേ?' എന്ന്. ആരും ആരെയും വീട്ടിലിരുത്തിയിട്ടില്ല. ഞങ്ങൾക്കു രണ്ടുപേർക്കും സിനിമ പ്രിയപ്പെട്ടതാണ്. സിനിമയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഡാൻസ് മാത്രമാണ് ആകെ ഉണ്ടായിരുന്ന പശ്ചാത്തലം.
പക്ഷേ, ഞാൻ പോലും അറിയാതെയാണ് ജീവിതം എന്നെ മുന്നോട്ടു കൊണ്ടുപോയത്. കലയുമായി ബന്ധപ്പെട്ടും അതു നൽകുന്ന ഊർജത്തിലും ജീവിക്കുന്ന ആളാണു ഞാൻ. അതു പെട്ടെന്ന് ഇല്ലാതായപ്പോൾ ജീവശ്വാസം നിലച്ചതുപോലെ തോന്നിയെന്ന് റിമ പറയുന്നു.
വിവാഹം തന്റെ കരിയറിനെ ബാധിച്ചെന്നും റിമ പറഞ്ഞു. വിവാഹത്തിനുശേഷം നൽകിയ അഭിമുഖങ്ങളിലെല്ലാം ആഷിഖിനെക്കുറിച്ചും ആഷിഖിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു. ആഷിഖിനോട് ആ ചോദ്യങ്ങൾ ഉണ്ടായതായി തോന്നുന്നില്ല. പെട്ടെന്ന് എന്റെ ഉടമസ്ഥാവകാശം അച്ഛന്റെ കയ്യിൽ നിന്നെടുത്തു ഭർത്താവിന്റെ കയ്യിലേക്കു കൊടുത്തതുപോലെ തോന്നിയെന്ന് താരം പറയുന്നു.

വിവാഹശേഷം തിരക്കഥകളുമായി തന്നെ സമീപിക്കാൻ ആളുകൾ മടിച്ചിട്ടുണ്ട്. പലരും ആഷിഖിനെയാണ് വിളിച്ചിരുന്നതെന്നും റിമ പറയുന്നു. എട്ടു വർഷം മലയാള സിനിമയിൽ ജോലി ചെയ്ത ആളാണ് ഞാൻ. ഒരു നിമിഷം കൊണ്ട് അതിനൊന്നും ഒരു വിലയുമില്ലാതായി. ചെറുപ്പത്തിലേ പാർട്ട് ടൈം ജോലിക്ക് പോയും നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനത്തുക നേടിയുമൊക്കെ വളർന്നു വന്ന ആളാണ് താനെന്നും റിമ പറഞ്ഞു.
വൈറസിന് ശേഷം റിമയുടെ തിയേറ്ററുകളിൽ എത്തുന്ന മലയാള ചിത്രമാണ് നീലവെളിച്ചം. ടൊവിനോ തോമസ്, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ അതെ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് ചിത്രം. സന്തോഷത്തിന്റെ ഒന്നാം രഹസ്യം ആയിരുന്നു റിമയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications