'ഇടപ്പള്ളി സിഗ്നലിൽ വെച്ചാണ് ആദ്യമായി സുരേഷേട്ടനെ കാണുന്നത്; ഭയങ്കര ഇൻസ്പയറിങ്ങ് മൊമെന്റായിരുന്നു അത്': ആസിഫ്
മലയാള സിനിമയിലെ യുവനടന്മാരിൽ പ്രധാനിയാണ് ആസിഫ് അലി. യുവാക്കൾക്കിടയിലും കുടുംബപ്രേക്ഷകർക്ക് ഇടയിലുമെല്ലാം ഒരുപോലെ ആരാധകരുള്ള നടനാണ് ആസിഫ് അലി ഇന്ന്. സിനിമ പാരമ്പര്യങ്ങൾ ഒന്നുമില്ലാതെ വന്ന് സ്വന്തം അധ്വാനത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ താരങ്ങളിൽ ഒരാളാണ് എന്നതും ആസിഫിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്ന ഘടകമാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലിയുടെ അരങ്ങേറ്റം.
തുടക്കം നെഗറ്റീവ് കഥാപാത്രത്തിലൂടെ ആയിരുന്നെങ്കിലും പിന്നീട് എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിച്ച് ആസിഫ് മലയാള സിനിമയിൽ സജീവമാവുകയായിരുന്നു. ഇതുവരെ ഏകദേശം അറുപതിലധികം ചിത്രങ്ങളിൽ ആസിഫ് നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത, കേരളത്തെ നടുക്കിയ പ്രളയത്തിന്റെ കഥ പറയുന്ന '2018 എവരിവൺ ഈസ് എ ഹീറോ' ആണ് ആസിഫിന്റെ പുതിയ ചിത്രം.

ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടനിപ്പോൾ. ഇതിന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നൽകിയ ആസിഫിന്റെ അഭിമുഖം ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം നടൻ സുരേഷ് ഗോപിയെ ആദ്യമായി കണ്ട ഒരു അനുഭവവും പങ്കുവച്ചിരിക്കുകയാണ് ആസിഫ് അലി. ആദ്യമായി സുരേഷ് ഗോപിയെ കാണുമ്പോൾ സിഗ്നൽ തെറ്റിച്ച് വന്ന ഒരാളെ അദ്ദേഹം റോഡിലിറങ്ങി തെറി വിളിക്കുകയായിരുന്നു എന്നാണ് ആസിഫ് പറഞ്ഞത്. അതൊരു ഇൻസ്പയറിങ് മോമെന്റ് ആയിരുന്നെന്നും ആസിഫ് പറയുന്നു. വിശദമായി വായിക്കാം.
സുരേഷ് ഗോപിയെ ആദ്യമായി കണ്ട ഒരു സംഭാവമുണ്ടല്ലോ എന്ന് പറഞ്ഞ് അവതാരകൻ ഇക്കാര്യം എടുത്തിട്ടപ്പോഴാണ് ആസിഫ് സംഭവം വിശദീകരിച്ചത്. 'ഇടപ്പള്ളി സിഗ്നലിൽ വെച്ചാണ് ആദ്യമായി സുരേഷേട്ടനെ കാണുന്നത്. സിഗ്നൽ തെറ്റിച്ച് വന്ന ഒരാളെ റോഡിലിറങ്ങി പച്ചത്തെറി വിളിച്ചുകൊണ്ടിരിക്കുന്ന സുരേഷേട്ടനെയാണ് ഞാൻ കണ്ടത്. അത് ഷൂട്ടിങ് ആണെന്നാണ് ഞാൻ ആദ്യം ഓർത്തത്. ഭയങ്കര ഇൻസ്പയറിങ്ങായിട്ടുള്ള മൊമെന്റ് ആയിരുന്നു അത്,' എന്നായിരുന്നു ആസിഫിന്റെ വാക്കുകൾ.
ഒപ്പം 2018 ഏവരിവൺ ഈസ് എ ഹീറോയെ കുറിച്ചും ആസിഫ് സംസാരിച്ചു. ആദ്യം ജൂഡ് ആന്തണി കഥ പറയുമ്പോൾ ഒരുപാട് സംശയം ഉണ്ടായിരുന്നു. നമ്മൾ അനുഭവിച്ച സംഭവം പറയുമ്പോൾ അതൊരു തട്ടിക്കൂട്ട് ആകരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് മുഴുവൻ സ്ക്രിപ്റ്റ് ആയിട്ട് വരാൻ പറഞ്ഞു താൻ ആദ്യ പറഞ്ഞുവിട്ടു എന്നാണ് ആസിഫ് പറഞ്ഞത്.
'ചെയ്യുന്ന ഒരു സിനിമ വിജയിക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാൻ പറ്റില്ല. പക്ഷേ ചെയ്യുന്ന സിനിമക്കായി അദ്ദേഹം ചെയ്ത പരിശ്രമങ്ങളും ചെയ്ത രീതിയും വെച്ച് ഒരാളെ മനസിലാക്കാൻ പറ്റും. ജൂഡ് എന്നോട് ഈ കഥ പറയുമ്പോൾ എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. എന്റെ പോഷൻ എഴുതി സ്ക്രിപ്റ്റ് ആക്കി അത് വായിച്ചതിന് ശേഷമേ ഞാൻ പടം കമ്മിറ്റ് ചെയ്യുകയുള്ളുവെന്ന് പറഞ്ഞു.
'ജൂഡിനെ സംശയിക്കുന്നതല്ല. നമുക്ക് എല്ലാവർക്കും അറിയാവുന്ന, നമ്മൾ എല്ലാവരും അനുഭവിച്ച കഥയാണ്. അപ്പോൾ ഈ സിനിമ ഒരു തട്ടിക്കൂട്ടലോ ബിൽഡ് അപ്പോ ആവാൻ പാടില്ല. നൂറ് ശതമാനം ഒറിജിനലായിരിക്കണം. അതിനോട് ജൂഡ് എത്രമാത്രം പ്രിപ്പയറായിരുന്നോ എന്നതായിരുന്നു സംശയം,'

'എന്നാൽ ഈ സിനിമയുടെ പ്രീപ്രൊഡക്ഷനും, രണ്ട് വർഷം മുന്നേ തുടങ്ങി ഷൂട്ട് ചെയ്തതും, ജൂഡ് അതിനടുത്ത പരിശ്രമങ്ങളും വലുതാണ്. ഞാനോ ടൊവിയോ വർക്ക് ചെയ്ത കഷ്ടപ്പാട് പറയുകയാണെങ്കിൽ അത് പതിനഞ്ചോ ഇരുപതോ ദിവസം മാത്രം വർക്ക് ചെയ്തതിന്റെ കഷ്ടപ്പാട് മാത്രമാണ്.
'പക്ഷെ ജൂഡിന്റേത് ആദ്യം മുതൽ ഉള്ളതാണ്. വളരെയധികം പിരിമിതികളിൽ നിന്നുകൊണ്ടാണ് ഈ സിനിമ ചെയ്തിട്ടുള്ളത്. ഹോളിവുഡ് പടങ്ങൾ പോലെ വലിയ ഗ്രാഫിക്സുകൾ ഒന്നും ഉപയോഗിക്കാതെ പറ്റുന്നത്രയും റിയലായിട്ടാണ് ചെയ്തിരിക്കുന്നത്,' ആസിഫ് പറഞ്ഞു.
അതേസമയം, മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ആസിഫ് അലിക്ക് പുറമെ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അപർണാ ബാലമുരളി, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അജു വർഗീസ് എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.


Click it and Unblock the Notifications