അർജുൻ അന്ന് കയ്യിലേക്ക് വെച്ചുതന്ന പണം കണ്ട് ഞാൻ ഞെട്ടി; അത്ര ദാരിദ്ര്യമായിരുന്നു: ബാബുരാജ്

വില്ലൻ വേഷങ്ങളിലൂടെ വന്ന് കൊമേഡിയനായും നായകനായും സഹനടനായുമെല്ലാം പ്രേക്ഷകമനസിൽ ഇടംനേടിയ നടനാണ് ബാബുരാജ്. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം ബാബുരാജ് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ഥിരം വില്ലന്‍ വേഷങ്ങളിൽ നിന്ന് കോമഡിയിലേക്ക് ചുവടുമാറ്റിയതോടെയാണ് ബാബുരാജ് പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. അതോടെയാണ് നടന്റെ കരിയറിലും വലിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്.

എന്നാൽ ഇതിനൊക്കെ മുൻപ് തന്നെ നിർമാതാവെന്ന നിലയിൽ ബാബുരാജ് പേരെടുത്തിരുന്നു. 1997 ഗജരാജമന്ത്രം എന്ന സിനിമയാണ് ബാബുരാജ് ആദ്യമായി നിർമിക്കുന്നത്. പിന്നീട് നാല് സിനിമകൾ കൂടി അദ്ദേഹം നിർമ്മിച്ചു. അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാണ് ബാബുരാജ് നിർമ്മിച്ച രണ്ടാമത്തെ സിനിമ. ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധി നടന് നേരിടേണ്ടി വന്നു.

baburaj arjun sarja

ഇപ്പോഴിതാ അതേക്കുറിച്ചും അർജുൻ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിലെത്തിയ ഓർമയും പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ബാബുരാജ് പഴയ സംഭവങ്ങൾ ഓർത്തത്. അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് എന്ന ചിത്രം നിർമ്മിക്കുമ്പോൾ ആകെ മൊത്തം ദാരിദ്ര്യമായിരുന്നു എന്ന് ബാബുരാജ് പറയുന്നു.

കയ്യിൽ പൈസയില്ല. കലാസംഘം ഹംസക്ക, പയ്യന്നൂരുള്ള ​ഗണേശേട്ടൻ, കൊല്ലത്തുള്ള രാജശേഖരൻ സാർ ഒക്കെ ചേർന്നാണ് പടം വിതരണം ചെയ്യുന്നത്. മദ്രാസിൽ നിന്ന് പടം പെട്ടിയിലാക്കി ട്രെയിനിലാണ് കൊണ്ടുവരുന്നത്. തീവണ്ടിയുടെ അവസാന കമ്പാർട്ട്മെന്റിന്റെ പിന്നിലെ എക്സ് എന്ന ചിഹ്നമൊക്കെ കണ്ട് പടം ഓടി ലാഭത്തിലാവുമെന്ന പ്രതീക്ഷയോടെ നിന്നിട്ടുണ്ട്. അപ്പോഴാണ് തിരിച്ചുപോവാനും മറ്റുമുള്ള വണ്ടിക്കൂലിയില്ലെന്ന് മനസിലായതെന്ന് ബാബുരാജ് ഓർക്കുന്നു.

പൈസയില്ലാതെ നാട്ടിൽ ചെന്നാൽ ഹോട്ടലിൽ കയറ്റില്ല. എന്തുചെയ്യുമെന്ന് ആലോചിച്ച് നിൽക്കുമ്പോൾ ഹംസക്ക പോയി അടുത്തുള്ള ഫോൺബൂത്തിൽക്കയറി ആരെയോ വിളിച്ചു. തിരിച്ചുവന്നിട്ട് പറഞ്ഞു ഭാ​ഗ്യമുണ്ടെങ്കിൽ ഒരു പരിപാടിയുണ്ടെന്ന്. ഒരു ഓട്ടോയും വിളിച്ച് പോവുകയാണ്. തമിഴ് നടൻ അർജുന്റെ വീട്ടിലേക്കാണ് പോയത്. ഹംസക്കയ്ക്ക് അവിടെ വലിയ സ്വീകരണമാണ് ലഭിച്ചത്. കാരണം പുള്ളി തമിഴ്നാട്ടിൽ ചില ചിത്രങ്ങളൊക്ക വിതരണം ചെയ്തിട്ടുണ്ട്.

"അല്പസമയത്തിനുശേഷം എന്നെ അർജുൻ സാർ വിളിപ്പിച്ചു. നന്നായി ഒന്ന് നോക്കി. ആ ലെൻസ് ഒന്ന് വെച്ച് കാണിച്ചേ എന്നു പറഞ്ഞു. ഞാൻ അടുത്ത മുറിയിൽ പോയി കോൺടാക്റ്റ് ലെൻസ് വെയ്ക്കാൻ നോക്കി. അതാണെങ്കിൽ എന്റെ കണ്ണിൽ പോകുന്നുമില്ല. ഒടുവിൽ ലെൻസ് ഭം​ഗിയായി വെച്ചു. അർജുൻ സാർ ഓക്കെ പറയുകയും ചെയ്തു. എന്നിട്ട് പ്രതിഫലം എത്രയാണ് വേണ്ടതെന്ന് ചോദിച്ചു. എനിക്ക് കൃത്യമായി ഒരുത്തരം പറയാൻ പറ്റിയില്ല.

baburaj arjun sarja

ഹംസക്ക പറഞ്ഞു, തരുന്ന അഡ്വാൻസ് വാങ്ങിക്കോ എന്ന്. അങ്ങനെ 25,000 രൂപ റെഡി ക്യാഷായിട്ട് കയ്യിലേക്ക് കിട്ടുകയാണ്. അന്ന് 25,000 രൂപ എന്നുപറയുന്നത് വലിയ സംഖ്യയാണ്. അവരുടെ കാറിൽത്തന്നെയാണ് തിരിച്ചുകൊണ്ടുവിട്ടത്. രണ്ട് ദിവസം കഴിഞ്ഞാൽ ഷൂട്ടിങ് തുടങ്ങുകയാണ്. പോണ്ടി ബസാറിലെ രോഹിണി ഇന്റർനാഷണൽ എന്ന ഹോട്ടൽ. എ.സി റൂമായിരുന്നു.

ഇതൊക്കെ കണ്ട് ഇക്കയും ഞാനും പരസ്പരം നോക്കി ചിരിക്കുകയാണ്. തായിൻ മണിക്കൊടി എന്ന ചിത്രമായിരുന്നു അത്. ആ ചിത്രത്തിലും നന്നായി ഇടികൊണ്ടു. അർജുൻ സാർ ശരിക്ക് ഇടിക്കുന്നയാളാണെന്ന് ചിത്രീകരണം തുടങ്ങിയപ്പോഴാണ് മനസിലായത്", ബാബുരാജ് പറഞ്ഞു.

ഒരു ഇടവേളയ്ക്ക് ശേഷം സാന്ദ്ര തോമസ് നിർമ്മിക്കുന്ന നല്ല നിലാവുള്ള രാത്രിയാണ് ബാബുരാജിന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. മര്‍ഫി ദേവസിയാണ് സംവിധാനം. ബാബുരാജിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ബിനു പപ്പു, ഗണപതി, ജിനു ജോസഫ്, റോണി ഡേവിഡ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

Read more about: baburaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X