ഞാൻ അവളെ സുഹൃത്തിനെ പോലെയാണ് കാണുന്നത്; ആൾക്ക് അച്ഛനെ പോലും വിലയില്ല; മകളെ കുറിച്ച് ധ്യാൻ
സിനിമകളേക്കാൾ അഭിമുഖങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസനെയും ചേട്ടൻ വിനീതിനെയും പോലെ സിനിമയുടെ വിവിധ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും അഭിമുഖങ്ങളാണ് ധ്യാനിനെ താരമാക്കിയത്. അതുകൊണ്ട് തന്നെ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ പലതും പരാജയം രുചിച്ചെങ്കിലും ധ്യാനിനുള്ള ജനപ്രീതിയിൽ കുറവ് വന്നിട്ടില്ല. മറയില്ലാത്ത സംസാരമാണ് ധ്യാനിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്.
കുടുംബത്തെക്കുറിച്ചുള്ള രസകരമായ കഥകൾ ധ്യാൻ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ അഭിമുഖത്തിൽ മകളെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. താൻ സുഹൃത്തിനെ പോലെയാണ് മകളെ കാണുന്നതെന്നും അങ്ങനെയാണ് സംസാരിക്കാറുള്ളതെന്നും ധ്യാൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ശ്രീനിവാസൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

മകൾക്ക് അച്ഛനെ ഏത് വസ്ത്രത്തിൽ കാണാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ധ്യാൻ മകളെ കുറിച്ച് സംസാരിച്ചത്. 'എന്നെ കാണുന്നതേ ഇഷ്ടമല്ല എന്നാണ് എന്റെയൊരു ധാരണ. അപ്പോൾ ഞാൻ എന്ത് ധരിക്കുന്നു എന്നതൊന്നും അവൾക്ക് ഒരു വിഷയമാകാൻ സാധ്യതയില്ല. എന്റെ വേഷത്തെ കുറിച്ചൊന്നും ആൾക്ക് ഒരു കൺസേണുമില്ല. ഷൂട്ടോക്കെ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ എന്തെങ്കിലും മേക്കപ്പ് സാധനങ്ങൾ ഒക്കെയാണ് ചോദിക്കുക',
'മേക്കപ്പ് ചെയ്യുന്നതിനോടൊക്കെയാണ് താൽപര്യം. നാല് വയസേ ആയിട്ടുള്ളൂ എങ്കിലും എല്ലാ ദിവസവും മേക്കപ്പ് ചെയ്ത്, ലിപ് ഗ്ലോസ് ഇട്ട്, ഐഷാഡോ എല്ലാം ഇട്ടിട്ടാണ് സ്‌കൂളിൽ പോകുന്നത്. എപ്പോഴും എന്നോട് പറയാറുള്ളത് മേക്കപ്പ് സാധനങ്ങൾ വാങ്ങുന്നതിനെ കുറിച്ചാണ്. കഴിഞ്ഞ തവണ പോയപ്പോൾ ബോബി ബ്രൗൺ പോലുള്ള വലിയ ബ്രാൻഡിന്റെയൊക്കെ സാധനങ്ങൾ വാങ്ങി കൊടുത്തു',
'ഭാര്യക്ക് ഇതിനോടൊന്നും വലിയ താൽപര്യമില്ല. ഇവൾ വലിയ ബ്രാൻഡ് സ്റ്റോറിലൊക്കെ പോയിട്ട് ടെസ്റ്ററൊക്കെ അടിച്ചു നോക്കും. കുട്ടികൾക്ക് സ്‌കിനിന് ഇതൊക്കെ പ്രശ്നമാണെങ്കിലും അവർ ചെറിയ ചെറിയ സാധനങ്ങളൊക്കെ ഇട്ടുകൊടുക്കും', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. അതേസമയം മകൾ അമ്മക്കുട്ടി ആന്നെന്നും ധ്യാൻ പറഞ്ഞു.
'ഇപ്പോൾ അമ്മക്കുട്ടി ആണ്. അച്ഛൻ എനിക്ക് തന്ന ഒരു സ്‌പേസ് ഉണ്ട്. അതുപോലെ ഞാൻ അവളെ ഒരു സുഹൃത്തിനെ പോലെയാണ് കാണുന്നത്. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതും. സ്റ്റാർ കിഡ് എന്ന ഭാവമൊന്നും വന്നിട്ടില്ല. അച്ഛനാണ് വീട്ടിലെ വലിയ സ്റ്റാർ. അച്ഛന്റെ സിനിമകളൊക്കെ അവൾ ടിവിയിൽ കണ്ടിട്ടുണ്ട്. എന്നാൽ അച്ഛനെ പോലും അവൾക്ക് ഒരു വിലയുമില്ല. നമ്മളെയും ഒട്ടും വിലയില്ല',

'ഞങ്ങൾ സിനിമയിൽ ആണെന്നൊക്കെ അവൾക്ക് അറിയാം. ഫ്ളക്സിലും അല്ലാതെയുമൊക്കെ കാണുന്നുണ്ടല്ലോ. എന്നാലും ഒരു വിലയുമില്ല. മോൾ എല്ലാവരെയും പേരാണ് വിളിക്കുക. ചേട്ടനെ വിനീത് എന്നാണ് വിളിക്കുക. ഒരാളെ പേര് വിളിച്ച് അഡ്രസ് ചെയ്യുന്നത് തന്നെയല്ലേ ഏറ്റവും നല്ലത്', ധ്യാൻ പറഞ്ഞു. മകൾ അധികം സിനിമ കാണാറില്ലെന്നും കണ്ടിട്ടുണ്ടെങ്കിലും അത് കൂടുതലും അച്ഛന്റെ കോമഡികളാണെന്നും ധ്യാൻ പറഞ്ഞു.
നദികളില്‍ സുന്ദരി യമുന എന്ന സിനിമയാണ് ധ്യാനിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അജു വർഗീസും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമകൾ പോലെ ഈ ചിത്രം പരാജയമായില്ല എന്ന സന്തോഷം ധ്യാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.


Click it and Unblock the Notifications