നാട്ടിൽ ടെററായി നിന്ന അമ്മ ഇപ്പോൾ കോമഡിയായി; അഭിമുഖങ്ങളിൽ പേര് മിണ്ടിപ്പോകരുതെന്നാണ് പറഞ്ഞിരിക്കുന്നത്: ധ്യാൻ
അഭിമുഖങ്ങളിൽ അമ്മയെ കുറിച്ച് പറഞ്ഞത് അമ്മയെ എങ്ങനെ ബാധിച്ചുവെന്നും അമ്മ തന്നോട് ഇനി അഭിമുഖങ്ങളിൽ പേര് പറയരുതെന്ന് പറഞ്ഞതിനെ കുറിച്ചും പറയുകയാണ് ധ്യാൻ ശ്രീനിവാസൻ
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. മലയാള സിനിമയിലെ യുവതാരങ്ങളിലെ പ്രധാനിയാണ് താരം. മലയാള സിനിമയിലെ ഇളമുറക്കാരിൽ ഒരാളായ ധ്യാൻ അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തിയത്. ഇരുവരെയും പോലെ നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ധ്യാൻ ശ്രീനിവാസനും.
നിരവധി ആരാധകരാണ് ധ്യാൻ ശ്രീനിവാസന് ഉള്ളത്. അഭിമുഖങ്ങളിൽ എല്ലാം മറയില്ലാതെ സംസാരിക്കുന്ന ധ്യാനിന് കുട്ടികൾക്കിടയിൽ പോലും വലിയ ആരാധക വൃന്ദമാണ് ഉള്ളത്. എന്തും തുറന്നു പറയുന്ന ധ്യാനിന്റെ രീതിയാണ് പ്രേക്ഷകരിലേക്കും നടനെ കൂടുതൽ അടുപ്പിച്ചത്. താരപുത്രൻ എന്ന ഇമേജും ധ്യാനിന് ഗുണമായിട്ടുണ്ട്. ധ്യാനിന്റെ അഭിമുഖങ്ങൾ പലതും നടന്റെ തനത് ശൈലി കൊണ്ട് തന്നെ വൈറലായി മാറിയിട്ടുണ്ട്.

തന്റെ കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും ഉണ്ടായിട്ടുള്ള രസകരമായ പല സംഭവങ്ങളും കഥകളാക്കി ധ്യാൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അച്ഛൻ ശീനിവാസനെ സംബന്ധിച്ച രസകരമായ പല കാര്യങ്ങളും ധ്യാനിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞിട്ടുള്ളത്. ചേട്ടൻ വിനീതും അമ്മ വിമലയുമൊക്കെ ധ്യാനിന്റെ കഥകളിൽ വന്ന് പോയിട്ടുണ്ട്.
അതേസമയം, ധ്യാനിന്റെ ചില വാക്കുകൾ നടനെ വിവാദങ്ങളിലും ചാടിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരാധകര്‍ക്ക് ധ്യാനിനോടുള്ള സ്‌നേഹം ഇല്ലാതാക്കിയിട്ടില്ല. ഇപ്പോഴിതാ, അഭിമുഖങ്ങളിൽ തന്നെ കുറിച്ച് പറയരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ധ്യാൻ. ന്യൂയറിന്റെ അന്ന് രാവിലെ വിളിച്ച് അമ്മ ആവശ്യപ്പെട്ട ഒരേയൊരു കാര്യം അതായിരുന്നു എന്നാണ് ധ്യാൻ പറയുന്നത്. എഡിറ്റോറിയൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. വിശദമായി വായിക്കാം.
'ന്യൂ ഇയറിന് അമ്മ വിളിച്ചു. ഹാപ്പി ന്യൂയർ പറയുന്ന ആളൊന്നുമല്ല. അങ്ങനെ വിളിക്കേണ്ട കാര്യമില്ല. ഞാൻ പറഞ്ഞു, ഹാപ്പി ന്യൂയർ കാര്യം പറയെന്ന്. ഈ വർഷം മുതൽ നീ ഒരു തീരുമാനം എടുക്കണം. ഒന്നുമില്ല, ഇന്റർവ്യൂകളിൽ എന്റെ പേര് സംസാരിക്കരുത്. അക്കാര്യത്തിൽ നീ ഒരു ഉറച്ച തീരുമാനം എടുക്കണം എന്ന്,'
'ഈ ജനുവരി ഒന്നാം തീയതി രാവിലെ ഏഴ് മണിക്ക് വിളിച്ച് അമ്മ അക്കാര്യം എന്നോട് പറയണമെങ്കിൽ അക്കാര്യം അമ്മയെ എത്രത്തോളം ബാധിച്ചിട്ടുണ്ടാവണം. പലപ്പോഴും അമ്മയുടെ സഹോദരിമാരും കസിൻസും ബന്ധുക്കളുമൊക്കെ നോക്കുമ്പോൾ അമ്മ നാട്ടിൽ ഇവർക്കൊക്കെ ഇടയിൽ ടെററാണ്. ആ അമ്മ ഇപ്പോൾ കോമഡി ആയി മാറി,'
'ടെററായി നിന്നിരുന്ന ഒരു സ്ത്രീയെ നോക്കി വിമലേച്ചി എന്ന് വിളിച്ച് കളിയാക്കി ചിരിക്കുന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ അമ്മയ്ക്കുള്ള ആ വെയ്റ്റ് പോയി കുടുംബത്തിലെ. അതിന്റെയാവാം. അങ്ങനെ ഒരു ഇമേജ് ഡാമേജ് സംഭവിച്ചിട്ടുണ്ട്,' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

അടുത്തിടെ, വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ധ്യാൻ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. അച്ഛന്റെ സിനിമ കാണാൻ മാത്രമേ അമ്മ തിയേറ്ററിൽ പോകാറുള്ളൂ. അച്ഛനു പങ്കില്ലാത്ത സിനിമകൾ അമ്മ കാണാറുമില്ല എന്നാണ് ധ്യാൻ പറഞ്ഞത്. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അത് അവരുടെ ഭാഗ്യം. അങ്ങനെയൊരു ഭാവം ആയിരുന്നു അമ്മയ്ക്കെന്നും ധ്യാൻ പറഞ്ഞു.
വീകമാണ് ധ്യാനിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബുള്ളറ്റ് ഡയറീസ്, ഹിഗ്വിറ്റ, ഖാലി പേഴ്‌സ് എന്നിവയാണ് ധ്യാനിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ഏകദേശം 32 സിനിമകളാണ് നടന്റേതായി മലയാളത്തിൽ ഒരുങ്ങുന്നത്. അടുത്ത നാല് വർഷത്തേക്ക് തനിക്ക് ഡേറ്റില്ലെന്നാണ് വനിത അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.


Click it and Unblock the Notifications