ഞാനല്ല അങ്ങേരാണ് വലിയ ഉഴപ്പൻ; നീയാണ് ഭാവിയിൽ എന്റെ തലമുറ കൊണ്ടുപോവാനുള്ളതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്: ധ്യാൻ
ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും ധ്യാൻ ഒരു ഉഴപ്പനാണ് എന്ന് പറഞ്ഞ നടൻ ബൈജു സന്തോഷിന്റെ വാക്കുകളോട് പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ
മലയാള സിനിമയിലെ ഇളമുറക്കാരിൽ ഒരാളാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസനെയും ചേട്ടൻ വിനീത് ശ്രീനിവാസനെയും പോലെ അഭിനയം, സംവിധാനം, എഴുത്ത്, എന്നിങ്ങനെ എല്ലാ മേഖലകളിലും തിളങ്ങി നിൽക്കുകയാണ് ധ്യാനും. വിനീത് സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ധ്യാൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ്.
നിരവധി സിനിമകളാണ് ധ്യാൻ ഇതിനകം കമ്മിറ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 32 സിനിമകൾക്ക് അടുത്ത നാല് വർഷത്തേക്ക് താൻ ഡേറ്റ് നൽകിയെന്നാണ് ധ്യാൻ അടുത്തിടെ പറഞ്ഞത്. അതേസമയം, വലിയ കഴിവുകൾ ഉള്ള നടനാണ് പക്ഷെ ഉഴപ്പനാണെന്ന് ധ്യാനെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ ബൈജു പറഞ്ഞിരുന്നു. ഇപ്പോഴിതാ, അതിനോട് പ്രതികരിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

തന്നേക്കാൾ വലിയ മടിയനാണ് ബൈജു എന്നും തന്റെ ആശാനാണ് അദ്ദേഹമെന്നുമാണ് ധ്യാൻ പറഞ്ഞത്. പുതിയ സിനിമയായ ഖാലി പേഴ്സിന്റെ പ്രമോഷന്റെ ഭാഗമായി ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. വിശദമായി വായിക്കാം.
'ഞങ്ങളുടെ ഒക്കെ രാജാവ് ആരാണെന്ന് അറിയാമോ, ഇങ്ങേരാണ്. ഏറ്റവും വലിയ മടിയനാണ് ഈ പറയുന്നത്. ഒരു മടിയന് പെട്ടെന്ന് അടുത്ത മടിയനെ തിരിച്ചറിയാൻ പറ്റും. നീയാണ് ഭാവിയിൽ എന്റെ തലമുറ കൊണ്ടുപോവാനുള്ള ആളെന്ന് എന്നോട് പറഞ്ഞതാണ്. അങ്ങനെ പറഞ്ഞ ആൾ ഇൻർവ്യൂയിൽ വന്നിട്ട് എനിക്കിട്ട് താങ്ങിയല്ലേ. എന്തും പറയാൻ ലൈസൻസുള്ള കുറച്ച് ആളുകളിൽ ഒരാളാണ് അദ്ദേഹം. എന്റെ ആശാനാണ്,' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
'അദ്ദേഹം ഉദ്ദേശിച്ച ഉഴപ്പ് ഏതുമാകാം. ഇന്നലെ ദുബായിയിലെ ഷൂട്ടിങ് കഴിഞ്ഞ് വെളുപ്പിന് നാട്ടിൽ എത്തി. ഉറങ്ങി എഴുന്നേറ്റാണ് ഉച്ചയ്ക്ക് ഞാൻ ഈ സിനിമയുടെ പ്രമോഷന് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഓരോ സിനിമയും പത്ത് ഇരുപത് ദിവസം കൊണ്ടാണ് ഞാൻ ചെയ്ത് തീർത്തത്. ഉടലിന് ഞാൻ 19 ദിവസമാണ് എടുത്തത്. സെറ്റിൽ രാവിലെ ഏഴ് മണിക്കെങ്കിലും എത്തിയിലെങ്കിൽ ഇത്രയധികം ഷോട്ടുകൾ പൂർത്തിയാക്കി ഈ സമയത്തിനുള്ളിൽ എനിക്ക് ഷൂട്ട് പൂർത്തിയാക്കാനാവില്ല,'
'അങ്ങനെ അല്ലെങ്കിൽ എനിക്ക് ഇത്രയും സിനിമകൾ ചെയ്യാൻ കഴിയില്ല. കഴിഞ്ഞ വർഷം ഞാൻ പത്തോളം സിനിമകൾ ചെയ്തു. നമ്മൾ ചെയ്യുന്നത് വളരെ മെക്കാനിക്കൽ ആയ ജോലിയാണ്. തൊഴിലുറപ്പുകാർ പണിക്ക് പോകുന്നത് പോലെയാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. ആ ഉഴപ്പല്ല. ബൈജുവേട്ടൻ ഉദ്ദേശിച്ച ഉഴപ്പ് എനിക്ക് അറിയില്ല. ഒരുപക്ഷെ സിനിമ തിരഞ്ഞെടുക്കുന്നതിലും സിനിമയെ സീരിയസ് ആയി കാണാത്തതും ഒക്കെയാവും,'
'അല്ലാതെ ഞാൻ ഷൂട്ടിന് കൃത്യമായി ഞാൻ വന്നും പോയും ഇരിക്കുന്നതൊക്കെ കൊണ്ടാണ് എനിക്ക് ഇപ്പോഴും സിനിമകൾ ലഭിക്കുന്നത്. അല്ലെങ്കിൽ പ്രൊഡ്യൂസർമാർ ആരെങ്കിലും എന്നെ വിളിക്കുമോ. ജീവിതത്തിൽ ഒരു സീരിയസന്സും ഇല്ലാത്തതിനെ ഉഴപ്പ് എന്ന് പറയാം. അങ്ങനെ ഒരു സീരിയസ്നസും ഇല്ലാത്ത ഉഴപ്പനാണ് ബൈജുവേട്ടൻ.' ധ്യാൻ പറഞ്ഞു.

അടുത്തിടെ ഒരു അഭിമുഖത്തിൽ താര പുത്രന്മാരെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ബൈജു സന്തോഷ് ധ്യാൻ ഒരു ഉഴപ്പനാണെന്ന് പറഞ്ഞത്. ഇപ്പോൾ ഒരുപാട് സിനിമകളിൽ ധ്യാൻ അഭിനയിക്കുന്നുണ്ടെങ്കിലും ഉഴപ്പിന്റെ ആളാണെന്നും കുറച്ചു കൂടെ സീരിയസായി സിനിമയെ സമീപിക്കേണ്ടതുണ്ട് എന്നായിരുന്നു ബൈജു ധ്യാനിനെക്കുറിച്ച് പറഞ്ഞത്.
പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരെ കുറിച്ചും ബൈജു സംസാരിച്ചിരുന്നു. പൃഥ്വിരാജ് മിടു മിടുക്കൻ ആണ്. ദുൽഖർ ഇങ്ങനെയൊന്നും എത്തുമെന്ന് ചിന്തിച്ചതല്ല. അവൻ ഇനിയും പ്രൂവ് ചെയ്യാനുണ്ട് എന്നാണ് ബൈജു പറഞ്ഞത്. ബൈജുവിന്റെ വാക്കുകൾ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications