മമ്മൂട്ടി അങ്കിൾ വിളിപ്പിച്ചു; എനിക്കൊരു റെക്കോർഡ് ഉണ്ട്, അത് നീ തകർക്കുമോയെന്ന് ചോദിച്ചു: ധ്യാൻ ശ്രീനിവാസൻ
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. മലയാള സിനിമയിലെ യുവതാരങ്ങളിലെ പ്രധാനിയാണ് താരം. സിനിമയിലെന്ന പോലെ ഓഫ് സ്ക്രീനിലും താരമാണ് ധ്യാൻ. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. അഭിമുഖങ്ങളിൽ ധ്യാൻ പങ്കുവയ്ക്കുന്ന കഥകളാണ് പ്രേക്ഷകർക്കിടയിലെ സ്വീകാര്യതയ്ക്ക് കാരണം. തന്റെ ജീവിതത്തിലെ അനുഭവങ്ങളും സുഹൃത്തുക്കളുടെ കഥകളുമൊക്കെ ധ്യാന്‍ വളരെ രസകരമായി അവതരിപ്പിക്കാറുണ്ട്.
നദികളില്‍ സുന്ദരി യമുനയാണ് ധ്യാനിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ധ്യാന്‍ ഇപ്പോൾ. അജു വര്‍ഗീസും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റ് നടന്നത്. തന്റെ കരിയറിനെ കുറിച്ചും സിനിമാ തിരഞ്ഞെടുപ്പുകൾ കുറിച്ചൊക്കെ ധ്യാൻ പ്രസ് മീറ്റിൽ സംസാരിച്ചിരുന്നു. അതിനിടെ തന്റെ അവസാനം പുറത്തിറങ്ങിയ ജയിലർ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്ക് മമ്മൂട്ടിയെ കണ്ട കഥയും പങ്കുവച്ചു. അതിപ്പോൾ വൈറലായി മാറുകയാണ്.

അടുത്തുണ്ടായിട്ട് കാണാൻ വന്നില്ലല്ലോ എന്ന് മമ്മൂട്ടി പരാതി പറഞ്ഞത് പ്രകാരം താൻ കാണാൻ ചെല്ലുകയായിരുന്നു. സംസാരിക്കുന്നതിനിടയ്ക്ക് താൻ 80കളിൽ സ്ഥാപിച്ച റെക്കോർഡ് നീ തകർക്കുമോ എന്നാണ് മമ്മൂട്ടി ചോദിച്ചതെന്ന് ധ്യാൻ പറയുന്നു. 'ഞാൻ ജയിലർ സിനിമ ഷൂട്ട് ചെയ്യുമ്പോൾ അപ്പുറത്ത് നൻപകൽ നേരത്തിന്റെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. കുറച്ചു ദിവസമായിട്ട് മമ്മൂട്ടി അങ്കിൾ അപ്പുറത്ത് റൂമിൽ ഉണ്ടെന്ന് എനിക്ക് അറിയാം. പക്ഷേ ഞാൻ ഷൂട്ടിൽ തിരക്കായത് കൊണ്ട് കാണാൻ കഴിഞ്ഞില്ല', (ചിരിയോടെ) ധ്യാൻ പറയുന്നു.
'അവൻ ഇവിടെ ഉണ്ടല്ലോ ഇത്രയും ദിവസമായിട്ട് കാണാൻ വന്നില്ലല്ലോ എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ഒരു ദിവസം ഞാൻ ഷൂട്ടൊക്കെ കഴിഞ്ഞ് കാണാൻ ചെന്നു. ആന്റോ ജോസഫ് ചേട്ടനാണ് എന്നെ മമ്മൂക്കയുടെ അടുത്തേക്ക് കൊണ്ടുപോയത്. പ്രൊഡ്യൂസർ അസോസിയേഷൻ നിലനിന്നു പോകുന്നതിന് കാരണക്കാരനാണ് ഞാനെന്നാണ് മമ്മൂക്കയ്ക്ക് മുന്നിലെത്തിയപ്പോൾ ആന്റോ ചേട്ടൻ പറഞ്ഞത്. കാരണം പുതിയ കുറെ നിർമാതാക്കൾ അവിടെ രജിസ്റ്റർ ചെയ്യുകയല്ലേ', ധ്യാൻ പറയുന്നു.
'അവിടെ വെച്ച് മമ്മൂട്ടി അങ്കിൾ എന്നോട് ഈ വർഷം എത്ര സിനിമയായെന്ന് ചോദിച്ചു. ഒരു എട്ടെണ്ണം ആയെന്ന് ഞാൻ മറുപടി നൽകി. 'എനിക്കൊരു റെക്കോർഡ് ഉണ്ടായിരുന്നു. 84 ലോ 86 ലോ ആണ്. 34 പടം. ആ റെക്കോർഡ് നീ ബ്രേക്ക് ചെയ്യുമോ' എന്ന് ചോദിച്ചു. (ചിരിക്കുന്നു) എന്തായാലും ഞാൻ അതിന് ശ്രമിക്കുന്നുണ്ട്', ധ്യാൻ പറഞ്ഞു.

നടനാവണമെന്നാഗ്രഹിച്ച് സിനിമയിലെത്തിയ ആളല്ല താനെന്നും ധ്യാൻ പ്രസ് മീറ്റിൽ പറഞ്ഞു. ഡയറക്ടറാവണമെന്നായിരുന്നു ആഗ്രഹം. പരാജയപ്പെടാൻ വേണ്ടിയല്ല സിനിമകൾ ചെയ്യുന്നത്. അങ്ങനെ ആരും ചെയ്യില്ല. കൊറോണക്കാലത്ത് ഞാന്‍ കുറേ സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. അത് തീര്‍ത്തുവരികയാണ്. എനിക്കെവിടെയെങ്കിലുമൊക്കെ പരിചയമുള്ള ആള്‍ക്കാരുടെ സിനിമകളാണ് അതൊക്കെ. മിക്കവയും പുതുമുഖങ്ങളുടെ സിനിമകളാണ്. അവരുടെ കോണ്‍ഫിഡന്‍സാണ് സിനിമയെ നയിക്കുന്നതെന്നും ധ്യാൻ പറഞ്ഞു.
കൃത്യമായ കരിയര്‍ പ്ലാനില്ലാതെ നടനായ ആളാണ് ഞാന്‍. കൊവിഡ് കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു മടുപ്പായിരുന്നു. ഇനി വര്‍ക്ക് ചെയ്യാമെന്നായിരുന്നു തീരുമാനിച്ചത്. അതാണ് ഇപ്പോഴും ഞാന്‍ തീര്‍ത്തുകൊണ്ടിരിക്കുന്നത്. ഉടല്‍ കഴിഞ്ഞ് ഞാന്‍ ഏറ്റവും കൂടുതല്‍ പുഷ് ചെയ്യാന്‍ പോവുന്ന സിനിമയാണ് നദികളില്‍ സുന്ദരി യമുന. എന്റെ അഭിമുഖം കാണുമ്പോള്‍ സിനിമ ഓടുമോ ഇല്ലയോ എന്നതിന് ഞാന്‍ എവിടെയെങ്കിലും ഒരു ക്ലൂ ഇട്ടിട്ടുണ്ടാവുമെന്നും ധ്യാൻ പ്രസ് മീറ്റിൽ സംസാരിക്കവെ പറഞ്ഞു.


Click it and Unblock the Notifications