'അഞ്ച് വർഷം കഴിഞ്ഞ് എനിക്ക് നാഷണൽ അവാർഡ് ലഭിക്കും'; ജ്യോത്സ്യന്റെ പ്രവചനത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ
മലയാളത്തിലെ യുവതാരങ്ങളിലെ മിന്നും താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ധ്യാൻ, നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ്. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ധ്യാൻ. സെറ്റിൽ നിന്ന് സെറ്റുകളിലേക്കുള്ള ഓട്ടത്തിലാണ് നടനിപ്പോൾ. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ച നടൻ കൂടിയാണ് ധ്യാൻ.
എന്നാൽ ഈ സിനിമകളെക്കാളൊക്കെ ഹിറ്റായത് ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ധ്യാൻ നൽകിയ അഭിമുഖങ്ങൾ ആണെന്നതാണ് സത്യം. ധ്യാനിന്റെ മിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ ആയുസില്ലാതെ ഓടിടിയിലേക്കും മറ്റും പോയപ്പോൾ അഭിമുഖങ്ങൾ യൂട്യൂബിൽ മില്യൺ അടിക്കുന്ന കാഴ്ചയാണ് കണ്ടത്. എല്ലാം തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്. അത് തന്നെയാണ് ധ്യാൻ അഭിമുഖങ്ങൾക്ക് ആരാധകർ ഉണ്ടാകാനുള്ള കാരണവും.

ഇപ്പോഴിതാ, വിഷു ദിനത്തോട് അനുബന്ധിച്ച് മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് പ്രത്യേക അഭിമുഖം നൽകിയിരിക്കുകയാണ് ധ്യാൻ. തന്റെ സിനിമകളുടെ പരാജയത്തെ കുറിച്ചും തന്റെ കരിയർ സംബന്ധിച്ച് ഒരു ജ്യോത്സ്യൻ നടത്തിയ നിർണായക പ്രവചനത്തെ കുറിച്ചൊക്കെ ധ്യാൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.
'എന്നോട് പലരും ചോദിക്കാറുണ്ട് എന്തിനാണ് ഇങ്ങനെ കുറെ സിനിമകൾ ചെയ്യുന്നതെന്ന്. സത്യം പറഞ്ഞാൽ കൊറോണ വന്നപ്പോൾ ഞാൻ പേടിച്ചു പോയി അങ്ങനെയാണ് കുറെ സിനിമകൾ ഏറ്റത്. എനിക്ക് സിനിമയോട് ഭയങ്കര പാഷൻ ഒന്നുമുള്ള ആളല്ല. ജീവിതത്തിൽ ഒരു കാര്യത്തിനോടും ഇല്ല. പക്ഷെ എന്നോട് വന്ന് കഥ പറഞ്ഞ ആളുകൾക്ക് ഒക്കെ ഇതിനോട് പാഷനുണ്ട്. അതേസമയം, സിനിമകൾ വിജയിക്കാതിരിക്കാൻ പല കാരണങ്ങളുമുണ്ട്,'
'കഴിഞ്ഞ വർഷം 130 ഓളം സിനിമകളാണ് ഇറങ്ങിയത്. ഇതിൽ ഏഴോ എട്ടെണ്ണമോ ആണ് ഓടിയത്. അതിനിടെ വലിയ താരങ്ങളുടെ സിനിമകൾ അടക്കം പൊട്ടിപ്പോയി. അതിനിടയിൽ എന്റെയും പൊട്ടി എന്നുള്ളത് അല്ലാതെ മറ്റൊന്നുമില്ല. ബാക്കിയുള്ള എല്ലാവരുടെയും പടം പൊട്ടുമ്പോൾ കൂട്ടത്തിൽ എന്റെയും പൊട്ടുന്നു എന്നുള്ളതാണ്,' അതിൽ എനിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് ധ്യാൻ പറയുന്നത്.
എന്റെ കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളിൽ ഉടൽ തിയേറ്ററിൽ ഓടിയ ചിത്രമാണ്. മറ്റെല്ലാം പൊട്ടി. പക്ഷെ ഇതെല്ലാം സാമ്പത്തികമായി വിജയിച്ചിട്ടുണ്ട്. അതായത് അതെല്ലാം ബിസിനസായി നിർമ്മാതാവിന് കാശ് കിട്ടിയ സിനിമകളാണ്. ഒരു രൂപയെങ്കിലും ഒരു രൂപ നിർമ്മാതാക്കൾക്ക് ലാഭം കിട്ടിയിട്ടുണ്ട്. അക്കാര്യത്തിൽ ഞാൻ ഹാപ്പിയാണെന്നും ധ്യാൻ പറഞ്ഞു.
അഞ്ച് കൊല്ലം കഴിഞ്ഞ് എനിക്ക് നാഷണൽ അവാർഡ് അല്ലെങ്കിൽ സ്റ്റേറ്റ് അവാർഡ് കിട്ടുമെന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ടെന്നും ധ്യാൻ പറയുന്നുണ്ട്. മിനിമം ഒരു അവാർഡ് എങ്കിലും കിട്ടുമെന്നാണ് പുള്ളി പറഞ്ഞത്. അപ്പോൾ ഞാൻ ആ ജ്യോത്സ്യനോട് ചോദിച്ചു, എങ്കിൽ നാല് കൊല്ലം കഴിഞ്ഞ് പണിയെടുത്താൽ പോരേയെന്ന്.
അപ്പോൾ പുള്ളി പറഞ്ഞു, മതി മോനെ എന്ന്. പക്ഷെ നാല് കൊല്ലത്തിനുള്ളിൽ എന്നെ ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കല്ലേ എന്നാണ്. കാരണം അഞ്ചാമത്തെ കൊല്ലം എനിക്ക് അവാർഡ് വാങ്ങാൻ ഉള്ളതാണ്.

ഇപ്പോൾ ഞാൻ സീറോ ആണ്. അഞ്ച് കൊല്ലം കഴിയുമ്പോൾ ഹീറോ ആവും. പക്ഷെ ഞാൻ അവാർഡ് വാങ്ങുന്ന മേഖല ഏതാണെന്ന് ജ്യോത്സ്യൻ പറഞ്ഞിട്ടില്ല. എത്ര മേഖലകളിൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. എഴുത്തിൽ വല്ലതും ആയിരിക്കും. നാല് കൊല്ലം കഴിഞ്ഞ് ഞാൻ അവാർഡും കൊണ്ട് വരുമെന്ന് ജ്യോത്സ്യനോട് പറഞ്ഞിട്ടാണ് ഇറങ്ങിയത് എന്നും ധ്യാൻ പറഞ്ഞു.
ഖാലി പേഴ്‌സ് ഓഫ് ബില്യണെഴ്സ് ആണ് ധ്യാനിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നദികളിൽ സുന്ദരി യമുന, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ് റിലീസിന് ഒരുങ്ങുന്നത്. ഇത് കൂടാതെ നിരവധി സിനിമകൾ അണിയറയിൽ ഉണ്ടെന്നാണ് നടൻ പറയുന്നത്. ചേട്ടൻ വിനീത് ശ്രീനിവാസന് ഒപ്പമുള്ള ചിത്രവും ഈ വർഷമവസാനം ഉണ്ടാകും എന്നാണ് വിവരം.


Click it and Unblock the Notifications