'അന്ന് ആടുജീവിതം തന്നെയെന്ന് തോന്നിപ്പോയി; ഫോൺ കിട്ടില്ല, വാഹനങ്ങളോ മനുഷ്യരോ ഇല്ല'; ബ്ലെസി പറയുന്നു
സിനിമാപ്രേമികൾ വലിയ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട, ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവലാണ് അതേ പേരിൽ സംവിധായകൻ ബ്ലെസി സിനിമയാക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായെത്തുന്ന ആടുജീവിതം സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന പ്രോജക്ടാണ്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
പ്രഖ്യാപനം മുതൽ തന്നെ വളരെയധികം ശ്രദ്ധ നേടിയ സിനിമയാണ് ആടുജീവിതം. ചിത്രത്തിന്റെ ഓരോ പുത്തൻ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പൃഥ്വിരാജിന്റ ശരീരഭാരം കുറച്ച ലുക്കും, ഷൂട്ടിങ് സെറ്റിലെ ലീക്കായ ചില സ്റ്റില്ലുകളും ട്രെയിലർ കട്ടുമൊക്കെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഇപ്പോഴിതാ ആരാധകരുടെ കാത്തിരുപ്പിന് വിരാമമെന്നോണം ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അടുത്ത വർഷം ഏപ്രിൽ പത്തിന് ചിത്രം തിയറ്ററുകളിലെത്തും. അതിനിടെ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകൻ ബ്ലെസി. ആടുജീവിതം തന്നെയെന്ന് തോന്നിപോയ കാലമായിരുന്നു അതെന്ന് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
2010 ൽ ആണ് നോവൽ സിനിമയാക്കാൻ സംവിധായകൻ ബ്ലെസി തീരുമാനിക്കുന്നത്. 2015 ൽ ബ്ലെസി തന്നെ തിരക്കഥ പൂർത്തിയാക്കി. 2018 മാർച്ച് ഒന്നിനാണ് ഷൂട്ടിങ് തുടങ്ങിയത്. പത്തനംതിട്ട ചെറുകോൽപ്പുഴയിലുള്ള അയിരൂരിലാണ് പ്രധാന കഥാപാത്രമായ നജീബിന്റെ വീടും പരിസരവും ഷൂട്ട് ചെയ്തത്. അവിടം മുതൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായെന്ന് ബ്ലെസി പറയുന്നു.
'2018ൽ അയിരൂരിൽ 14 ദിവസത്തെ ഷൂട്ടായിരുന്നു. പലപ്പോഴും പുഴയിൽ ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല. ഡാം തുറക്കുന്ന ദിവസങ്ങളിലാണ് പുഴയിലെ സീനുകൾ എടുത്തത്.' ബ്ലെസി ഓർക്കുന്നു. രാജസ്ഥാനിലെയും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലെയും പല മരുഭൂമികളും പരിഗണിച്ചെങ്കിലും അനുമതികളും മറ്റു സാങ്കേതിക പ്രശ്നങ്ങളും മൂലം ഷൂട്ട് നടന്നില്ല. ഒടുവിലാണ് 2019 ൽ ജോർദാൻ മരുഭൂമിയിൽ ഷൂട്ട് തുടങ്ങുന്നത്. മൂന്നു വർഷത്തിനിടെയുള്ള കഥയായതിനാൽ പല ഷെഡ്യൂളുകളായാണ് ഷൂട്ട് ചെയ്തത്.
2020 ൽ ജോർദാനിലെ ഷൂട്ടിനിടെയാണ് കോവിഡ് വരുന്നതും ഷൂട്ടിങ് സംഘം 75 ദിവസത്തോളം മരുഭൂമിയിൽ കുടുങ്ങിപ്പോകുന്നതും. 'അന്നു കഥാപാത്രത്തിനായി 35 കിലോയോളം ഭാരം കുറച്ച പൃഥ്വിരാജ് ഉൾപ്പെടെയുള്ള സംഘം അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഫോൺ പോലും കൃത്യമായി കിട്ടില്ല.
മരുഭൂമിയിലേക്കു വാഹനങ്ങളോ മനുഷ്യരോ വരുന്നില്ല, ആടുജീവിതം തന്നെയെന്നു തോന്നിപ്പോയ കാലം,' ബ്ലെസി പറയുന്നു. 2022ലാണ് പിന്നീട് അവിടെ ഷൂട്ടിന് അനുമതി ലഭിക്കുന്നത്. ഷൂട്ടിങ് പൂർത്തിയാക്കി കഴിഞ്ഞ ഒരു വർഷത്തിലേറെയായി പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളിലാണെന്നും ബ്ലെസി പറഞ്ഞു.
മലയാളത്തിൽ നിന്നും പാൻ ഇന്ത്യൻ സിനിമയായി ആടുജീവിതം മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജിന് പുറമെ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ.ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.


Click it and Unblock the Notifications