'ശരിയാണ്... വളരെ വൃത്തികെട്ടവൻ! പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതത്തിൽ കൈകടത്തിയ ആൾ...': മേജർ രവി
നടൻ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. രണ്ടു ദിവസം മുൻപ് കോഴിക്കോട് വെച്ചാണ് വിവാദ സംഭവം നടക്കുന്നത്. മാധ്യമങ്ങളെ കാണുന്നതിനിടയില്‍ തന്നോട് ചോദ്യം ചോദിച്ച വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ അനുവാദമില്ലാതെ പിടിക്കുകയായിരുന്നു നടൻ. അതില്‍ അസ്വസ്ഥയായ മാധ്യമ പ്രവർത്തക ഉടൻ തന്നെ ഒഴിഞ്ഞുമാറി. എന്നാൽ സുരേഷ് ഗോപി വീണ്ടും തോളിൽ കൈവെച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നടന്റെ കൈകള്‍ എടുത്തു മാറ്റേണ്ടി വരുകയായിരുന്നു.
സംഭവം വിവാദമായി മാറിയതോടെ സുരേഷ് ഗോപി ക്ഷമ ചോദിച്ചു. വാത്സല്യത്തോടെ ചെയ്തതാണെന്നും അപമര്യാദയായി പെരുമാറിയതല്ലെന്നും നടൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. എന്നാൽ സംഭവത്തില്‍ സുരേഷ് ഗോപിയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് മാധ്യമപ്രവർത്തകയുടെ നിലപാട്. ഇതിനു പിന്നാലെ നിരവധി പേരാണ് നടന് പിന്തുണയുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിൽ പ്രമുഖ താരങ്ങളും മിമിക്രി താരങ്ങളുടെ സംഘടനയുമടക്കം സുരേഷ് ഗോപിയെ പിന്തുണച്ച് എത്തിയിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജർ രവി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മേജർ രവിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് മേജർ രവിയുടെ പോസ്റ്റ്. അങ്ങനെയുള്ള ഒരു മനുഷ്യനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്ന് സംവിധായകൻ ചോദിക്കുന്നു.
'സുരേഷ് ഗോപി... ശരിയാണ് വളരെ വൃത്തികെട്ടവൻ... പിതൃ തുല്യൻ എന്നും പറഞ്ഞു എത്രയോ പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതത്തിൽ കൈകടത്തിയ ആൾ... അവരുടെ വിദ്യാഭ്യാസം, രോഗങ്ങൾ അതുപോലെ ഉള്ള പല ജീവിത പ്രശ്നങ്ങൾക്കും പരിഹാരം കണ്ട ആൾ. തന്റെ പ്രിയപ്പെട്ട മോളുടെ മരണശേഷം ആ കുട്ടിയുടെ പേരിൽ തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റ്.... അയ്യേ ആള് ശരിയല്ല',
'നാട്ടുകാരെ ഈ കേരളത്തിൽ തന്നെയാണ് ഒരു പാവപ്പെട്ട ജനസമ്മതനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നത്. അദ്ദേഹത്തെ പറ്റി പറഞ്ഞ അപവാദങ്ങളും അദ്ദേഹത്തിനുണ്ടാക്കിയ ചീത്ത പേരുകളും ഇതിൻറെ ഒന്നും ഏഴ് അയലത്ത് വരൂല്ല. അന്നും ഒരു അവതാരം ഇറങ്ങി... പിന്നെ നിരങ്ങി.... നിങ്ങൾ ഒന്നു മറക്കണ്ട... ഇതിനെല്ലാം മറുപടി അദ്ദേഹത്തിന്റെ മരണത്തിനുശേഷം ജനങ്ങൾ കൊടുത്തു. എന്തായാലും ഇത് ചെയ്തിരിക്കുന്നവരെ ഞാൻ സമ്മതിച്ചിരിക്കുന്നു',

'നിങ്ങൾക്കൊക്കെ സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു!!? കഷ്ടം... ചെയ്തത് തെറ്റാണെന്ന് തോന്നിയതുകൊണ്ട് മാപ്പ് ചോദിച്ചു... നിങ്ങൾ വിട്ടില്ല. കാരണം നിങ്ങൾക്ക് മാപ്പ് അല്ലല്ലോ വേണ്ടത്. സീറ്റ് അല്ലേ വേണ്ടത്... ആ കൂട്ടത്തിൽ കുറെ നാഷണൽ സെക്യൂരിറ്റിയെ ബാധിക്കുന്ന ന്യൂസുകൾ മുക്കാനും സാധിച്ചു. പാവം ജനങ്ങൾ. എല്ലാവർക്കും നമസ്കാരം ജയ്ഹിന്ദ്.' മേജർ രവി കുറിച്ചു.
നേരത്തെ നടി അശ്വതിയും ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഒരു നല്ല മനുഷ്യന്‍. ഒരു നല്ല മനുഷ്യ സ്നേഹി. അകാലത്തില്‍ വിധി അടര്‍ത്തി മാറ്റിയ പൊന്നോമനയുടെ ഓര്‍മ്മകള്‍ ഇന്നും ഹൃദയത്തില്‍ പേറുന്ന ഒരു നല്ല അച്ഛനാണെന്നുമാണ് സുരേഷ് ഗോപിയെക്കുറിച്ച് അശ്വതി പറഞ്ഞത്. സുരേഷ് ഗോപി ഒരിക്കൽ പോലും മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഒരു സ്ത്രീയോട് പോലും മോശമായി പെരുമാറിയിട്ടില്ലാത്ത വ്യക്തിയാണെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.


Click it and Unblock the Notifications