കഥ പറയാൻ ചെന്ന എന്റെ മുഖത്തുപോലും നോക്കിയില്ല; പാദമുദ്രയിൽ മോഹൻലാൽ എത്തിയത് ഇങ്ങനെ; സംവിധായകൻ
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് പാദമുദ്ര. രാജശിൽപി, യുഗപുരുഷൻ തുടങ്ങിയ സിനിമകൾ ഒരുക്കിയ ആർ സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. അച്ഛൻ കാരണം മകനുണ്ടാകുന്ന മാനസിക സംഘർഷങ്ങളുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ നേടുകയും മോഹൻലാലിന് ആ വർഷത്തെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തു.
ഇപ്പോഴിതാ ആ സിനിമ സംവിധാനം ചെയ്യുന്നതിലേക്ക് താൻ എത്തിയതിനെ കുറിച്ചും മോഹൻലാലിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ചും സംസാരിക്കുകയാണ് സുകുമാരൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകാരനായ സുകുമാരൻ ജർമനിയിൽ പെയിന്റിങ് എക്സിബിഷൻ നടത്തുന്നതിനിടെയാണ് സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്.

പാദമുദ്രയുടെ നിർമാതാവായ അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി ഒരു കഥയുമായി സമീപിക്കുകയും അത് മലയാളി പ്രേക്ഷകർ അംഗീകരിക്കില്ല എന്ന കാരണത്താൽ സുകുമാരൻ തന്റെ പഴയൊരു ചെറുകഥ സിനിമയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. തിയേറ്ററിൽ പോയി സിനിമ കണ്ട പരിചയം മാത്രം കൊണ്ടാണ് അന്ന് സിനിമ ചെയ്യാൻ ഇറങ്ങിയതെന്ന് സുകുമാരൻ പറയുന്നു. ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് നെടുമുടി വേണുവിനെ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'ആ വേഷത്തിലേക്ക് നെടുമുടി വേണു വന്നാൽ നന്നാകുമെന്ന് എല്ലാവരും പറഞ്ഞു. നല്ല അഭിനയപ്രാധാന്യമുള്ള വേഷമാണ്. അങ്ങനെ അദ്ദേഹത്തെ പോയി കണ്ടു. കഥ പറഞ്ഞ ഉടനെ അദ്ദേഹം ചെയ്യാമെന്ന് ഏറ്റു. എന്നാൽ തിരിച്ചു തിരുവനന്തപുരത്തേക്ക് എത്തിയ ഉടനെ ജർമനിയിൽ നിന്നും നിർമാതാവിന്റെ കോൾ വന്നു. നെടുമുടി വേണു പറ്റില്ല. മോഹൻലാൽ ആണെങ്കിൽ നോക്കാമെന്ന്',
'ആകെ വിഷമമായി. വീണ്ടും നെടുമുടി വേണുവിനെ കണ്ട് കാര്യം പറഞ്ഞു. അദ്ദേഹവും ലാൽ ചെയ്യട്ടെ തനിക്ക് എന്തെങ്കിലും ഒരു വേഷം മതിയെന്ന് പറഞ്ഞു. അതിനുശേഷം ലാലിനെ കാണാൻ പോയി. അദ്ദേഹമുള്ള സെറ്റിൽ ചെന്നു. ഞാൻ ചെല്ലുമ്പോൾ ഷോട്ടിന്റെ ഇടവേളയിൽ കസേരയിൽ കുമ്പിട്ട് ഇരിക്കുകയാണ് ലാൽ. ആരാധകർ ചുറ്റും നിൽക്കുന്നുണ്ട്. ഞാൻ പരിചയമില്ലാത്തതിനാൽ മിണ്ടാതെ നിൽക്കുകയാണ്. അദ്ദേഹം നോക്കുന്നതുമില്ല', സുകുമാരൻ പറയുന്നു.
'വീണ്ടും ഷോട്ടെടുക്കാൻ പോയി. തിരിച്ചുവന്ന് അതേരീതിയിൽ ഗമയിൽ ഇരുന്നു. ഇങ്ങനെ ഇരുന്നത് കൊണ്ട് കാര്യമില്ലല്ലോ, കാര്യം ചോദിക്കണ്ടേ എന്ന് കരുതി ഞാൻ സംസാരിച്ചു. പരിചയപ്പെടുത്തിയ ശേഷം ഒരു സിനിമയുണ്ട്, ലാൽ ചെയ്താലേ ശരിയാകൂ. മറ്റാരുടെയും റെക്കമെൻഡേഷൻ ഇല്ലാതെ വന്നത് എനിക്ക് അത്രയും വിശ്വാസമുള്ളത് കൊണ്ടാണ്. ലാൽ ചെയ്യണം എന്ന് പറഞ്ഞു. എന്നെകൊണ്ട് പറ്റില്ല. എനിക്ക് ഒരുപാട് പടങ്ങൾ ചെയ്യാനുണ്ട് എന്നായിരുന്നു മറുപടി',

'എന്റെ കഥ കേട്ടാൽ ലാൽ ഡേറ്റ് തരുമെന്ന് ഞാൻ പറഞ്ഞു. ലാൽ കുഞ്ഞിഞ് ഇരിക്കുകയാണ്. മുഖത്ത് പോലും നോക്കുന്നില്ല. എന്താണ് കഥയെന്ന് ചോദിച്ചു. ഒരു ജാര പുത്രന്റെ ആത്മസംഘർഷത്തിന്റെ കഥയാണെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി. നാളെ എന്നെ വന്നൊന്ന് കാണൂ എന്ന് പറഞ്ഞു. കോവളത്തേക്ക് ഷൂട്ടിങ്ങിന് പോകാൻ ഇറങ്ങുമ്പോഴാണ് ഞാൻ ചെല്ലുന്നത്. വണ്ടിയിൽ കയറാൻ പറഞ്ഞു. അവിടെ എത്തുന്നതിന് മുൻപ് ഞാൻ കഥ പറഞ്ഞ് കേൾപ്പിച്ചു',
'കഥ ഇഷ്ടപ്പെട്ടു. ഡേറ്റ് കൊടുത്തവരോട് സംസാരിച്ചിട്ട് നാളെ പറയാമെന്ന് പറഞ്ഞു. പിറ്റേന്ന് ഷൂട്ടിങ് സ്ഥലത്ത് ചെന്നു. ദൂരെ നിന്ന് എന്നെ കണ്ട് അയാൾ ഓടി എന്റെയടുത്തേക്ക് വന്നു. സാർ ആരും ഡേറ്റ് മാറ്റാൻ തയ്യാറല്ല. എനിക്ക് മൂന്ന് മാസം സമയം നൽകാമോ, അതിനു ശേഷം നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് പോന്നു',
'അതിനിടെ ഇദ്ദേഹത്തിന് ബാക്ക് പെയിൻ വന്ന് ചികിത്സയ്‌ക്കെല്ലാം പോയി. അതെല്ലാം കഴിഞ്ഞ് വന്നപ്പോഴേക്കും സ്ക്രിപ്റ്റും, ലൊക്കേഷനും എല്ലാം തയ്യാറായി. പെട്ടെന്ന് ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിൽ സമയം കിട്ടില്ലായിരുന്നു. അത് ഗുണമായി, അങ്ങനെ അയാളെ വെച്ച് പടം ചെയ്യുകയായിരുന്നു', ആർ സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications











