ദിലീപ് ബുദ്ധിപൂർവ്വമാണ് ഓരോന്ന് ചെയ്യുന്നത്; ജയറാം അതിനൊന്നും തയ്യാറായിരുന്നില്ല, അതാണ് സംഭവിച്ചത്: രാജസേനൻ
കുടുംബ പ്രേക്ഷകരുടെ പൾസറിഞ്ഞ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് രാജസേനൻ. തൊണ്ണൂറുകളിൽ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ജയറാമിനെ നായകനാക്കി ചെയ്ത സിനിമകളിലൂടെയാണ് രാജസേനൻ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ജയറാമിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളിൽ പലതും രാജസേനനുമായുള്ള കൂട്ടുകെട്ടിൽ പിറന്നതാണ്. ഇവരുടെ കോമ്പോയിൽ ഇറങ്ങിയ മിക്ക ചിത്രങ്ങൾക്കും ഇന്നും ഒരുപാട് ആരാധകരുണ്ട്.
1991ൽ പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണം എന്ന സിനിമയിലാണ് ജയറാമും രാജസേനനും ആദ്യമായി ഒന്നിക്കുന്നത്. 2006ൽ പുറത്തിറങ്ങിയ കനക സിംഹാസനം വരെ ഇവരുടെ കൂട്ടുകെട്ട് തുടർന്നു. ഈ പതിനഞ്ച് വർഷത്തിനിടയിൽ പതിനാറ് സിനിമകളാണ് ജയറാമിനെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്തത്. ഇതിൽ പകുതിയിലധികം സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. പിന്നീട് ചില പിണക്കങ്ങളെ തുടർന്ന് ഇവർ പിരിഞ്ഞു.

പിണക്കത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ രാജസേനൻ പറഞ്ഞത്ത്. പിണങ്ങിയത് കൊണ്ട് രണ്ടുപേർക്കും നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം പറയുകയുണ്ടായി. രാജസേനനയുമായി പിരിഞ്ഞ ശേഷം ജയറാമിന്റെ വിരലിലെണ്ണാവുന്ന ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ വിജയം കണ്ടത്.
കഴിഞ്ഞ കുറെ വർഷങ്ങളായി കരിയറിൽ വളരെ മോശം അവസ്ഥയിലൂടെ കടന്നുപോവുകയാണ് നടൻ. ജയറാം കൈപിടിച്ചു കൊണ്ടുവന്ന ദിലീപ് കരിയറിൽ കത്തികയറുമ്പോൾ ജയറാമിനുണ്ടായ തകർച്ച പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ, ജയറാമിന് സംഭവിച്ചത് എന്താണെന്ന് പറയുന്ന രാജസേനന്റെ ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. സ്വന്തം സ്റ്റൈലിൽ പോലും മാറ്റങ്ങൾ വരുത്താൻ ജയറാം തയ്യാറായിരുന്നില്ലെന്നാണ് രാജസേനൻ പറയുന്നത്.
'ജയറാമിന് സംഭവിച്ചത് എന്താണെന്നാൽ, മാറ്റങ്ങളിലേക്ക് പോകാൻ പുള്ളി തയ്യാറായിരുന്നില്ല. ഒരു കഥാപാത്രത്തിന് വേണ്ടി ഹെയർ സ്റ്റൈൽ മാറ്റാൻ പറഞ്ഞാൽ പോലും പുള്ളിക്ക് പ്രശ്നമായിരുന്നു. നാടൻ പെണ്ണും നാട്ടുപ്രമാണിയും എന്ന സിനിമയിൽ തലമുടിയിൽ ജെല്ലിട്ട് പിറകോട്ട് ചീകി വയ്ക്കുന്ന സ്റ്റൈൽ ആയിരുന്നു എന്റെ മനസ്സിൽ. പുള്ളിക്ക് അത് ചെയ്യാൻ അൽപം ബുദ്ധിമുട്ടായിരുന്നു. ജുബ്ബയും മുണ്ടും ആയിരുന്നു വേഷം',
'കർക്കശക്കാരനായ ഒരു നാട്ടുപ്രമാണിയെ കാണിക്കുമ്പോൾ അങ്ങനെ മുടി ചീകി വയ്ക്കുന്നതും ആ ജുബ്ബയും ഒക്കെ തന്നെ വേണം. അതുകൊണ്ട് ഞാൻ നിർബന്ധിച്ചാണ് ഇത് ചെയ്തത്. അതിന്റെ ഗുണം ആ സിനിമയ്ക്ക് കിട്ടി. കാരണം അതിനു മുൻപോ ശേഷമോ പുള്ളി അത്രയും വ്യത്യസ്തമായ അപ്പിയറൻസിൽ വന്നിട്ടില്ല. ഇപ്പോൾ പൊന്നിയിൻ സെൽവനിലാണ് പുള്ളി മറ്റൊരു രീതിക്ക് വന്നിരിക്കുന്നത്',
'ഒരു മാറ്റം സ്വന്തം ഫിഗറിൽ പുള്ളി ആഗ്രഹിച്ചിരുന്നില്ല എന്നതാണ്. അവിടെയാണ് ദിലീപിന്റെയൊക്കെ പ്രത്യേകത. ദിലീപ് ഓരോ സിനിമയിലും ഹെയർ സ്റ്റൈൽ മാറ്റും ഡ്രസിങ് മാറ്റും ഫേസ് തന്നെ മാറ്റുമല്ലോ. അങ്ങനെ വളരെ ബുദ്ധിപൂർവ്വം സിനിമയെ സമീപിക്കുന്ന ഒരാളാണ്', രാജസേനൻ പറഞ്ഞു.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജയറാം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം അബ്രഹാം ഓസ്ലറിലാണ് നടൻ അഭിനയിക്കുന്നത്. നല്ലൊരു പ്രൊജക്ടിനായി താൻ കാത്തിരിക്കുകയായിരുന്നെന്നും ആ കാത്തിരുപ്പ് വെറുതെയായില്ലെന്നുമാണ് അടുത്തിടെ ഒരു വേദിയിൽ ജയറാം പറഞ്ഞത്.
ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ പോലീസുകാരനായാണ് ജയറാം എത്തുന്നതെന്നാണ് സൂചന. 2022ല്‍ മകള്‍ എന്ന സിനിമയിലാണ് ജയറാം മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.


Click it and Unblock the Notifications











