'ആദ്യ കാഴ്ചയിൽ തന്നെ മഞ്ജു ഞെട്ടിച്ചു; സിനിമാ നടിയുടെ പകിട്ടൊന്നുമില്ലാത്ത ഒരു പാവാടക്കാരി': സത്യൻ അന്തിക്കാട്

മഞ്ജു വാര്യരെയും കുടുംബത്തെയും കുറിച്ച് മഞ്ജുവിന്റെ അമ്മയുടെ പുസ്തകമായ നിലാവെട്ടത്തിൽ സത്യൻ അന്തിക്കാട് എഴുതിയ വരികൾ ശ്രദ്ധനേടുകയാണ്

മലയാള സിനിമാ പ്രേമികൾ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നൽകിയിരിക്കുന്ന നടിയാണ് മഞ്ജു വാര്യർ. കേരളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് മഞ്ജു ഇന്ന്. 90 കളുടെ അവസാനം മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി തിളങ്ങി നിന്നിരുന്ന മഞ്ജു വർഷങ്ങൾക്ക് ശേഷമുള്ള തന്റെ തിരിച്ചുവരവിലാണ് ഏറ്റവും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയത്.

ഇന്ന് മലയാളത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ തമിഴിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുകയാണ് നടി. സാക്ഷ്യമെന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ സിനിമ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ സല്ലാപത്തിലൂടെ നായികയുമായി മാറുകയായിരുന്നു. ആ വർഷം തന്നെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി മഞ്ജു മലയാളത്തിലെ പ്രധാന നായികയായി മാറുകയായിരുന്നു.

നിരവധി മികച്ച അവസരങ്ങളാണ് പിന്നീട് മഞ്ജുവിനെ തേടി എത്തിയത്. സിനിമയിൽ എത്തണമെന്ന് കരുതി സിനിമയിലേക്ക് എത്തിയ ആളല്ല താനെന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നു എന്നാണ് പലപ്പോഴും തന്റെ കരിയറിനെക്കുറിച്ച് മഞ്ജു വിശേഷിപ്പിച്ചിട്ടുള്ളത്.

manju warrier

ഇപ്പോഴിതാ, മഞ്ജുവിനെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് സംവിധായകൻ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യരുടെ പുസ്തകമായ നിലാവെട്ടത്തിന്റെ അവതാരികയിലാണ് അദ്ദേഹം ഈ കൂടിക്കാഴ്‌ചയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

മഞ്ജു വാര്യരുടെ അമ്മ എന്ന നിലയിലാണ് ഗിരിജ വാര്യരെ സത്യന്‍ അന്തിക്കാട് പരിചയപ്പെടുന്നത്. ലോഹിതദാസായിരുന്നു മഞ്ജുവിനെയും അമ്മയേയും പരിചയപ്പെടുത്തിയത്. സല്ലാപം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി ഇവർ കാണുന്നത്. പുതിയ പെണ്‍കുട്ടിയാണ് നായിക. അപാരമായ അഭിനയശേഷിയുള്ള കുട്ടിയാണ്, ആ കുട്ടിയെ ശ്രദ്ധിച്ച് നോക്കൂ സത്യാ എന്ന് ലോഹി പറഞ്ഞിരുന്നതായും സത്യൻ അന്തിക്കാട് ഓര്‍ക്കുന്നു.

ഒരു സിനിമാ നടിയുടെ പകിട്ടൊന്നുമില്ലാത്തൊരു പാവാടക്കാരി, അതായിരുന്നു അന്നത്തെ മഞ്ജു. നമ്മുടെ വീടുകളിലൊക്കെ കാണുന്ന സാധാരണക്കാരിയായൊരു പെണ്‍കുട്ടി, എന്നാല്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിച്ചു. അത്രയും അനായാസമായാണ് അവര്‍ കഥാപാത്രമായി മാറിയത്. ഒരൊറ്റ ഷോട്ടില്‍ തന്നെ മഞ്ജുവിലെ അഭിനേത്രിയെ മനസിലാക്കിയ നിമിഷമായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു.

മകളോടൊപ്പം അന്ന് ലൊക്കേഷനിലേക്ക് അച്ഛനും അമ്മയും കൂട്ടുവന്നിരുന്നു. അങ്ങനെയാണ് അവരെ പരിചയപ്പെടുന്നത്. തന്റെ നാടിന്റെ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നായിരുന്നു അവരുടെ വരവ്. കണ്ണൂരിലാണ് ജോലിയെന്നും അത് നിര്‍ത്തി പുള്ളിലേക്ക് തിരിച്ച് വരാനുള്ള പ്ലാനിലാണ് താനെന്ന് അന്ന് മഞ്ജുവിന്റെ അച്ഛൻ മാധവ വാര്യര്‍ പറഞ്ഞിരുന്നു. അന്ന് തുടങ്ങിയതാണ് മാധവേട്ടനുമായുള്ള സൗഹൃദം.

അദ്ദേഹത്തിന്റെ നിഴലായാണ് ഗിരിജ വാര്യരെ കണ്ടിട്ടുള്ളത്. ഒരേ നാട്ടുകാരായതിനാല്‍ ഇടയ്ക്ക് മഞ്ജുവിന്റെ വീട്ടിലേക്ക് പോവാറുണ്ടായിരുന്നു. സിനിമാക്കാരുടെ സൗഹൃദം മാത്രമായിരുന്നില്ല ഞങ്ങളുടേത്. വീട്ടിലെ വിശേഷങ്ങളും നാട്ടിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ടെങ്കിലും ഗിരിജ വാര്യരുടെ ഉള്ളിലൊരു എഴുത്തുകാരിയുള്ളതായി അറിയില്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

മാധവേട്ടന്‍ അസുഖബാധിതനായി വിടവാങ്ങിയപ്പോള്‍ അതെങ്ങനെയാണ് അവര്‍ നേരിടുക എന്നോര്‍ത്ത് വിഷമിച്ചിരുന്നു. അത്രയേറെ ഒരുമയോടെ ജീവിച്ചവരായിരുന്നു. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഗിരിജ വാര്യരെ ദൂരെ നിന്ന് നോക്കി കാണുന്നുണ്ടായിരുന്നു. അതിനിടയില്‍ യാദൃശ്ചികമായാണ് ആ കുറിപ്പ് കിട്ടിയത്. കുടുംബസുഹൃത്തായിരുന്നു ആ കുറിപ്പ് എനിക്കയച്ച് തന്നത്.

manju warrier

മഞ്ജുവിനെ വിളിച്ചപ്പോള്‍ അമ്മ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ കഥകളൊക്കെ എഴുതുമായിരുന്നു എന്ന് പറഞ്ഞു. ഞാനങ്ങനെ കാര്യമായി ഒന്നും എഴുതാറില്ലെന്നായിരുന്നു അമ്മയുടെ പ്രതികരണം. നമ്മുടെ വീട്ടിലൊരാളായി നമ്മളോട് സംവദിക്കുന്ന പോലെയാണ് ഗിരിജ വാര്യരുടെ എഴുത്ത് എന്നുമാണ് സത്യന്‍ അന്തിക്കാട് അവതാരികയില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു മഞ്ജുവിന്റെ അമ്മ ​ഗിരിജ വാര്യരുടെ നിലാവെട്ടം എന്ന പുസ്തകം പ്രകാശനം ചെയ്തത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് നല്‍കിയാണ് പുസ്‌തക പ്രകാശനം നിര്‍വഹിച്ചത്. ഇതിന്റെ സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. നിരവധി പേരാണ് മഞ്ജുവിന്റെ അമ്മയ്ക്ക് ആശംസകളുമായി എത്തിയത്.

Read more about: sathyan anthikad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X