'ഫോട്ടോ എടുക്കുന്നതിനിടെ മോശമായി സ്പർശിച്ചു; അന്ന് ഞാൻ അനുഭവിച്ച വേദന...!': ദുൽഖർ സൽമാൻ പറയുന്നു
മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാമായി തിളങ്ങി നിൽക്കുകയാണ് ദുൽഖർ. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയ ദുൽഖർ വളരെ ചെറിയ കാലംകൊണ്ടാണ് ആ ഇമേജിന് അപ്പുറത്തേക്ക് വളർന്നത്. ഇന്ത്യയൊട്ടാകെ വലിയൊരു ആരാധകവൃന്ദം ഇപ്പോൾ ദുൽഖറിനുണ്ട്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ.
ഇന്ത്യയിൽ എവിടെ ചെന്നാലും തിരിച്ചറിയുന്ന നടനായി ദുൽഖർ മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ എവിടെ ചെന്നാലും ഒരുപാട് ആരാധകർ താരത്തെ വളയാറുണ്ട്. കൂടെ നിന്ന് സെൽഫി പകർത്താനുള്ള ആഗ്രഹവുമായി സമീപിക്കുന്നവരാണ് ഏറെയും. പൊതുവെ താരങ്ങൾ ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാറുണ്ടെങ്കിലും ദുൽഖർ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മടി കാണിക്കാറില്ല. എന്നാൽ അത് കാരണം ചില മോശം അനുഭവങ്ങളും ദുൽഖറിന് ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ ആരാധകർ തന്നെ അനുചിതമായി സ്പർശിച്ച ചില സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദുൽഖർ. അത്തരത്തിലുള്ള രണ്ടു സന്ദർഭങ്ങളെ കുറിച്ചാണ് ദുൽഖർ പറഞ്ഞത്. അതിലൊന്ന് തന്നെ വേദനിപ്പിച്ചെന്നും നടൻ പറഞ്ഞു. യൂട്യൂബർ രൺവീർ അലാബാദിയയുമായി നടത്തിയ ഒരു അഭിമുഖത്തിൽ ആരാധികമാരിൽ നിന്ന് എന്തെങ്കിലും വിചിത്രമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ദുൽഖർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ഒരു പ്രായമായ സ്ത്രീ, ഫോട്ടോ എടുക്കുന്നതിനിടയിൽ എന്റെ കവിളിൽ ഉമ്മവെച്ചു. അതൊട്ടും ഉചിതമായ ഒന്നല്ല, പക്ഷേ വളരെ സ്വീറ്റായിരുന്നു. അവരെ ഞാൻ നോക്കുന്നു പോലും ഉണ്ടായിരുന്നില്ല, ഞാൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ പെട്ടെന്ന് ആയിരുന്നു. ഞാൻ ഞെട്ടി', ദുൽഖർ പറഞ്ഞു. മറ്റൊരു ആരാധിക തന്റെ പിൻഭാഗത്ത് പിടിച്ച സംഭവവും ദുൽഖർ ഓർമിച്ചു.
'അതും ഒരു പ്രായമായ സ്ത്രീയായിരുന്നു, എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നറിയില്ല... അത് തീർത്തും വിചിത്രമായിരുന്നു. അവർ പിടിച്ചു ഞെരിച്ചു, എനിക്ക് വേദനിച്ചു. അത് എന്ത് തരം പിടിയാണെന്ന് എനിക്ക് അറിയില്ല, എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.... അവർക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല, ഞാൻ സ്റ്റേജിൽ നിൽക്കുകയായിരുന്നു. ഒരുപാട് പേർ ഉണ്ടായിരുന്നു, 'ആന്റി ഇവിടെ വന്ന് നിൽക്കൂ' എന്ന മട്ടിൽ ഞാൻ പിടിച്ചു നിർത്തിയതായിരുന്നു അടുത്ത്',
'പലപ്പോഴും ഫോട്ടോ എടുക്കുമ്പോൾ കൈ എവിടെ വയ്ക്കണമെന്ന് ആളുകൾക്ക് അറിയില്ല. ചിലപ്പോൾ നിങ്ങളുടെ പുറത്തായിരിക്കും, ചിലപ്പോൾ താഴെ, ഞാൻ ഫോട്ടോയ്ക്ക് വേണ്ടി ചിരിക്കാൻ ശ്രമിക്കുകയാണ്. അതിനിടയിലാണ് ഇത്. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ആശ്ചര്യപ്പെട്ടു. അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് എനിക്കറിയില്ലായിരുന്നു', ദുൽഖർ പറഞ്ഞു.

സുഹൃത്തുക്കൾ തമാശയ്ക്ക് ഒക്കെ ഇങ്ങനെ ചെയ്യുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് ഞാൻ അവരോട് ചോദിക്കാറുണ്ട്. ഇതാണ് എനിക്ക് അപ്പോൾ ഓർമ വരുക, അന്ന് ഞാൻ കടന്നുപോയ വേദന, ദുൽഖർ കൂട്ടിച്ചേർത്തു.
അതേസമയം കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്ത ആഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഇതിനിടെ ദുൽഖറിന്റെ ആദ്യ വെബ് സീരീസായ ഗൺസ് & ഗുലാബ്സ് കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. ദുൽഖറിന്റെ ആദ്യ വെബ് സീരീസ് ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ഗൺസ് & ഗുലാബ്സിന് ലഭിക്കുന്നത്.


Click it and Unblock the Notifications