സെറ്റിൽ അവഗണന, ഇരിക്കാൻ കസേര പോലും തന്നില്ല! ഞാൻ പോർഷെ ഇറക്കി, അതോടെ എല്ലാം മാറി; അനുഭവം പറഞ്ഞ് ദുൽഖർ സൽമാൻ
ഓരോ സിനിമകൾ കഴിയുംതോറും തന്റെ സ്റ്റാർഡം ഉയർത്തി കൊണ്ടുവരുന്ന നടനാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം മിന്നും വിജയങ്ങൾ സ്വന്തമാക്കി മലയാള സിനിമയുടെ അഭിമാനമായി തിളങ്ങി നിൽക്കുകയാണ് നടൻ. ദുല്‍ഖറിനെ പോലെ ഒരേസമയം ഇത്രയും ഭാഷകളിൽ തിളങ്ങിയ മറ്റേതെങ്കിലും താരമുണ്ടോ എന്നത് സംശയമാണ്. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് ദുൽഖറിനുള്ളത്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന തെന്നിന്ത്യൻ താരമാണ് ദുൽഖർ സൽമാൻ.
താരമൂല്യത്തിന്റെ കാര്യത്തിലൊക്കെ ഏറെ മുന്നിലാണ് ഇന്ന് ദുൽഖർ സൽമാൻ. സ്വന്തം അധ്വാനത്തിലൂടെയാണ് കരിയറിലെ എല്ലാ നേട്ടങ്ങളും ദുൽക്കർ സ്വന്തമാക്കിയത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ പോസിറ്റീവ് വ്യക്തിത്വത്തിലൂടേയും ദുല്‍ഖര്‍ ആരാധകർക്ക് പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ ചെല്ലുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ദുൽഖറിന് ലഭിക്കാറുള്ളത്. എന്നാൽ എല്ലാ കാലത്തും ഇതായിരുന്നില്ല അവസ്ഥ.

പൊതു ഇടങ്ങളിലും സിനിമ സെറ്റുകളിലുമൊക്കെ അവഗണിക്കപ്പെടുന്ന സാഹചര്യം ദുൽഖറിന് ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഒരു സെറ്റിൽ താൻ അവഗണിക്കപ്പെട്ടതിനെ കുറിച്ച് ദുൽഖർ തുറന്നു പറഞ്ഞിരുന്നു. അവഗണന സഹിക്കവയ്യാതെ താൻ ഒരു പണി ഒപ്പിച്ചെന്നും അതോടെ അവിടെ ഉണ്ടായിരുന്നവരെല്ലാം തനിക്ക് ചുറ്റും കൂടിയെന്നും നടൻ പറഞ്ഞു. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ദുൽഖർ സൽമാൻ ഇക്കാര്യം പറഞ്ഞത്.
'നമുക്ക് ചുറ്റും നമ്മളൊരു ഒരു ഓറ ഉണ്ടാക്കിയില്ലെങ്കിൽ നമ്മൾ ചിലപ്പോൾ അവഗണിക്കപ്പെടും. സെറ്റിൽ ആണെങ്കിലും മറ്റെവിടെയാണെങ്കിലും ഒരു മനുഷ്യന് ലഭിക്കേണ്ട അടിസ്ഥാന ബഹുമാനം ഞാൻ ആഗ്രഹിക്കുന്നുണ്ട്', ദുൽഖർ പറഞ്ഞു. തുടർന്നാണ് ഒരു സെറ്റിൽ തനിക്ക് ആ അടിസ്ഥാന ബഹുമാനം പോലും ലഭിക്കാത്ത സന്ദർഭം ദുൽഖർ വിവരിച്ചത്. അവസാനം ശ്രദ്ധ ലഭിക്കാൻ തനിക്ക് തന്റെ ആഡംബര കാർ കൊണ്ടുവരേണ്ടി വന്നുവെന്ന് ദുൽഖർ പറയുന്നു.
'ഞാൻ വീണ്ടും വീണ്ടും അവഗണിക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടായിട്ടുണ്ട്. എന്താണ് ഇങ്ങനെയെന്ന് ഞാൻ ചിന്തിച്ചു. അതെ ഞാൻ ഈ സിനിമയിലെ നടനാണ്. നിങ്ങൾ എന്നെ കാണുന്നില്ലേ, എന്നൊക്കെ എനിക്ക് മനസ്സിൽ തോന്നി. ഇത് ആളുകളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്നും എനിക്ക് തോന്നി. എങ്കിൽ പോർഷെ എടുത്തേക്കാം എന്ന് ഞാൻ കരുതി', ദുൽഖർ പറയുന്നു. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

'പെട്ടെന്ന്, എല്ലാവരും, അയ്യോ ഏതോ വലിയ നടൻ വന്നിരിക്കുന്നു എന്ന പോലെ ഓടി വന്നു. അത് കാര്യങ്ങൾ മാറ്റിമറിച്ചു. എനിക്കൊരു കസേര കിട്ടി. പെട്ടെന്ന് ആളുകൾ എനിക്ക് ചുറ്റും കൂടി, അടുത്തേക്കൊന്നും വന്നില്ല', ദുൽഖർ പറഞ്ഞു.
വാപ്പ മമ്മൂട്ടിയെ പോലെ തന്നെ കാർ പ്രേമിയാണ് ദുൽഖറും. നിരവധി കാറുകൾ ദുൽഖറിന്റെ ഗ്യാരേജിലുണ്ട്. അടുത്തിടെ ടോപ് ഗിയറിന് നൽകിയ അഭിമുഖത്തിൽ തന്റെ പേരിലുള്ള കാറുകളുടെ എണ്ണം ചോദിച്ചപ്പോൾ ദുൽഖർ പറയാൻ തയ്യാറായില്ല. പഴയ കറുകളൊക്കെ തന്നെ മോഡിഫൈ ചെയ്തതെല്ലാം ഉപയോഗിക്കുന്നുണ്ട് എന്നാണ് ദുൽഖർ പറഞ്ഞത്.
അതേസമയം കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ ആദ്യത്തെ ഓടിടി സീരീസായ ഗൺസ് ആൻഡ് ഗുലാബ്‌സും അടുത്തിടെ നെറ്റ്ഫ്ലിസ്കിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. രാജ് ആൻഡ് ഡികെ ഒരുക്കിയ ഈ സീരിസിനും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











