'സിനിമയിൽ വന്നുപോയി എന്നതേ ഉള്ളു, ജീവിക്കുന്നത് അച്ഛനും അമ്മയും വളർത്തിയ രീതിയിലാണ്': അഭിരാമി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മാത്രം മതിയാകും അഭിരാമിയെ മലയാളികൾക്ക് ഓർക്കാൻ. ചിത്രത്തിലെ ഗീതു എന്ന കഥാപാത്രമായെത്തിയാണ് താരം ശ്രദ്ധനേടുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് അഭിരാമി. അവതാരകയായി ടെലിവിഷൻ രംഗത്തും തിളങ്ങിയിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന അഭിരാമി വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.
സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഗരുഡൻ ആണ് പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് അഭിരാമി ഇപ്പോൾ. അതിനിടെ സൗന്ദര്യത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് അഭിരാമി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ബാഹ്യ സൗന്ദര്യത്തെക്കാൾ വ്യക്തിത്വമാണ് ശ്രദ്ധിക്കേണ്ടതെന്ന് അഭിരാമി പറയുന്നു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും താൻ ധരിച്ചിരിക്കുന്ന വസ്ത്രത്തെപ്പറ്റിയോ മേക്കപ്പിനെ പറ്റിയോ അധികം ചിന്തിക്കാത്ത വ്യക്തിയാണ് അഭിരാമി. മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിനെക്കാൾ തന്റെ കംഫർട്ടിനു പ്രാധാന്യം നൽകിയുളള താരത്തിന്റെ സമീപനത്തെ സോഷ്യൽ മീഡിയയിൽ പലരും അഭിനന്ദിക്കാറുമുണ്ട്. നന്നായി ഒരുങ്ങാതെയുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാൻ പലർക്കും എളുപ്പത്തിൽ പറ്റാറില്ല, എന്നാല്‍ അതിനെ വലിയൊരു കാര്യമായിട്ട് ഇതുവരെയും താൻ കണ്ടിട്ടില്ലെന്ന് അഭിരാമി പറയുന്നു.
'ബാഹ്യമായ സൗന്ദര്യം വളരെ താൽക്കാലികമായ ഒന്നാണ്. ഉള്ളില്‍ നമ്മുടെ പേഴ്സണാലിറ്റി നല്ലതാണോ എന്ന് നോക്കിയാൽ മതി. എല്ലാവർക്കും മുടി നരയ്ക്കും, ചുളിവുകൾ വരും, വെയിറ്റ് കൂടുകയും കുറയുകയും ചെയ്യും, ആരോഗ്യ പ്രശ്നങ്ങൾ വരും. ഇത് എല്ലാവർക്കും നടക്കുന്നതാണ്. അതിന് അത്ര വില കൊടുത്താൽ മതി', അഭിരാമി വ്യക്തമാക്കി.
'നമ്മൾ ഇമോഷണലി ഓക്കെ ആണോ, ബന്ധങ്ങൾ ഓക്കെ ആണോ, ഇതൊക്കെയേ ഞാൻ വില കൊടുത്തിട്ടുള്ളു. സിനിമയിൽ വന്നുപോയി എന്നതേ ഉള്ളു, ജീവിക്കുന്നത് മാതാപിതാക്കൾ വളർത്തിയ രീതിയിലാണ്', എന്നും അഭിരാമി പറഞ്ഞു. അതേസമയം മുൻപും തന്റെ നിലപാടുകൾ കൊണ്ട് അഭിരാമി കയ്യടി നേടിയിട്ടുണ്ട്.
അഭിരാമിയെ ശ്രദ്ധേയയാക്കിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന രാജസേനൻ ചിത്രം, ഗാർഹിക പീഡനത്തെയും സ്ത്രീ വിരുദ്ധതയേയും പ്രോത്സാഹിപ്പിക്കുന്നത് ആണെന്ന രീതിയിൽ ഒരുകാലത്ത് ചർച്ചകൾ ഉയർന്നിരുന്നു. ആ സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഇന്നത്തെ അഭിരാമിക്ക് അത്തരം സിനിമകൾ ചെയ്യാൻ സാധിക്കില്ലെന്ന് നടി പറഞ്ഞത് കയ്യടി നേടിയിരുന്നു.

'അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള സിനിമകള്‍ ആയിരുന്നു ഇറങ്ങിയിരുന്നത് . അന്നത് വലിയ കാര്യമൊന്നുമായിരുന്നില്ല . കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ നായകന്‍ തല്ലണം. ജീന്‍സിട്ട സത്രീ ആണെങ്കില്‍ എങ്ങനെയെങ്കിലും സാരി ഉടുപ്പിക്കണം. ഒരു പൊതുവേദിയില്‍ വെച്ച് ഭാര്യയെ അപമാനിക്കുന്നത് ശരിയായ കാര്യമല്ല. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു'
'പക്ഷേ ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ കാണാറില്ല. പക്ഷെ നമ്മുടെ സമൂഹത്തില്‍ അത്തരത്തിലുള്ള ആളുകള്‍ ഇപ്പോഴും കുറവല്ല. എന്നാല്‍ ഇന്നത്തെ അഭിരാമിക്ക് ആ സിനിമയോട് യോജിക്കാനാകില്ല. ജീവിതത്തിലേക്ക് ഇത്തരം ആശയങ്ങള്‍ എടുക്കുകയും ചെയ്യരുത്', എന്നാണ് അഭിരാമി അന്ന് പറഞ്ഞത്. അതേസമയം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന അഭിരാമിയുടെ മലയാള സിനിമയാണ് ഗരുഡൻ. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.


Click it and Unblock the Notifications