'ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലും വന്ന് പറഞ്ഞോ'; കമന്റിന് ചുട്ട മറുപടിയുമായി ഗോപി സുന്ദർ
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമങ്ങൾക്ക് ഇരയാവുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. കരിയറിനേക്കാൾ സ്വകാര്യ ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് താരം വിമർശനങ്ങൾ കേൾക്കേണ്ടി വരാറുള്ളത്. വിവാഹിതനായിരിക്കെ മറ്റൊരാളുമായി പ്രണയത്തിലായതും ലിവിങ് ടുഗതറിലേക്ക് പോയതും വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ.
വിമർശനങ്ങൾ അതിരു കടക്കുമ്പോൾ പലപ്പോഴും ചുട്ട മറുപടിയുമായി ഗോപി സുന്ദർ എത്താറുണ്ട്. മോശം കമന്റുകൾക്കെല്ലാം കൃത്യമായ രീതിയിൽ മറുപടി നൽകാറുണ്ട് താരം. ഇപ്പോഴിതാ അത്തരത്തിൽ തന്റെയൊരു പോസ്റ്റിന് താഴെ വന്ന കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചില ചിത്രങ്ങൾ നീക്കം ചെയ്തതുമാണ് വേർപിരിയൽ ചർച്ചകൾക്ക് കാരണമായത്. എന്നാൽ, അമൃതയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദർ ഈ ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയ ഇപ്പോഴും ഇവർക്ക് പിന്നാലെ തന്നെയാണ്.
അതിനിടെ മറ്റൊരു പെൺകുട്ടിയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയോ എന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നു. ആർട്ടിസ്റ്റായ പ്രിയ നായർക്ക് ഒപ്പമുള്ള ചിത്രമാണ് വൈറലായത്. ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റുകളിലെല്ലാം ഈ പെൺകുട്ടിയെ ടാഗ് ചെയ്തതും ചർച്ചകൾക്ക് കാരണമായി. തുടർന്ന് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയെല്ലാം ചോദ്യങ്ങളും വിമർശനങ്ങളുമായി ആളുകൾ എത്തുകയും ചെയ്തു.
ഇത് എന്റെ ജീവിതമാണ് നിങ്ങൾ സ്വന്തം കാര്യം നോക്കൂ എന്നായിരുന്നു ഇതിനോട് ഗോപി സുന്ദറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു പോസ്റ്റിലൂടെയാണ് ഗോപി സുന്ദർ പ്രതികരണം അറിയിച്ചത്. എന്നാലും നിങ്ങളെ ഞങ്ങൾ വിടില്ലെന്ന മട്ടിലാണ് ചിലർ. ഒരുപാട് പേരാണ് ആ പോസ്റ്റിന് താഴെയും കമന്റുകളുമായി എത്തിയത്. എത്ര സ്ത്രീകളുടെ കണ്ണീരാണ്, അയാളെയും വേണ്ടെന്ന് വച്ചല്ലേ എന്ന രീതിയിലൊക്കെ ആയിരുന്നു കമന്റുകൾ. ഇതിൽ പലതിനും ഗോപി സുന്ദർ മറുപടി നൽകിയിരുന്നു.
എല്ലാവർക്കും നല്ല ദിവസം നേർന്നുകൊണ്ട് ഗോപി സുന്ദർ ഇന്ന് രാവിലെ പങ്കുവച്ച പോസ്റ്റിന് താഴെയും ഒരുകൂട്ടർ കമന്റുകളുമായി എത്തിയിരുന്നു. അതിലൊന്നിന് ചുട്ടമറുപടിയാണ് ഗോപി സുന്ദർ നൽകിയത്. വിമർശകരുടെ വായടപ്പിച്ച ആ കമന്റാണ് ശ്രദ്ധനേടുന്നത്.

'ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലും വന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ. ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെക്കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ചു ഇത്രയും ക്രിയേറ്റിവ് ആയി കമന്റ് ഇടാൻ ആകുന്നത്? കഷ്ടമുണ്ട്. ഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകും. അതിനു ഞാൻ ഗ്യാരന്റി, നല്ലൊരു ദിവസം നേരുന്നു', എന്നാണ് ഗോപി സുന്ദർ കുറിച്ചത്.
അതേസമയം മോശം കമന്റുകൾ ഇടുന്ന ചുരുക്കം ആളുകളെ ഒഴിച്ച് നിർത്തിയാൽ ഗോപി സുന്ദർ എന്ന കലാകാരനെ സപ്പോർട്ട് ചെയ്തും നിരവധി കമന്റുകൾ വരുന്നുണ്ട്. നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ഇഷ്ടം ഉള്ളതുപോലെ ജീവിക്കൂ എന്ന് കമന്റിടുന്നവരും കുറവല്ല.


Click it and Unblock the Notifications