'നല്ലൊരു മരുമകനെയും മരുമകളെയും കിട്ടണേ എന്ന് പ്രാർത്ഥിച്ചു, ദൈവം അത് തന്നു; ഇനിയുള്ള ആഗ്രഹം!'; ജയറാം പറയുന്നു
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ജയറാമിന്റേത്. ജയറാമിനും ഭാര്യ പർവ്വതിക്കും നിരവധി ആരാധകരാണ് ഉള്ളത്. മാതൃക ദമ്പതികളായാണ് ഇരുവരെയും പ്രേക്ഷകർ കാണുന്നത്. ഒരുകാലത്ത് ഓൺസ്‌ക്രീനിൽ തിളങ്ങി നിന്ന ജോഡി ജീവിതത്തിൽ ഒന്നിച്ചപ്പോൾ പ്രേക്ഷകർ അത് ആഘോഷമാക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറവും ഇരുവരെയും ഒന്നിച്ചു കാണുന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
ജയറാമിനെയും പർവ്വതിയെയും പോലെ മക്കളായ കാളിദാസും മാളവികയും ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അച്ഛന്റെയും അമ്മയുടെയും പാതയിലൂടെ സിനിമയിലെത്തിയ കാളിദാസിന് തെന്നിന്ത്യ മുഴുവൻ ആരാധകരുണ്ട്. സിനിമയിലെത്തിയിട്ടില്ലെങ്കിലും ചക്കി എന്ന് വിളിക്കുന്ന മാളവികയ്ക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഇവരെ കൂടാതെ രണ്ടുപേർ കൂടെ ജയറാമിന്റെ കുടുംബത്തിലേക്ക് വരാൻ ഒരുങ്ങുകയാണ്. കാളിദാസും ചക്കിയും വിവാഹിതരാകാൻ ഒരുങ്ങുകയാണ്.

അടുത്തിടെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. രണ്ടു പേരുടെയും പ്രണയവിവാഹമാണ്. മോഡലായ തരിണിയെ ആണ് കാളിദാസ് വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്. നവനീത് ആണ് മാളവികയുടെ വരൻ. മാളവികയുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങളിലാണ് ജയറാമും പാർവ്വതിയും ഇപ്പോൾ. അതിനിടെ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം നടത്തിയിരിക്കുകയാണ് ഇരുവരും. അതിന്റെ വീഡിയോ വൈറലാവുകയാണ്.
ക്ഷേത്രവുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും അവിടെ പ്രാർത്ഥിച്ചതിനെ പറ്റിയുമൊക്കെ ജയറാം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ആ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ.
"നമ്മുടെ ഓരോ ക്ഷേത്രങ്ങളിലും ഓരോ വർഷം കൂടുംതോറും ഭക്ത ജനങ്ങളുടെ സാന്നിധ്യം കൂടിക്കൂടി വരുന്നത് എന്താണെന്നു ഒരുപക്ഷെ നമ്മൾ ചിന്തിച്ചാൽ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ശക്തികൊണ്ട് മാത്രമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളിൽ ഒന്നാണ് അത്. എന്റെ കുട്ടിക്കാലത്ത് അച്ഛൻ ട്രാവൻകൂർ റയോൺസിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. പെരുമ്പാവൂർ ഉള്ള തൊണ്ണൂറ് ശതമാനം ആളുകളുടെയും ഉപജീവനമാർഗം റയോൺസ് ആയിരുന്നു.

ആ സമയത്ത് എന്റെ അച്ഛനൊപ്പം ജോലി ചെയ്തിരുന്ന ഇവിടെ അടുത്തൊരു ഇല്ലത്തുള്ളവർ പറഞ്ഞിട്ട് ഞാൻ ഈ ക്ഷേത്രത്തിൽ എന്റെ കുടുംബവുമായിട്ട് വന്നിട്ടുണ്ട്. അന്ന് പാർവതി ദേവിയുടെ നട തുറക്കുന്ന ഈ 12 ദിവസത്തിനിടയിൽ വരികയും കുട്ടിക്കാലത്ത് വന്നു തൊഴാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. അന്ന് മുതൽ ഇവിടേക്ക് വരുന്ന ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തരുടെ സാന്നിധ്യം ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഓരോരുത്തർക്കും ഇവിടെ നിന്നും കിട്ടുന്ന അനുഭവങ്ങൾ കൊണ്ടാണ് അത്.
ഞാൻ എല്ലാ വർഷവും ഇവിടെ വരാറുണ്ട്. കഴിഞ്ഞ വർഷം ഞാൻ ഇവിടെ വന്നപ്പോൾ പ്രാർത്ഥിച്ചത് എനിക്ക് നല്ലൊരു മരുമകനെയും മരുമകളെയും ലഭിക്കണം, മക്കളുടെ കല്യാണം നടക്കണം എന്നൊക്കെ ആയിരുന്നു. അത് കഴിഞ്ഞിട്ട് ആറുമാസം ആയപ്പോൾ തന്നെ ദേവി എനിക്ക് അവരെ കൊണ്ടുതന്നു. ഇവിടെ വരുമ്പോൾ ഉണ്ടാകുന്ന ശക്തിയും സാന്നിധ്യവും എനിക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല.
തിരുവൈരാണിക്കുളത്ത് ഈ വർഷവും എനിക്ക് കുടുംബസമേതം എത്താൻ സാധിച്ചതിൽ സന്തോഷം. എന്റെ കൂടെ അശ്വതി ഉണ്ട്. ഈ തവണ ഞാൻ പ്രാർത്ഥിച്ചത് രണ്ടുപേരുടെയും കല്യാണം നടന്ന് മോനെയും മോളെയും ഇങ്ങോട്ട് കൊണ്ട് വരണം എന്നാണ്. ദേവി എനിക്ക് ആഗ്രഹം സാധിച്ചു തരട്ടെ, 2024 എല്ലാവർക്കും നല്ല വർഷം ആവട്ടെ." ജയറാം പറഞ്ഞു.


Click it and Unblock the Notifications