എംജി ശ്രീകുമാറിനെ ദാസേട്ടനുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ല; പൃഥ്വിരാജ് എന്നെ സംബന്ധിച്ച് ആരുമല്ല: കൈതപ്രം
നിരവധി ശ്രദ്ധേയ ഗാനങ്ങൾ എഴുതി മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഗാനരചയിതാവ് എന്നതിന് പുറമെ സംഗീത സംവിധായകനായും നടനയുമെല്ലാം അദ്ദേഹം തിളങ്ങിയിട്ടുണ്ട്. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന നിരവധി ജനപ്രിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു. മലയാള സിനിമയും അതിലെ ഗാനങ്ങളുമെല്ലാം മാറിയെങ്കിലും ഇന്നും ഗാനരചയിതാവ് എന്ന നിലയിൽ സജീവമായി നിൽക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.
അതേസമയം പലപ്പോഴായി വിവാദങ്ങളിൽ പെട്ടിട്ടുള്ള ഒരാൾ കൂടിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാള സിനിമയിലെ മുൻനിര താരങ്ങളായ പൃഥ്വിരാജ്, ദിലീപ് എന്നിവരുമായും മലയാളികളുടെ ഇഷ്ട ഗായകന്മാരിൽ ഒരാളായ എംജി ശ്രീകുമാറുമായും ചില സൗന്ദര്യ പിണക്കങ്ങൾ അദേഹത്തിന് ഉള്ളതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. അതിൽ എം.ജി ശ്രീകുമാറും പൃഥ്വിരാജും ആയിട്ടുള്ള വിഷയങ്ങൾ വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

എം.ജി ശ്രീകുമാറിന് അവസരങ്ങൾ ലഭിക്കാതിരിക്കാൻ ശ്രമിച്ചുവെന്നും യേശുദാസിനെ കൊണ്ട് തന്റെ ഗാനങ്ങൾ പാടിച്ചു എന്നൊക്കെയായിരുന്നു അന്ന് കൈതപ്രത്തിന് എതിരെ ഉയർന്നു വന്ന ആരോപണങ്ങൾ. ഇതുകാരണം ശ്രീകുമാറും കൈതപ്രവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു വാർത്തകൾ. ഇപ്പോഴിതാ തനിക്ക് എം.ജി ശ്രീകുമാറുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പറയുകയാണ് കൈതപ്രം. തന്റെ പാട്ട് ഇന്നയാളെക്കൊണ്ട് പാടിക്കരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൈതപ്രം.
'എം.ജി ശ്രീകുമാറുമായി എനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. അവന്റെ തോന്നലാണ് അത്. അപ്പുറത്ത് ദാസേട്ടൻ എന്നൊരു മഹാമേരു നിൽക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തെയാണ് ആരാധിക്കുന്നത്. ആ ആരാധന ഇവർക്കൊന്നും പിടിക്കാൻ പറ്റില്ല. ആ ഒരു വ്യത്യാസമേ ഉള്ളൂ. ശ്രീകുമാർ നല്ല പാട്ടുകാരനാണ്, സുഹൃത്താണ്. അതെല്ലാം എനിക്ക് ഇഷ്ടമാണ്. എന്നാൽ ദാസേട്ടനുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. അതല്ലാതെ എനിക്ക് ആരുമായിട്ടും പ്രശ്നമില്ല. എന്റെയൊരു പാട്ട് ഇന്നയാൾ പാടരുത് എന്നൊന്നും ഞാൻ പറയില്ല. പറഞ്ഞിട്ടുമില്ല', കൈതപ്രം വ്യക്തമാക്കി.
'ഇന്ത്യയിലെ ഏറ്റവും നല്ല ഗായകൻ ദാസേട്ടനാണ്. അദ്ദേഹത്തിന്റെ അത്രയും ഈശ്വര തുല്യമായ ശബ്ദമുള്ള ഒരാൾ ഈയ്യടുത്ത് ജനിച്ചിട്ടില്ല. അത് സംശയമില്ലാത്ത കാര്യമാണ്', കൈതപ്രം കൂട്ടിച്ചേർത്തു. അതേസമയം എംജി ശ്രീകുമാറിനെ താൻ പുറത്താക്കാൻ ശ്രമിച്ചു എന്ന പേരിൽ ജഗദീഷ് തന്നെ ബേഷണിപ്പെടുത്തിയിട്ടുണ്ടെന്നും കൈതപ്രം അഭിമുഖത്തിൽ പറയുകയുണ്ടായി. നിങ്ങൾ ഔട്ടാകും എന്നാണ് പറഞ്ഞത്. എന്നാൽ താൻ ഒന്നും പറയാൻ പോയില്ല എന്ന് കൈതപ്രം പറഞ്ഞു.

പൃഥ്വിരാജിനെതിരെയും കൈതപ്രം തുറന്നടിച്ചു. തന്നെ ചില സിനിമകളിൽ നിന്നും ഒഴിവാക്കാൻ പൃഥ്വിരാജ് ശ്രമിച്ചിട്ടുണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അത് സംബന്ധിച്ച ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു. 'എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല. മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും എനിക്ക് ഭയപ്പെടാനൊന്നുമില്ല',
'ഒരിക്കൽ ദേവരാജൻ മാസ്റ്റർ തന്നോട് പറഞ്ഞിട്ടുണ്ട്, യേശുദാസിന്റെ ഒരേയൊരു തെറ്റ് അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗായകനെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നതാണെന്ന്. അതുപോലെ എന്റെ കഴിവും എനിക്കറിയാം. ഞാൻ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് എന്റെ അർപ്പണബോധം വഴിയാണ്. അല്ലാതെ ആകസ്‌മികമായ നേട്ടമല്ല', കൈതപ്രം പറഞ്ഞു.
സിനിമയിൽ പേടിക്കണ്ട കാര്യങ്ങൾ ഒന്നുമില്ല. പത്മാരാജിനോടൊഴികെ താൻ ആരോടും അവസരം ചോദിച്ചിട്ടില്ലയെന്നും കൈതപ്രം തന്റെ അഭിമുഖത്തിൽ പറഞ്ഞു. നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ നിങ്ങളിലേക്ക് അവസരങ്ങൾ എത്തിച്ചേരുമെന്നും അദ്ദേഹം പവ്യക്തമാക്കി.


Click it and Unblock the Notifications











