അമ്മയോട് ഇതുവരെ അത് ചോദിച്ചിട്ടില്ല; ഞാൻ ഇൻട്രോവേർട്ട് ആണ്, അഭിമുഖങ്ങൾ പേടിയാണ്: കല്യാണി പ്രിയദർശൻ
മലയാളത്തിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറുകയാണ് കല്യാണി പ്രിയദർശൻ. കൈ നിറയെ അവസരങ്ങളുണ്ട് ഇന്ന് കല്യാണിക്ക്. തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ച ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്. പ്രിയദർശന്റെയും ലിസിയുടെയും മകൾ എന്ന മേൽവിലാസത്തിലാണ് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ കല്യാണിക്ക് സാധിച്ചു. അതുകൊണ്ട് തന്നെ തുടക്കം മറ്റു ഭാഷകളിൽ നിന്നായിരുന്നെങ്കിലും ഇപ്പോൾ മലയാളത്തിലാണ് താരം സജീവമാകുന്നത്.
ശേഷം മൈക്കിൽ ഫാത്തിമയാണ് കല്യാണിയുടെ പുതിയ ചിത്രം. കല്യാണി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അതിനിടെ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കല്യാണി പങ്കുവെച്ച വിശേഷങ്ങൾ ശ്രദ്ധനേടുകയാണ്.

ഇന്റർവ്യൂസ് തനിക്ക് പേടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് കല്യാണി സംസാരിച്ചു തുടങ്ങിയത്. സിനിമാ സെറ്റ് അൽപം കൂടി സേഫ് പ്ളേസാണ് എന്നാൽ ഇന്റർവ്യൂ അങ്ങനെയല്ല. സിനിമയിൽ എഴുതി തന്ന ഡയലോഗ് പറഞ്ഞാൽ മതി. ഇന്റർവ്യൂയിൽ അങ്ങനെ അല്ല. ഞാൻ തന്നെയാണല്ലോ ഓരോന്ന് പറയുന്നത്. അത് എങ്ങനെ വരുമെന്ന പേടിയുണ്ട്. അതല്ലാതെ ഞാൻ അല്പം ഇൻട്രോവേർട്ടാണ്. സെറ്റിൽ താൻ ഒരു കഥാപാത്രത്തിലേക്ക് കയറിയാൽ ആ കഥാപാത്രമായിരിക്കുമെന്നും കല്യാണി പറഞ്ഞു.
സ്‌കൂളിൽ ഒരു പരിപാടിക്ക് പോലും സ്റ്റേജിൽ കയറാത്ത ആളാണ് ഞാൻ. സ്റ്റേജിൽ നിന്ന് സംസാരിക്കുക എന്നതൊക്കെ എനിക്ക് ഭയങ്കര പ്രശ്നമാണ്. ഞാൻ ചിലപ്പോൾ വിറയ്ക്കും. അച്ഛനും അമ്മയും ഒന്നും ഇങ്ങനെയേ അല്ല. അവർ നേരെ ഓപ്പോസിറ്റാണ്. അച്ഛനെന്തും സംസാരിക്കും. അമ്മയ്ക്കാണെങ്കിൽ ഒരു ചാമുണ്ട്. എനിക്ക് അതില്ലെന്നും കല്യാണി പറഞ്ഞു.
കഴിഞ്ഞ വർഷം കരിയറിലെ തന്റെ ഏറ്റവും നല്ല സമയമായിരുന്നെന്നും ഇനി അങ്ങനെയൊരു ഘട്ടമുണ്ടാകുമോ എന്ന് അറിയില്ലെന്നും കല്യാണി അഭിമുഖത്തിൽ പറഞ്ഞു. "കഴിഞ്ഞ വർഷം എനിക്ക് ഒരു അനുഗ്രഹിക്കപ്പെട്ട വർഷമായിരുന്നു. അഭിനയിച്ച മൂന്ന് കഥാപാത്രങ്ങൾക്കും സിനിമയ്ക്കും ഒരുപാട് അക്സപ്റ്റൻസ് കിട്ടി. പക്ഷെ അതൊരു ഫോർമുല അല്ലായിരുന്നു. അതുപോലൊരു വർഷം എനിക്ക് ഉണ്ടാകുമോ എന്ന് പോലും അറിയില്ല.
എല്ലാ സിനിമയിലും ഞാൻ എന്റെ കംഫർട്ട് സോണും ബൗണ്ടറീസും പുഷ് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഒരിക്കലും തല്ലുമാലയിലെ ബി പാത്തു അല്ല ഞാൻ. ഞാൻ എന്റെ അതിർത്തികൾ മറികടക്കാനാണ് നോക്കുന്നത്. അത് ചിലപ്പോൾ വർക്കാവും. അത് വർക്ക് ആയില്ലെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ വളരും. അതാണല്ലോ പ്രധാനം. ഈ സിനിമയിൽ ഭാഷയാണ് എനിക്ക് വെല്ലുവിളി. മലയാളം എനിക്ക് ഫ്ലുവന്റല്ല. അതെനിക്ക് ഒരു ബാലികേറാമലയാണ്. അത് കടക്കാനാണ് ഞാൻ ശ്രമിച്ചത്. അങ്ങനെയാണ് ഓരോ സിനിമകൾ തിരഞ്ഞെടുക്കുന്നത്." - കല്യാണി വ്യക്തമാക്കി.

അച്ഛന്റെയും അമ്മയുടേയുമൊക്കെ എല്ലാവരും കണ്ടിരിക്കേണ്ട സിനിമകളെ കുറിച്ചും തനിക്ക് പ്രിയപ്പെട്ട സിനിമയെ കുറിച്ചും കല്യാണി സംസാരിച്ചു. ചിത്രമാണ് അമ്മയുടെ എല്ലാവരും കണ്ടിരിക്കേണ്ട സിനിമ. പക്ഷെ എനിക്ക് ആ സിനിമ കാണാൻ കഴിയില്ല. അമ്മയുടെ ഫേവറേറ്റ് സിനിമ മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു ആകും. അമ്മയോട് ഫേവറേറ്റ് സിനിമ ഏതാണെന്ന് ഇതുവരെ ചോദിച്ചിട്ടില്ലെന്നും കല്യാണി പറഞ്ഞു.
അമ്മയെ പോലെ അഭിനയിക്കാൻ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മകളായത് കൊണ്ട് സ്വാഭാവികമായും അത് വരുമെന്നും തന്റെ ചിരി അമ്മയുടെ പോലെ ആണെന്ന് ജൂഡ് ആന്തണി പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു താരപുത്രിയുടെ മറുപടി.
കിലുക്കവും തേന്മാവിൻ കൊമ്പത്തുമാണ് അച്ഛന്റെ സിനിമകളിൽ പ്രിയപ്പെട്ടത്. ലാൽ അങ്കിളിന്റെ കുറെ ഉണ്ട്. എല്ലാവരും കാണണം എന്ന് പറയുന്ന ഒന്നുണ്ടെങ്കിൽ അത് നാടോടിക്കാറ്റ് സീരീസ് ആയിരിക്കും. മമ്മൂക്കയുടെ കണ്ണൂർ സ്‌ക്വാഡ് ആണ് ഞാൻ ഇപ്പോൾ പറയുക. ഞാൻ അത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ദുൽഖറിന്റെ സിനിമകളിൽ വരനെ ആവശ്യമുണ്ട് കാണാനേ ഞാൻ പറയൂ. അതല്ലാതെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ബാംഗ്ലൂർ ഡെയ്‌സ് ആണെന്നും കല്യാണി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications