അങ്ങനെ വന്നാൽ അമ്മ വീണ്ടും അഭിനയിക്കും; അമ്മയാണ് ഏറ്റവും വലിയ സപ്പോർട്ടർ! രണ്ടുപേരും ഉപദേശിക്കാറില്ല: കല്യാണി
മലയാളത്തിലെ യുവനായികമാരിൽ മുൻനിരയിലാണ് ഇന്ന് കല്യാണി പ്രിയദർശന്റെ സ്ഥാനം. പ്രിയദർശന്റെയും ലിസിയുടെയും മകളെന്ന മേൽവിലാസത്തിലാണ് എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു കല്യാണി. ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരപുത്രിക്ക് കഴിഞ്ഞു. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു കല്യാണിയുടെ അരങ്ങേറ്റം. തുടർന്ന് തെലുങ്കിലും തമിഴിലുമായി മൂന്ന് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്.
ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ആയിരുന്നു കല്യാണിയുടെ ആദ്യ മലയാള ചിത്രം. തുടർന്ന് മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ഹൃദയം, തല്ലുമാല എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ കല്യാണിയെ തേടിയെത്തി. ഈ ചിത്രങ്ങളെല്ലാം വളരെയധികം ശ്രദ്ധനേടുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ശേഷം മൈക്കിൽ ഫാത്തിമ ആണ് കല്യാണിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് കല്യാണി ഇപ്പോൾ.

അതിനിടെ ഒരു അഭിമുഖത്തിൽ അമ്മ ലിസിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് കല്യാണി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. നല്ലൊരു വേഷം ലഭിച്ചാൽ അമ്മ തീർച്ചയായും ഇനിയും അഭിനയിക്കുമെന്ന് കല്യാണി പറയുന്നു. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി പ്രിയദർശൻ.
"അമ്മയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നല്ലൊരു സ്ക്രിപ്റ്റ് വന്നാൽ തീർച്ചയായും ഉണ്ടാകും. അമ്മയ്ക്ക് താല്പര്യമുണ്ട്. നല്ല റോളും നല്ല സ്ക്രിപ്റ്റുമാണെങ്കിൽ അമ്മ ചെയ്യും. അമ്മ അങ്ങനെ പറഞ്ഞിട്ടില്ല. പക്ഷെ നല്ല സ്ക്രിപ്റ്റും നല്ലൊരു റോളും കിട്ടിയാൽ അമ്മ ചെയ്യുമെന്ന് എനിക്ക് അറിയാം." കല്യാണി പറഞ്ഞു. അമ്മയുടെ മോളായി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് അത് ആരും വിശ്വസിക്കില്ല എന്നായിരുന്നു കല്യാണിയുടെ മറുപടി.
അമ്മ എന്റെ സഹോദരിയെ പോലെയാണ് ഇരിക്കുന്നത്. അതാണ് പ്രശ്നം. ചില ഫോട്ടോസ് ഒക്കെ എടുത്ത് നോക്കിയാൽ കാണാം. എന്റെ ചിരിയൊക്കെ അമ്മയുടെ പോലെ തന്നെയാണ് എന്ന് കല്യാണി പറഞ്ഞു. അച്ഛനെ കുറിച്ചും താരപുത്രി സംസാരിച്ചു. വീട്ടിൽ അച്ഛനുമായി പ്രൊഫഷണൽ ലൈഫിനെ കുറിച്ചൊന്നും സംസാരിക്കാറില്ല. ഒരുമിച്ച് ഇരിക്കുമ്പോൾ ഞങ്ങൾ പാട്ട് കേൾക്കുകയാണ് പതിവ്. അച്ഛന്റെ ഒരു പഴയ ടേപ്പ് റെക്കോർഡർ ഉണ്ട്. അതിൽ പാട്ടുകൾ കേൾക്കുകയാണ് ചെയ്യുക.
അതല്ലാതെ സിനിമകളെ കുറിച്ചുള്ള ചർച്ചകളൊന്നും ഉണ്ടാകാറില്ല. ഞാൻ ഏതൊക്കെ സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്ന് പോലും അച്ഛന് അറിയില്ല. അച്ഛനോട് അഭിപ്രായങ്ങളൊന്നും ചോദിക്കാറില്ല. അദ്ദേഹത്തിന് എന്നെ വിശ്വാസമാണ്. എന്റേതായ കാര്യം ചെയ്യാൻ വിടുകയാണ് അദ്ദേഹം ചെയ്യുക. അതേസമയം പലരും എന്നോട് കഥ പറയാൻ അച്ഛനെയാണ് വിളിക്കുക. ഞാൻ ഒന്നും കേൾക്കാറില്ല എന്ന് അച്ഛൻ പറയും. പക്ഷെ ശേഷം മൈക്കിൾ ഫാത്തിമയുടെ കഥ അച്ഛൻ കേട്ടിട്ടുണ്ട്.

മൂന്ന് വർഷമായി ഈ സിനിമയുടെ ചർച്ചകൾ തുടങ്ങിയിട്ട്. അതിനിടയിൽ ഒരിക്കൽ കഥ പറഞ്ഞിരുന്നു. ആദ്യമായിട്ടാണ് അച്ഛൻ അത് ചെയ്തത്. ഇനി ചെയ്യില്ലെന്ന് പറഞ്ഞു. അച്ഛൻ അങ്ങനെ ഉപദേശങ്ങളോ ടിപ്പോ തരാറില്ല. അമ്മയും അങ്ങനെ തന്നെയാണ്. പക്ഷെ അമ്മ എന്റെ വലിയൊരു സപ്പോർട്ടറാണ്. ഞാൻ ശരിയായ കാര്യമേ ചെയ്യൂ എന്നൊരു വിശ്വാസം അവർക്ക് രണ്ടുപേർക്കും ഉണ്ട്. അതുകൊണ്ട് ആയിരിക്കാം അങ്ങെനെയെന്നും കല്യാണി അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, നവാഗതനായ മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശേഷം മൈക്കിൾ ഫാത്തിമ. ഫുട്‍ബോൾ കമന്റേറ്ററായ മലപ്പുറംകാരി ആയിട്ടാണ് കല്യാണി ചിത്രത്തിൽ എത്തുന്നത്. മിന്നൽ മുരളിയുടെ ശ്രദ്ധ നേടിയ ഫെമിന ജോർജ്, സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നവംബർ 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications