'സാരമില്ല അമ്മേ, അത് അമ്മയുടെ തെറ്റല്ലല്ലോ'; കല്യാണിയെ ആശ്വസിപ്പിച്ച് മകൾ; ഭാഗ്യവതിയായ അമ്മ എന്ന് ആരാധകർ
മലയാളം, തമിഴ് സിനിമകളിൽ ഒരുകാലത്ത് സജീവമായിരുന്ന നടിയാണ് കല്യാണി രോഹിത്. പൂർണിത എന്ന പേരിലാണ് കല്യാണി മുൻപ് അറിയപ്പെട്ടിരുന്നത്. മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളികൾക്ക് പരിചിതയായത്. പരുന്ത്, എസ്എംഎസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമ വിട്ട് മിനിസ്ക്രീനിലേക്ക് പോയ താരം നടിയായും അവതാരകയായുമെല്ലാം തിളങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെലിവിഷനിൽ നിന്നടക്കം പൂർണമായി മാറി നിൽക്കുകയാണ് കല്യാണി.
നട്ടെലിനെ ബാധിച്ച അസുഖം മൂലം ആരോഗ്യാവസ്ഥ മോശമായതോടെയാണ് താരം കരിയറിന് ഒരു ഇടവേള നൽകിയത്. അതിനു മുൻപ് അമ്മയുടെ മരണമാണ് കല്യാണിയെ തളർത്തിയത്. അടുത്തിടെ തന്റെ അസുഖത്തെ കുറിച്ചും അമ്മയുടെ മരണത്തെ അതിജീവിച്ചതിനെ കുറിച്ചുമൊക്കെ പറഞ്ഞ് കല്യാണി രംഗത്തെത്തിയിരുന്നു. ഇടക്ക് സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ കല്യാണി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കല്യാണി പങ്കുവെച്ച പുതിയൊരു പോസ്റ്റ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. മെന്റല്‍ ഹെല്‍ത്തിനെ കുറിച്ചും, മക്കളെ ഇമോഷണലി സ്‌ട്രോങ് ആക്കുന്നതിനെ കുറിച്ചും, അവളിലെ സഹാനുഭൂതി പുറത്തുകൊണ്ടുവരുന്നതിനെ കുറിച്ചുമൊക്കെ പറയുന്നതാണ് പോസ്റ്റ്. ഒറ്റയ്ക്കിരുന്ന കരയുന്ന കല്യാണിയെ ആശ്വസിപ്പിക്കുന്ന മകളുടെ വീഡിയോയും കല്യാണി പങ്കുവെച്ചിട്ടുണ്ട്. അതിലൂടെ ഒരു പോസിറ്റീവ് സന്ദേശമാണ് നടി നൽകുന്നത്. അമ്മയും മകളും തമ്മിലുള്ള ആ സംഭാഷണം കാണുന്നവരുടെ കണ്ണും മനസും നിറയ്ക്കും.
കരയുന്ന കല്യാണിയുടെ അടുത്ത് വന്ന് മകൾ കണ്ണു തുടയ്ക്കുന്നതാണ് ആദ്യം കാണുന്നത്. തുടർന്ന് കരയുന്നതിന് കല്യാണി മകളോട് സോറി പറയുന്നുണ്ട്. 'സാരമില്ല അമ്മേ, അത് അമ്മയുടെ തെറ്റല്ലല്ലോ' എന്നാണ് മകള്‍ നവ്യ അപ്പോൾ പറയുന്നത്. 'അമ്മ കരഞ്ഞപ്പോള്‍ എനിക്ക് സങ്കടം വന്നു' എന്ന് മകള്‍ പറയുമ്പോൾ, 'നിന്നെ വിഷമിപ്പിച്ചതിന് സോറി'. പക്ഷെ കരയുന്നത് സ്വാഭാവികമാണ് എന്നും അത് ആശ്വാസം നല്‍കുമെന്നും കല്യാണി മകളെ പറഞ്ഞ് മനസിലാക്കുന്നുണ്ട്.
നീ വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ എനിക്കൊരുപാട് ആശ്വാസം തോന്നി എന്നും കല്യാണി മകളോട് പറഞ്ഞു. 'അമ്മയ്ക്ക് എപ്പോഴെല്ലാം കരയണം എന്നു തോന്നുന്നുവോ, കരഞ്ഞോളൂ, ഞാന്‍ കൂടെയുണ്ട്' എന്നായിരുന്നു മകളുടെ അപ്പോഴത്തെ പ്രതികരണം. ഇത് വീഡിയോ എടുക്കുന്നത് എന്തിനാണെന്നും മകൾ കല്യാണിയോട് ചോദിക്കുന്നുണ്ട്. ഇത് എനിക്ക് സൂക്ഷിച്ചു വയ്ക്കാനാണ് എന്നാണ് താരം അപ്പോൾ പറയുന്നത്. വീഡിയോക്ക് ഒപ്പം ഒരു കുറിപ്പും കല്യാണി പങ്കുവെച്ചു.

"ഈ മാസത്തില്‍ ഏറ്റവും ഡൗണ്‍ ആയ ദിവസമായിരുന്നു ഇന്ന്. ആകെ ഒറ്റപ്പെടുന്നത് പോലെ തോന്നി. കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കരയാന്‍ തുടങ്ങി, നവ്യ എന്റെ അടുത്തേക്ക് വന്നു. അവളുടെ മുന്നില്‍ ദുര്‍ബലയായത് ഞാന്‍ ഇഷ്ടപ്പെടുന്നു. (ഇത് ഒരു കുട്ടിയുടെ മാനസികാരോഗ്യം നശിപ്പിക്കുന്നതിനെക്കുറിച്ചല്ല) ഇത് സഹാനുഭൂതിയെക്കുറിച്ച് എന്നെ കൂടുതല്‍ പഠിപ്പിച്ചു. ഒപ്പം സഹാനുഭൂതിയെയും ഞാന്‍ മനസ്സിലാക്കുന്നു.
സഹാനുഭൂതി ശരിക്കും പഠിപ്പിക്കാന്‍ കഴിയില്ല. അത് അവരില്‍ തന്നെയുണ്ട്, നമ്മള്‍ അത് പുറത്തുകൊണ്ടുവരേണ്ടതുണ്ട്. എന്റെ മകള്‍ ലോകത്തെ എങ്ങനെയാകും കാണാൻ പോകുന്നതെന്ന് അത് എന്നെ പഠിപ്പിച്ചു. അവളുടെ അമ്മയാകാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവതിയാണ്. നവ്യ നീയാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചത്."- കല്യാണി കുറിച്ചു. നിരവധിപേരാണ് കല്യാണിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. മക്കളുടെ സാന്നിധ്യം തരുന്ന സന്തോഷത്തെ കുറിച്ചാണ് ചില അമ്മമാര്‍ സംസാരിക്കുന്നത്. ഇങ്ങനെ ഒരു മകളെ കിട്ടിയ കല്യാണി ഭാഗ്യവതിയാണെന്നും ചിലര്‍ കുറിക്കുന്നു.


Click it and Unblock the Notifications