ആളുകൾ എന്നെക്കുറിച്ചു നല്ലത് പറയുമ്പോൾ ഉമ്മയുടെ കണ്ണുനിറയും, ഓരോ പടം ഇറങ്ങുമ്പോഴും ഉമ്മക്ക് ടെൻഷനാണ്: ദുൽഖർ
മലയാള സിനിമയുടെ അഭിമാനമാണ് ദുൽഖർ സൽമാൻ. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം മിന്നും വിജയങ്ങൾ സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് നടൻ. ദുല്‍ഖറിനെ പോലെ ഒരേസമയം ഇത്രയും ഭാഷകളിൽ തിളങ്ങാൻ മറ്റൊരു തെന്നിന്ത്യൻ താരത്തിനും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. എല്ലാ ഭാഷകളിലും നിരവധി ആരാധകരാണ് ഇന്ന് ദുൽഖറിന് ഉള്ളത്. പാന്‍ ഇന്ത്യന്‍ താരം എന്ന ലേബൽ ഏറ്റവും യോജിക്കുന്ന താരമാണ് ദുൽഖർ സൽമാൻ.
മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരിയായി സ്വന്തമായൊരു സ്ഥാനം ഇന്ന് സിനിമാ ലോകത്ത് ദുല്‍ഖറിനുണ്ട്. താരമൂല്യത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് നടൻ. സ്വന്തം അധ്വാനത്തിലൂടെയാണ് ആ നേട്ടം ദുല്‍ഖര്‍ നേടിയെടുത്തത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ പോസിറ്റീവ് വ്യക്തിത്വത്തിലൂടേയും ദുല്‍ഖര്‍ ആരാധകർക്ക് പ്രിയങ്കരനാണ്. തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ദുല്‍ഖറിനുള്ളത്.

അഭിമുഖങ്ങളിൽ തന്റെ കുടുംബത്തെ കുറിച്ച് ദുൽഖർ വാചാലനാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഉമ്മയെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്നെ കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞാൽ കണ്ണു നിറയുന്ന, തന്റെ ഓരോ പടം പുറത്തിറങ്ങുമ്പോഴും എന്റെ മോന്റെ പടം നന്നാവണേ എന്ന് പ്രാർത്ഥിക്കുന്ന ഒരു ടിപ്പിക്കൽ ഉമ്മച്ചിയാണ് തന്റേതെന്നാണ് ദുൽഖർ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ സിനിമ ചെയ്യാതിരിക്കുമ്പോൾ വ്യാകുലപ്പെടുന്ന ഉമ്മച്ചി ഇപ്പോൾ സന്തോഷവതിയാണോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ പ്രതികരണം.
'ഉമ്മച്ചി എപ്പോഴും പ്രാർത്ഥനയാണ്. ഓരോ പടം ഇറങ്ങുമ്പോഴും എന്റെ മോന്റെ പടം നന്നാവണേ എന്ന് പ്രാർത്ഥിക്കുന്ന ഒരു ടിപ്പിക്കൽ ഉമ്മച്ചിയാണ്. അതിൽ ഒരു മാറ്റവുമില്ല. അത് ഇനി ഒരു 30 കൊല്ലം കഴിഞ്ഞാലും എന്റെ ഒരു പടം ഇറങ്ങാൻ നിൽക്കുമ്പോൾ ഉമ്മച്ചിക്ക് അതേ ടെൻഷനും പ്രാർത്ഥനയുമൊക്കെ തന്നെയുണ്ടാകും. ആളുകൾ എന്നെക്കുറിച്ചു നല്ലത് പറയുമ്പോഴും സ്നേഹം കിട്ടുമ്പോഴും ഉമ്മച്ചിക്ക് സന്തോഷമാണ്. കണ്ണൊക്കെ നിറയാറുണ്ട്,' ദുൽഖർ പറഞ്ഞു.
പ്രേക്ഷകരുടെ പിന്തുണയും സ്നേഹവും തനിക്ക് പ്ലാൻ ചെയ്യാൻ സാധിക്കുന്നതല്ലെന്നും പല തലമുറയിൽപെട്ട ആളുകളുടെ സ്നേഹത്തിൽ താൻ കടപ്പെട്ടിരിക്കുന്നുവെന്നും ദുൽഖർ പറഞ്ഞു. 'സിനിമ ചെയ്യാൻ ആഗ്രഹമുണ്ടാകുമ്പോൾ നമുക്ക് അത് പ്ലാൻ ചെയ്യാൻ സാധിക്കുമായിരിക്കും. എന്നാൽ പ്രേക്ഷകരുടെ സ്നേഹമോ അംഗീകാരമോ പ്ലാൻ ചെയ്യാൻ ഒരിക്കലും സാധിക്കില്ല. അവരെയും അവരുടെ വിവേകത്തെയും അവർ ടിക്കറ്റിന് ചിലവാക്കുന്ന കാശിനെയും ബഹുമാനിച്ചു തന്നെ സിനിമ ചെയ്യണം',

'വേറെ കാരണങ്ങൾക്ക് വേണ്ടി സിനിമ ചെയ്യാൻ പാടില്ല എന്ന ഉത്തരവാദിത്തം എനിക്ക് തോന്നാറുണ്ട്. ഒരുപാട് കാശ് തരാം, ഈ പടം ചെയ്യു എന്ന് പറഞ്ഞാൽ എനിക്ക് പേടിയാണ്. ഞാൻ എന്തിനാണ് ഒരു സിനിമ ചെയ്യുന്നത്. എന്താണ് ആ സിനിമയിലുള്ളത്, അത് സത്യസന്ധമായ സിനിമയാണോ എന്നെല്ലാം നോക്കണം. എൻഡ് പ്രോഡക്റ്റ് നല്ലതായാലും മോശമായാലും നമ്മുടെ ഉദ്ദേശ്യം നല്ലതാണെങ്കിൽ, നമ്മൾ പ്രേക്ഷകരെ ബഹുമാനിച്ചാണ് ഈ പടം ചെയ്തതെങ്കിൽ അത് പ്രേക്ഷകർ മനസ്സിലാക്കും',
'കുഴപ്പമില്ല. സിനിമ വർക്ക് ആയില്ലെങ്കിലും നിങ്ങളുടെ ഉദ്ദേശ്യം നല്ലതായിരുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി എന്ന് അവർ പറയും. ഇങ്ങനെയൊക്കെയാണ് ഞാൻ ചിന്തിക്കുന്നത്', ദുൽഖർ പറഞ്ഞു. അതേസമയം ഓണം റിലീസായി എത്തിയ ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്തയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖറിന്റെ വെഫെറർ ഫിലിംസും ചേർന്നാണ്.


Click it and Unblock the Notifications