തെന്നിന്ത്യയുടെ ഷാരൂഖ് ഖാനാണ് ഡിക്യു, ആ ഒരു ഓറയൊക്കെ തോന്നാറുണ്ട്; ദുൽഖറിനെ കുറിച്ച് ഗോകുൽ സുരേഷ്
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്ത. സമ്മിശ്ര പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ആദ്യത്തെ മാസ് ആക്ഷൻ ചിത്രമാണ് ഇത്. എന്നാൽ അതിനേക്കാൾ ഏറെ പ്രേക്ഷകരെ ആകർഷിച്ച ഘടകം, മമ്മൂട്ടി-സുരേഷ് ഗോപി-ജോഷി ത്രയത്തിന്റെ മക്കൾ ഒന്നിക്കുന്നു എന്നതാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ടോണി എന്ന പോലീസുകാരനായാണ് ഗോകുൽ എത്തിയത്.
ആദ്യമായി പോലീസ് വേഷത്തിൽ എത്തിയ ഗോകുൽ തന്റെ വേഷം വൃത്തിയായി ചെയ്തു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഗോകുലിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്നായാണ് ടോണിയെ വിലയിരുത്തുന്നത്. അതിനിടെ തന്റെ കൊത്ത വിശേഷങ്ങൾ പങ്കുവച്ചെത്തിയിരിക്കുകയാണ് ഗോകുൽ സുരേഷ്. അച്ഛൻ ചെയ്തു ഫലിപ്പിച്ച വേഷം ആദ്യമായി അണിയാൻ ലഭിച്ച വേദിയും ദുൽഖറിനെ അടുത്തറിയാൻ പറ്റിയ ഒരു അവസരവുമായിരുന്നു കിങ് ഓഫ് കൊത്തയെന്ന് ഗോകുൽ പറഞ്ഞു. കൗമദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

ധ്രുവം സിനിമയിൽ അച്ഛന്റെ കഥാപാത്രത്തിന് ലഭിച്ച പോലൊരു പ്രാധാന്യമാണ് കിങ് ഓഫ് കൊത്തയിൽ തനിക്ക് ലഭിച്ചിരിക്കുന്നത്. അല്ലാതെ കിങ് ആൻഡ് കമ്മീഷണറിലൊക്കെയുള്ള പോലത്തെ മമ്മൂട്ടി-സുരേഷ് ഗോപി കോമ്പോ പോലെയല്ല. അച്ഛൻ ചെയ്തു ഫലിപ്പിച്ച ഒരു വേഷം എനിക്ക് ആദ്യമായി അണിയാൻ പറ്റിയ വേദിയായിരുന്നു കിങ് ഓഫ് കൊത്തയെന്നും ഗോകുൽ പറഞ്ഞു. തുടർന്നാണ് ദുൽഖറിനെ കുറിച്ച് വാചാലനായത്.
'കേരളത്തിലെ എസ്ആർകെ (ഷാരൂഖ് ഖാൻ) എന്നാണ് ഞാൻ എപ്പോഴും ഡിക്യൂ (ദുൽഖർ സൽമാൻ)വിനെ ടാഗ് ചെയ്യാറ്. അല്ലെങ്കിൽ സൗത്ത് ഇന്ത്യയുടെ എസ്ആർകെ ആണ് ഡിക്യു എന്ന് ഞാൻ പറയും. ഏകദേശം ആ ഒരു ഓറയൊക്കെ എനിക്ക് തോന്നാറുണ്ട്. ഇത്രയും വിനയം ഉള്ളൊരു വ്യക്തി. അത് അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുള്ള ക്രെഡിറ്റാണ്. ഇതുപോലൊരു വലിയ ആളുടെ അടുത്താണ് നിൽക്കുന്നത് എന്ന് തോന്നിപ്പിക്കാത്ത രീതിയിൽ നമ്മളെ അദ്ദേഹം കംഫർട്ടബിളാക്കും',
'കൊത്തയുടെ പ്രൊഡ്യൂസർ കൂടി ആയതുകൊണ്ട് ഒരു നെഗറ്റീവ് എക്സ്പീരിയൻസും ആർട്ടിസ്റ്റുകൾക്ക് ഉണ്ടാകരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. എല്ലാവരേയും ഒരേപോലെയാണ് ട്രീറ്റ് ചെയ്യുന്നത്. ഇതുവരെ വർക്ക് ചെയ്ത സെറ്റുകളിൽ എനിക്കൊരു സൂപ്പർ സ്റ്റാർ ട്രീറ്റ്മെന്റ് കിട്ടിയത് കൊത്തയിലാണ്', ഗോകുൽ സുരേഷ് പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗെറ്റപ്പിലാണ് ദുൽഖർ കൊത്തയിൽ അഭിനയിച്ചിരിക്കുന്നതെന്നും ഗോകുൽ കൂട്ടിച്ചേർത്തു.

അതേസമയം കരിയറിൽ ഒരിക്കൽ പോലും തനിക്ക് അച്ഛന്റെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും നെപ്പോടിസ്റ്റിക് കിഡ് എന്ന തരത്തിൽ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും ഗോകുൽ സുരേഷ് പറഞ്ഞു. 'സിനിമയിൽ അച്ഛൻ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ആരേയും പരിചയപ്പെടുത്തി തന്നിട്ടില്ല. ഉള്ള പരിചയം അച്ഛന്റെ പ്രസൻസിലോ അല്ലാതെയോ ഒക്കെ ഞാൻ ഉണ്ടാക്കിയെടുത്തതാണ്. ചെറുപ്പം മുതൽ അങ്ങനെ ഇൻഡസ്ട്രിയുമായി അങ്ങനെ അധികം ബന്ധം ഉണ്ടായിട്ടില്ല',
'വേണമെങ്കിൽ നിങ്ങൾക്കെന്നെ ഒരു നെപ്പോടിസ്റ്റിക് കിഡ് ആയി ടാഗ് ചെയ്യാം. പക്ഷേ അതിന്റെ ഒരു ആനുകൂല്യവും ലഭിച്ചല്ല ഞാൻ വളർന്നത്. അച്ഛന്റെ അച്ചീവ്മെന്റ് തീർച്ചയായും അഭിമാനായി ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അല്ലാതെ ഒരു സ്റ്റാർ കിഡ്സിന് കിട്ടിയേക്കാവുന്ന ഒരു സാധ്യതയും, ഇടപെടലും ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടില്ല. പലരേയും സിനിമയിൽ എത്തിയ ശേഷം മാത്രമാണ് ഞാൻ പരിചയപ്പെടുന്നത് പോലും', ഗോകുൽ സുരേഷ് പറഞ്ഞു.


Click it and Unblock the Notifications