'ലിയോയിൽ അഭിനയിച്ച കാര്യം അറിയാമായിരുന്നത് അമ്മയ്ക്ക് മാത്രം; വിജയ് സാർ കുട്ടികളെപ്പോലെയാണ്': മഡോണ
വിജയ് നായകനായി എത്തിയ ലിയോ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയത്തിന്റെ തിളക്കത്തിലാണ്. ആദ്യ ദിന കളക്ഷന്റെ കാര്യത്തിലുൾപ്പടെ റെക്കോർഡുകൾ ഭേധിച്ച് ചിത്രം പ്രദർശനം തുടരുകയാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമെന്ന നിലയിൽ റിലീസിന് മുൻപ് തന്നെ വലിയ ശ്രദ്ധനേടിയ സിനിമയാണ് ലിയോ. പ്രഖ്യാപനം മുതൽ സിനിമയിൽ എന്തെല്ലാം സർപ്രൈസുകളാകും ഉണ്ടാവുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ.
പപ്രതീക്ഷിച്ചതുപോലെ ചില സർപ്രൈസുകളുമായാണ് ചിത്രം എത്തിയത്. അതിലൊരു സർപ്രൈസായിരുന്നു ചിത്രത്തിൽ നടി മഡോണ സെബാസ്റ്റ്യന്റെ സാന്നിധ്യം. റിലീസ് വരെ ലോകേഷ് രഹസ്യമായി സൂക്ഷിച്ച കഥാപാത്രങ്ങളിലൊന്നാണ് മഡോണയുടെ എലിസാ ദാസ്. ലോകേഷിനെപ്പോലെ മഡോണയും തന്റെ കഥാപാത്രത്തെ അതീവരഹസ്യമാക്കി വച്ചു. റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഡോണ ചിത്രത്തിലുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മഡോണയോ സിനിമയുടെ മറ്റു അണിയറപ്രവർത്തകരോ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ അത് രഹസ്യമാക്കി വെച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഡോണ. തന്റെ അമ്മയോട് മാത്രമാണ് ലിയോയിൽ അഭിനയിച്ച കാര്യം പറഞ്ഞിരുന്നതെന്ന് മഡോണ പറയുന്നു. റെഡ്നൂൾ എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഡോണ ഇക്കാര്യം പറഞ്ഞത്. സിനിമയിൽ അഭിനയിച്ച അനുഭവവും മഡോണ പങ്കുവച്ചു.
'ഞാൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ടു തന്നെ ലിയോയിൽ അഭിനയിച്ച കാര്യം രഹസ്യമാക്കി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഓക്കെ ആയിരുന്നു. റിലീസിനു മുമ്പു വരെ ലോകേഷിനോടു ചോദിച്ചിരുന്നു, ഇനിയെങ്കിലും പറയാമോ? എന്ന്. ഓഡിയോ ലോഞ്ചിന് പോകാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ ഓഡിയോ ലോഞ്ച് നടന്നില്ല. അതുകൊണ്ട് ഈ രഹസ്യം ഇങ്ങനെ മുന്നോട്ടുപോയി', മഡോണ പറഞ്ഞു.
'എന്നെ സംബന്ധിച്ചിടത്തോളും ലിയോ ഒരു ഭാഗ്യമാണ്. എന്റെ എൻട്രിയൊക്കെ ലോകേഷ് ബ്രില്യൻസ് ആണ്. വൺലൈൻ മാത്രം പറഞ്ഞാണ് സിനിമയിലേക്ക് വിളിച്ചത്. കഥാപാത്രത്തെ കുറിച്ചോ സിനിമയിൽ ചെയ്യേണ്ടത് എന്തെന്നോ പറഞ്ഞിരുന്നില്ല. സെറ്റിലെത്തിയപ്പോഴാണ് അതു ചെയ്യാമോ ഇത് ചെയ്യാമോ എന്നൊക്കെ ചോദിക്കുന്നത്. അത് വലിയൊരു അനുഭവം തന്നെയായിരുന്നു. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ചെയ്യാൻ പറ്റുമോ എന്നൊക്കെ ആലോചിച്ച് വിഷമിച്ചേനെ',
'മൂന്ന് ദിവസം ഷൂട്ട് ഉണ്ടായിരുന്നു. ലിയോയിൽ അഭിനയിക്കുന്ന കാര്യം ആകെ അറിയാമായിരുന്നത് അമ്മയ്ക്കാണ്. അല്ലാതെ അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല', മഡോണ പറഞ്ഞു. വിജയ്യെ കുറിച്ചും മഡോണ വാചാലയായി.
'വിജയ് സാറിനൊപ്പം ഇതുപോലൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് തന്നെ വലിയ കാര്യം. എല്ലാവരും പറയുന്നതുപോലെ വിജയ് സർ അധികം സംസാരിക്കില്ല. പക്ഷേ സംസാരിച്ചു തുടങ്ങിയാൽ കുട്ടികളെപ്പോെലയാണ്. കൂടെ വർക്ക് ചെയ്യുമ്പോൾ നമുക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നും', മഡോണ പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്നതിനെ കുറിച്ചും മഡോണ സംസാരിച്ചു. എല്ലാ സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം എന്നതാണ് ആഗ്രഹം. അതിന് അവസരങ്ങൾ ലഭിക്കണം. ഇതുപോലുള്ള വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നതാണ് ആഗ്രഹം. വലിയ ഇടവേളയ്ക്കു ശേഷമുള്ള എന്റെ തിരിച്ചുവരവാണെന്ന് പലരും പറയുന്നതു കേട്ടു. കോവിഡിന്റെ സമയത്താണെന്ന് തോന്നുന്നു ഇടവേള വന്നത്. നാല് സിനിമകളിൽ ഇപ്പോൾ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും മഡോണ സെബാസ്റ്റ്യൻ പറഞ്ഞു.
അൽഫോൺസ് പുത്രന്റെ പ്രേമത്തിലൂടെയാണ് മഡോണയുടെ സിനിമാ അരങ്ങേറ്റം. കാതലും കടന്തു പോകും പോകും എന്ന സിനിമയിലൂടെയാണ് മഡോണ തമിഴിൽ എത്തുന്നത്. വിജയ് സേതുപതിയുടെ നായിക ആയിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് തെലുങ്കിലും കന്നഡത്തിലുമെല്ലാം മഡോണ സാന്നിധ്യം അറിയിച്ചിരുന്നു, കുഞ്ചാക്കോ ബോബൻ നായകനായ പദ്‌മിനിയാണ് മഡോണ അവസാനം അഭിനയിച്ച മലയാള സിനിമ.


Click it and Unblock the Notifications











