എനിക്ക് ആദ്യം പേടിയായിരുന്നു, എന്നാൽ അദ്ദേഹം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി; മോഹൻലാലിനെ കുറിച്ച് നടി കഥ നന്ദി
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈകോട്ടൈ വലിബൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ബംഗാളി നടി കഥ നന്ദി.
മലയാള സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ. മലയാളത്തിലെ ഇക്കാലത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ലിജോയും നടന വിസ്മയം മോഹൻലാലും ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ ചിത്രത്തിൽ പ്രഖ്യാപനം മുതൽ ഓരോ ചെറിയ വിശേഷങ്ങളും ആരാധകർ ആഘോഷമാക്കുകയാണ്.
കരിയറിലെ മോശം ഘട്ടങ്ങളിൽ ഒന്നിലൂടെ കടന്നു പോകുന്ന മോഹൻലാലിനായി ലിജോ ഒരുക്കി വച്ചിരിക്കുന്നത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേമികൾ ഒന്നടങ്കം. നടന്റെ വമ്പൻ തിരിച്ചു വരവാകും ഇതെന്നാണ് പ്രതീക്ഷകൾ. നിലവിൽ രാജസ്ഥാനിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

മലയാളത്തിന് പുറമെ മറ്റു ഭാഷകളിൽ നിന്നടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്യുന്നത് ബംഗാളി നടിയും മോഡലുമായ കഥ നന്ദിയാണ്. ഇപ്പോഴിതാ, ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് താരം.
കൊൽക്കത്ത സ്വദേശിയാണ് കഥ നന്ദി. മോഡലിങ് രംഗത്ത് നിന്ന് അഭിനയത്തിലേക്ക് എത്തിയ താരം ഷോർട്ട് ഫിലിമുകളിലും സീരിസുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും മിന്നും താരമാണ് കഥ നന്ദി. ധാരാളം ഷോർട്ട് ഫിലിമുകളിലും സീരീസുകളിലും തമിഴിലടക്കം നിരവധി സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.
തന്റെ സ്വപ്‌നം യാഥാർഥ്യമായത് പോലെ ആയിരുന്നു മലൈക്കോട്ട വാലിബനിലെ അനുഭവമെന്നാണ് കഥ നന്ദി പറയുന്നത്. ഒരുപാട് ട്വിസ്റ്റുകളും ആക്ഷൻ സീക്വൻസുകളാലും സമ്പന്നമാണ് ചിത്രമെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
'അങ്കമാലി ഡയറീസ് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകിയാണ് ഞാൻ. ആ എനിക്ക് മലൈകോട്ടൈ വാലിബൻ ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ് തോന്നുന്നത്. ഒരുപാട് ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും സിനിമയിലുണ്ട്. വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് എനിക്കുള്ളത്. കഥ പറയുന്ന കാലഘട്ടത്തിലെ ഭാഷാശൈലിയും പെരുമാറ്റ രീതികളുമൊക്കെ താൻ പഠിച്ചെടുത്തുവെന്നും' കഥ നന്ദി പറഞ്ഞു.
മോഹൻലാലിനെ ഷൂട്ടിനിടയിൽ ആദ്യമായി കണ്ടതിനേക്കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. അദ്ദേഹത്തെ ആദ്യമായി കണ്ടത് മറക്കാനാവാത്ത നിമിഷമാണ്. അദ്ദേഹത്തിന്റെ വിനയത്തോടെയുള്ള പെരുമാറ്റം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരെയും പെട്ടെന്ന് കംഫർട്ടബിൾ ആക്കുന്ന വ്യക്തിയാണ് അദ്ദേഹം,'
'ആദ്യം എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നാൽ സെറ്റിലെ മുഴുവൻ അനുഭവവും വളരെ രസകരവും അവിസ്മരണീയവുമാക്കാൻ അദ്ദേഹം സഹായിച്ചു,' എന്നാണ് കത മോഹൻലാലിനെ കുറിച്ച് പറഞ്ഞത്.
കതയ്ക്ക് പുറമെ മറാഠി നടിയായ സൊനാലി കുൽക്കർണി, ഹരീഷ് പേരാടി, കന്നഡ താരവും കൊമേഡിയനുമായ ഡാനിഷ് സേട്ടും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രാജസ്ഥാനിൽ തന്നെയാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ഷൂട്ട് ചെയ്യുന്നത് എന്നാണ് വിവരം. നേരത്തെ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളൊക്കെ പുറത്തു വന്നിരുന്നു.

ഗുസ്തിക്കാരനായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുക എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. വൻ ക്യാൻവാസിലൊരുങ്ങുന്ന ചിത്രത്തിന് ആരാധകർക്ക് പ്രതീക്ഷ ഏറെയാണ്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.
മലൈക്കോട്ട വാലിബന് പുറമെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായറാം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിനിടെ ബിഗ് ബോസ് സീസൺ 5 ന്റെ അവതാരകനായും മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോൺ ആയിരുന്നു മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications