'കൊച്ചിയിൽ പോയി മരിച്ചിരുന്നെങ്കിൽ കൂടുതൽ പേർ എത്തിയേനെ'; മാമുക്കോയയെ കാണാൻ പ്രമുഖർ എത്തിയില്ല: വിമർശനം!
മലയാള സിനിമയിലെ ഹാസ്യ രാജാവ് മാമുക്കോയ ഇനി ഓർമ. മലയാളികളെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളം ചിരിപ്പിച്ച നടന്റെ വിയോഗം മലയാള സിനിമാ ലോകത്തേയും പ്രേക്ഷകരെയും ഒരുപോലെയാണ് കണ്ണീരിലാഴ്ത്തിയത്. നടനെ അവസാനമായി ഒരുനോക്ക് കാണാൻ ഇന്നലെ കോഴിക്കോട് ടൗൺ ഹാളിലും ഇന്ന് വീട്ടിലുമായി ജനസാഗരം എത്തുകയുണ്ടായി. ഒടുവിൽ ഇന്ന് രാവിലെ 11 മണിയോടെ കണ്ണംപറമ്പ് ജുമാമസ്ജിദിലെ ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു മാമുക്കോയ. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താരം വിടചൊല്ലിയത്. രണ്ടു ദിവസം മുൻപ് മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നടന് വയ്യാതെ ആയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഇന്നലെ വൈകീട്ട് 4:45-ഓടെ കോഴിക്കോട്ടെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നിരവധിയാളുകൾ എത്തുകയുണ്ടായി.

ഇന്നലത്തെ പൊതുദർശനം രാത്രി പത്ത് മണിവരെ നീണ്ടു. അതിനു ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും നിരവധി പേരെത്തിയിരുന്നു. എന്നാൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ അസാന്നിധ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാകുന്നത്. കോഴിക്കോട് ടൗൺ ഹാളിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെച്ചെങ്കിലും വളരെ കുറച്ചു താരങ്ങൾ മാത്രമാണ് കടന്നുവന്നത്.
കോഴിക്കോട്ടുള്ള സിനിമ താരങ്ങളും മറ്റു ചിലരും മാത്രമായിരുന്നു ഇക്കൂട്ടത്തിൽ. താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു വീട്ടിൽ എത്തി അന്തിമോപചാരമർപ്പിച്ചിരുന്നു. ഇതുകൂടാതെ നടൻ ജോജു ജോർജ്, വിനോദ് കോവൂർ, ഇർഷാദ്, നടി അഞ്ജലി അമീർ, നിർമാതാവ് ആര്യാടൻ ഷൗക്കത്ത്, തുടങ്ങി വളരെ കുറച്ചു താരങ്ങൾ മാത്രമേ പ്രിയ നടനെ ഒരു നോക്ക് കാണാൻ എത്തിയുള്ളൂ. ഇവരെ കൂടാതെ മന്ത്രി അഹമ്മദ് ദേവർകോവിൽ സ്‌പീക്കർ എ എൻ ഷംസീർ എന്നിവരും സാന്നിധ്യമറിയിച്ചു.
ഇതിനു പിന്നാലെയാണ് മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന വിമർശനം ഉയരുന്നത്. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും സംവിധായകൻ വി.എം. വിനു പറഞ്ഞു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായി എന്ന് അദ്ദേഹം തുറന്നടിച്ചു.
താരങ്ങൾ മാത്രമല്ല സംവിധായകരും മലയാള സിനിമ സംഘടനകളിലെ പല പ്രമുഖരും എത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു വി.എം. വിനുവിന്റെ പരിഹാസം. ടൗൺഹാളിലേക്കും വീട്ടിലേക്കും ഒഴുകി എത്തിയ കോഴിക്കോട്ടെ സാധാരണക്കാരെ അദ്ദേഹം പ്രത്യേകം പരാമർശിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സിനിമ പ്രേമികളും വലിയ തോതിലുള്ള വിമർശനം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ മാസം നടൻ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചിയിലും തൃശൂരുമായി പൊതുദർശനത്തിന് വെച്ചപ്പോൾ മലയാളത്തിലെ ഒട്ടുമിക്ക നടി നടന്മാരും സംവിധായകരും നിർമ്മാതാക്കളും മറ്റു അണിയറപ്രവർത്തകരും എത്തിയിരുന്നു. എന്നാൽ മാമുക്കോയയുടെ അവസാനമായി ഒരുനോക്ക് കാണാൻ എന്തുകൊണ്ട് ഇവരാരും എത്തിയില്ല എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
അതേസമയം, മോഹൻലാൽ ജപ്പാനിൽ അവധി ആഘോഷത്തിൽ ആയതിനാലാണ് എത്താതിരുന്നത് എന്നാണ് വിവരം. ഉമ്മയുടെ മരണാവശ്യങ്ങളെ തുടർന്നാണ് മമ്മൂട്ടിക്ക് എത്താൻ കഴിയാതിരുന്നതെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ മരണവാർത്ത വന്നതിന് പിന്നാലെ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി കുറിപ്പ് പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധനേടുകയുണ്ടായി.


Click it and Unblock the Notifications