സംഗീതജ്ഞൻ ലൈംഗികമായി ഉപദ്രവിച്ചു; ഡിപ്രഷനിലായി, ആത്മഹത്യക്ക് ശ്രമിച്ചു; ജീവിതം പറഞ്ഞ് നടി കല്യാണി
ഒരുകാലത്ത് തമിഴ്, മലയാളം സിനിമകളിൽ സജീവമായിരുന്ന നടിയാണ് പൂർണിത എന്ന കല്യാണി രോഹിത്. പിന്നീട് മിനിസ്ക്രീനിലേക്ക് പോയ താരം നടിയായും അവതാരകയായുമെല്ലാം തിളങ്ങി. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടെലിവിഷനിൽ നിന്നടക്കം പൂർണമായി മാറി നിൽക്കുകയാണ് താരം. നട്ടെലിനെ ബാധിച്ച അസുഖം മൂലം ആരോഗ്യാവസ്ഥ മോശമായതോടെയാണ് താരം കരിയറിന് ഒരു ഇടവേള നൽകിയത്. അടുത്തിടെ തന്റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കല്യാണി എത്തിയിരുന്നു.
എന്നാൽ ഇതിനു മുൻപ് ഡിപ്രഷൻ അടക്കമുള്ള പ്രശ്നങ്ങളിലൂടെയും കല്യാണി കടന്നുപോയിരുന്നു. അമ്മയുടെ ആത്മഹത്യക്ക് പിന്നാലെ ആയിരുന്നു ഇത്. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ താൻ കടന്നുപോയ പ്രതിസന്ധികളെ കുറിച്ചെല്ലാം കല്യാണി സംസാരിച്ചിരുന്നു. ആ വാക്കുകൾ വൈറലായി മാറുകയാണ്.

'എന്റെ അമ്മ ഒരു ഭരതനാട്യം കലാകാരിയാണ്. അച്ഛൻ ഫൈറ്റർ പൈലറ്റായിരുന്നു. അച്ഛൻ മദ്യപിക്കുകയും അമ്മയെ മർദിക്കുകയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ അത് കണ്ടാണ് ഞാൻ വളർന്നത്. അന്നുമുതൽ എന്റെ മാനസികാരോഗ്യം ക്രമേണ മാറാൻ തുടങ്ങി. ഞാനും അമ്മയും ചെന്നൈയിൽ വന്നു. ഞങ്ങൾ ഒരു ഷോയിൽ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിച്ചിരുന്നു. അത് കണ്ടിട്ട് ഒരാൾ എന്നെ ഒരു പരിപാടിയുടെ അവതാരകയായി വിടാമോ എന്ന് അമ്മയോട് ചോദിച്ചു',
'കലാപരമായ എന്തും അമ്മയ്ക്ക് ഇഷ്ടമാണ്. അമ്മ ഉടനെ വിടാമെന്ന് പറഞ്ഞു. പക്ഷേ അച്ഛൻ അനുവദിച്ചില്ല. പിന്നെ എങ്ങനെയൊക്കെയോ അച്ഛന്റെ സമ്മതം വാങ്ങി പരിപാടിയിൽ പങ്കെടുത്തു. അങ്ങനെ കുട്ടിക്കാലത്ത് തന്നെ ഞാൻ ഒരു പരിപാടിയുടെ അവതാരകകയായി. അതുവഴി ലഭിച്ച ജനപ്രീതിയാണ് അല്ലിത്ത് താനാ വാനം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കിയത്. ആ സിനിമയിലെ 'ചെന്നൈ പട്ടണം എൽമ താഹ' എന്ന ഗാനം എന്നെ ഏറെ പ്രശസ്തയാക്കി', കല്യാണി പറയുന്നു.
'അതിനുശേഷം നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും ഞാൻ അഭിനയിച്ചു. അത് മറ്റൊരു ലോകം തന്നെയായിരുന്നു. എന്നാൽ തിരികെ വീട്ടിലെത്തിയാൽ എല്ലാം പഴയത് പോലെ തന്നെ, അച്ഛനും അമ്മയും തമ്മിലുള്ള വഴക്കും അത് കാരണമുള്ള പ്രശ്നങ്ങളും. അമ്മ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അച്ഛന്റെ മർദനത്തിനിടെ അമ്മ പലപ്പോഴും തളർന്ന് വീണിട്ടുണ്ട്. ഈ സമയത്താണ് ഒരു സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചത്',
'അന്ന് ഇതെങ്ങനെ അമ്മയോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അമ്മയുടെ മുന്നിൽ ആ വ്യക്തി എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്. എന്റെ അമ്മയും അയാളെ ഒരു ഇളയ സഹോദരനെപ്പോലെയാണ് കണ്ടത്. അമ്മ മരിക്കുന്നത് വരെ ഞാൻ ഇക്കാര്യം അമ്മയോട് പറഞ്ഞിട്ടില്ല. എനിക്ക് മറ്റു സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. അമ്മയായിരുന്നു എന്റെ ലോകം', കല്യാണി വികാരാധീനയായി.
'അങ്ങനെ ഇരിക്കെയാണ് 21-ാം വയസ്സിൽ വിവാഹം കഴിക്കാൻ അമ്മ എന്നോട് ആവശ്യപ്പെട്ടത്. ഞാൻ വിവാഹം കഴിച്ചു. ഞാനും അമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞു, ഞങ്ങൾ അങ്ങനെ അമ്മയുടെ വീടിനടുത്ത് തന്നെ താമസം തുടങ്ങി. അമ്മയ്‌ക്കൊരു അസുഖം ഉണ്ടായിരുന്നു. ആ അസുഖം കാരണം അമ്മ വിഷാദത്തിലായിരുന്നു. ഒരു ദിവസം അമ്മ സ്വന്തം മുറിയിൽ തൂങ്ങി മരിച്ചു. ആ സമയത്താണ് ഡിപ്രഷൻ എന്നെ ബാധിച്ചത്',

'ഞങ്ങൾ അപ്പോൾ ബാംഗ്ലൂരിലേക്ക് മാറിയതേയുള്ളൂ. പെട്ടെന്ന് ഒരു ദിവസം എനിക്ക് ഉണരാൻ കഴിഞ്ഞില്ല. എനിക്ക് എന്റെ കാൽ അവിടെ ഉണ്ടെന്ന് പോലും അറിയാൻ കഴിയുന്നില്ലായിരുന്നു. എന്റെ ഭർത്താവ് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ ഒരു മേജർ ഓപ്പറേഷൻ നടത്തണമെന്ന് പറഞ്ഞു. അതനുസരിച്ച് എന്റെ നട്ടെല്ലിന് ഒരു മേജർ ഓപ്പറേഷൻ നടത്തി. അതിനുശേഷം ഞങ്ങൾ വിദേശത്തേക്ക് പോയി, അവിടെയും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടു. കാരണം എന്നെ സഹായിക്കാൻ അവിടെ ആരുമില്ലായിരുന്നു',
'ഒരു ഘട്ടത്തിൽ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു. ആ ശ്രമത്തിലൂടെ എന്റെ ജീവിതത്തിൽ കയ്പേറിയ ചില കാര്യങ്ങൾ സംഭവിച്ചു. ആ കയ്പേറിയ സംഭവങ്ങൾ എന്നെ ചെന്നൈയിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിച്ചു. ഇപ്പോൾ ഞാൻ വിഷാദരോഗം ബാധിച്ച ആളുകളെ സഹായിക്കാൻ ഒരു സംഘടന നടത്തുകയാണ്. മറ്റ് അസുഖങ്ങൾക്ക് നമ്മൾ ആശുപത്രിയിൽ പോകുന്നത് പോലെ മാനസിക പ്രശ്‌നങ്ങൾക്കും ഡോക്ടറെ കാണുന്നതിൽ തെറ്റില്ല', കല്യാണി അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications