ഞാനൊരു സൂപ്പർ അമ്മയാണെന്ന് മകൾ പറയുമെന്ന് തോന്നുന്നില്ല! എന്റെ അമ്മ സ്ട്രിക്റ്റായിരുന്നു; മീന പറയുന്നു
അന്യഭാഷാ നടിമാരെ എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവരാണ് മലയാളികൾ. അങ്ങനെ മലയാളികളുടെ ഇഷ്ടം വേണ്ടുവോളം ലഭിച്ചിട്ടുള്ള നടിയാണ് മീന. തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന മീന ഇപ്പോഴും സിനിമകളിൽ സജീവമാണ്. അഭിനയിച്ച ഭാഷകളിലെയെല്ലാം സൂപ്പർ താരങ്ങളുടെ നായികയാവാനും മീനയ്ക്ക് സാധിച്ചു. രജിനീകാന്ത്, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം ഒന്നിലേറെ സിനിമകളിൽ മീന അഭിനയിച്ചിട്ടുണ്ട്. ഇവയിൽ പലതും സൂപ്പർ ഹിറ്റുകൾ ആയിരുന്നു എന്നത് മറ്റൊരു കാര്യം.
ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും രണ്ടാം വരവ് മീന ഗംഭീരമാക്കി. വിവാഹത്തോടെയാണ് മീന സിനിമയിൽ നിന്ന് മാറിനിന്നത്. തിരിച്ചുവരവിൽ ഏറ്റവും മികച്ച അവസരങ്ങൾ മീനയെ തേടി എത്തിയത് മലയാളത്തിൽ നിന്നാണ്. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളാണ് അതിൽ ചിലത്.

വളരെ ചെറുപ്രായത്തിൽ ബാല താരമായി സിനിമയിലെത്തിയതാണ് മീന. മീനയുടെ കരിയറിലെ ഉയർച്ചയിൽ വലിയൊരു പങ്കുവഹിച്ചത് നടിയുടെ അമ്മ രാജ് മല്ലികയാണ്. ചെറുപ്പം മുതൽ തന്നെ മീനയുടെ ഡേറ്റുകൾ നോക്കിയിരുന്നതും സിനിമകൾ തെരഞ്ഞെടുത്തതുമെല്ലാം അമ്മയാണ്. അമ്മയുടെ പിന്തുണയാണ് തന്നെ ഈ നിലയിലെത്തിച്ചതെന്ന് മീന പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അമൃത ടിവിയിലെ സൂപ്പർ അമ്മയും മകളും ഷോയിൽ മീന തന്റെ അമ്മയെയും മകളെയും കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
അമ്മ വളരെ സ്ട്രിക്ട് ആയിരുന്നു, എന്നാൽ അതേ പോലെ തന്നെ ഫൺ ക്യാരക്ടറുമായിരുന്നവെന്ന് മീന പറയുന്നു. 'ഞാൻ ഷൂട്ടിങ്ങിനു പോകേണ്ട സമയം, ഞാൻ ചെയ്യുന്ന ജോലി അതൊക്കെ വളരെ പെർഫെക്ടായി ചെയ്യണം എന്നാണ് അമ്മ പറയുക. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ അമ്മ വളരെ സ്ട്രിക്ട് ആയിരുന്നു. നമ്മൾ ഒട്ടും ഡൗൺ ആകാതെ, ചെയ്യുന്ന കാര്യത്തിൽ പൂർണ ശ്രദ്ധ കൊടുക്കണം എന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്', മീന പറഞ്ഞു.
'അമ്മ കണ്ണൂർക്കാരിയാണ്. ഞാൻ പൂർണ്ണമായും മലയാളി ആണെന്ന് പറയാൻ കഴിയില്ല. അച്ഛൻ തെലുങ്ക് നാട്ടിൽ നിന്നുമാണ്. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. എന്റെ മോൾ ഇപ്പോൾ ഏഴാം ക്ലാസ്സിലാണ്. എക്സാം ടൈം ആണ് അതുകൊണ്ടാണ് കൊണ്ടുവരാതിരുന്നത്', എന്നും മീന പറഞ്ഞു. മീന എങ്ങനെയുള്ള അമ്മയാണെന്ന ചോദ്യത്തിന് അത് മകൾ അല്ലേ പറയേണ്ടത് എന്നായിരുന്നു മീനയുടെ ചോദ്യം.
എന്റെ മോൾ ഞാൻ ഒരു സൂപ്പർ അമ്മ ആണെന്ന് പറയുമെന്ന് തോന്നുന്നില്ല. കാരണം ഇപ്പോൾ ഞാൻ കുറച്ചു സ്ട്രിക്ടാണ്, ഈ സമയത്ത് അങ്ങനെ വേണമെന്ന് തോന്നുന്നു. ഒരു കാര്യം വേണ്ടെന്ന് പറഞ്ഞാൽ വേണ്ട എന്ന രീതിയിലാണ് ഇപ്പോൾ പോകുന്നത്. കുറച്ചുകൂടെ പക്വത വന്ന് കഴിയുമ്പോൾ ചിലപ്പോൾ സൂപ്പർ മോം ആണെന്ന് പറഞ്ഞേക്കാമെന്നും മീന പറഞ്ഞു.

ഭർത്താവ് സാഗറിന്റെ അകാല വിയോഗമുണ്ടാക്കിയ വേദനയിൽ നിന്ന് പതിയെ കരകയറി വരുന്ന മീന ഇപ്പോൾ ചാനൽ ഷോകളിലും, അഭിനയത്തിലുമെല്ലാം സജീവമാണ്. അടുത്തിടെ മീന 40 വർഷം പൂർത്തിയാക്കിയത് വലിയ ആഘോഷമായി തമിഴ് സിനിമാ ലോകം കൊണ്ടാടിയിരുന്നു. രജനീകാന്ത് അടക്കം നിരവധി താരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് മീന മലയാളത്തിൽ അവസാനമായി അഭിനയിച്ച സിനിമ. മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. റൗഡി ബേബി എന്ന തമിഴ് ചിത്രമാണ് മീനയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.


Click it and Unblock the Notifications