ജീവിതത്തിലെ സങ്കടങ്ങൾ ഓർത്താണ് സിനിമയിൽ കരയുന്നത്; വളരെ സെൻസിറ്റീവായ കുട്ടിയായിരുന്നു ഞാൻ: മീര ജാസ്മിൻ
മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. പ്രേക്ഷകർക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് താരം. 2001ൽ ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ മീര ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. പിന്നീട് വൈവിധ്യമാർന്ന ഒരുപിടി വേഷങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള നായികയായി മാറാനും മീരയ്ക്ക് കഴിഞ്ഞു.
അഭിനയ മികവ് കൊണ്ട് കയ്യടി വാങ്ങിക്കൂട്ടിയ മീര മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സൂപ്പർ ഹിറ്റുകളുടെ ഭാഗമാകാൻ മീരയ്ക്ക് കഴിഞ്ഞു. പിന്നീട് കുറച്ചുകാലം സിനിമയിൽ നിന്നും അകന്നുനിന്ന മീര ഇപ്പോഴിതാ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ക്വീൻ എലിസബത്താണ് മീരയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി ഇപ്പോൾ. അതിനിടെ തന്റെ തുടക്കകാലത്തെ കുറിച്ചുള്ള മീരയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. മനോരമ ഓണലൈനോട് സംസാരിക്കുകയായിരുന്നു താരം.

കരിയറിന്റെ തുടക്കകാലത്ത് പ്രഗൽഭരായ സംവിധായകർക്കും താരങ്ങളുമൊപ്പമെല്ലാം മീരയ്ക്ക് സാധിച്ചിരുന്നു. മികച്ച നടിയാകാൻ തന്നെ സഹായിച്ചത് അതായിരിക്കുമെന്ന് മീര പറയുന്നു. "ഞാൻ നന്നായി അഭിനയിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം തുടക്കത്തിൽ എനിക്കു കിട്ടിയ ഫൗണ്ടേഷനായിരിക്കണം. ലോഹിയങ്കിളിനെപ്പോലെ ഒരു മെന്റർ പറഞ്ഞു തരുന്ന കാര്യങ്ങൾ ഒരുപാടു ഗുണം ചെയ്തിട്ടുണ്ട്. ക്യാരക്ടറിന്റെ വികാരങ്ങളെപ്പറ്റിയൊക്കെ കൃത്യമായി പറഞ്ഞുതരും.
എന്തു ചെയ്യുമ്പോഴും നാച്ചുറലായി ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കാം. പക്ഷേ നമുക്ക് ജന്മനാൽ ദൈവം തരുന്ന ഒരു കഴിവുണ്ട്. അഭിനയിക്കുമ്പോൾ നമ്മുടെ മുഖം എങ്ങനെയിരിക്കുന്നു എന്നൊക്കെ ചിന്തിച്ചാൽ നമുക്ക് അഭിനയിക്കാൻ പറ്റില്ല. ഞാനങ്ങനെ പുസ്തകം വായിക്കുന്ന കൂട്ടത്തിലൊന്നുമല്ല. നല്ല ഭാവന ഉണ്ടാകാൻ ലോഹിയങ്കിൾ എന്നെ നിർബന്ധിച്ച് പുസ്തകങ്ങളൊക്കെ വായിപ്പിക്കുമായിരുന്നു. മാധവിക്കുട്ടിയുടെ കവിതകൾ കേൾപ്പിക്കുമായിരുന്നു," മീര പറയുന്നു.
വൈകാരിക രംഗങ്ങളിലൊക്കെ അഭിനയം മെച്ചപ്പെടുത്തിയിരുന്നത് എങ്ങനെയാണെന്നും മീന പറഞ്ഞു. "ഞാൻ ചെറുപ്പത്തിലേ വളരെ സെൻസിറ്റീവായിട്ടുള്ള കുട്ടിയായിരുന്നു. ഓരോ സിറ്റുവേഷനനുസരിച്ച് മൂഡ് മാറുമായിരുന്നു. മഴ പെയ്യുമ്പോൾ ഒരു മൂഡ്, ചില പാട്ടുകളുടെ രാഗങ്ങൾ കേൾക്കുമ്പോൾ ഒരു മൂഡ്. അഭിനയിക്കുമ്പോൾ എല്ലാം അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. അറിയാതെ സംഭവിക്കുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടമുള്ള കാര്യങ്ങളോർക്കും. അപ്പോൾ വരുന്ന സങ്കടം സിനിമയിലേക്കു പകരും. അതായിരുന്നു പണ്ടെന്റെ രീതി.

കുറച്ചു കഴിഞ്ഞപ്പോൾ ആ കഥാപാത്രം ഏത് അവസ്ഥയിലൂടെ പോകുന്നു എന്ന് മനസ്സിലാക്കി ചെയ്യാൻ തുടങ്ങി. എല്ലാ കഥാപാത്രങ്ങളും നമ്മുടെ ഉള്ളിലും ഉണ്ട്. അവരുടെ ചുറ്റുപാടുകളാണ് ഓരോ കഥാപാത്രങ്ങളെയും ട്രിഗർ ചെയ്യുന്നത്. ഞാൻ എന്തു ചെയ്യുമ്പോഴും യഥാർഥത്തിൽ അതേ വികാരത്തിലാണ് അഭിനയിക്കുന്നത്. ഒരു ഫീലോടു കൂടിയേ ചെയ്യൂ. അല്ലെങ്കിൽ അത് ഫേക്ക് ആയി തോന്നും," മീര വ്യക്തമാക്കി.
ആദ്യ സിനിമയായ സൂത്രധാരനിൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് പേരറിയാം മകയിരം നാളറിയാം എന്ന ഗാനരംഗത്തിലാണെന്നും മീര പറഞ്ഞു. "ആദ്യത്തെ സിനിമ. എങ്ങനെ അഭിനയിക്കണം എന്നറിയില്ല. എങ്ങനെ കരയണം, എങ്ങനെ ചിരിക്കണം എന്നുപോലും ചിന്തിക്കാതെ ചെയ്തൊരു സിനിമ. സൂത്രധാരനിൽ ആദ്യം ഷൂട്ട് ചെയ്തത് 'പേരറിയാം മകയിരം നാളറിയാം' എന്ന പാട്ടാണ്. പേടിയായിരുന്നു. സുജാത ചേച്ചിയുടെ പാട്ടിലൂടെയാണ് ഞാൻ സിനിമയിലേക്കു വന്നത്. പാറിപ്പറന്ന് ആ പാട്ട് അഭിനയിച്ചു."
കസ്തൂരിമാനിലെ കരച്ചിലിന്റെ ചില ട്രോളുകളും മീമുകളുമൊക്കെ അറിയാതെ കണ്ണിൽ പെടാറുണ്ട്. പഴയ ചില സീനുകളൊക്കെ കാണുമ്പോൾ ചമ്മലാകും. കസ്തൂരിമാനിലെ കരച്ചിലൊക്കെ അത്രയും വേണ്ടായിരുന്നു എന്ന് തോന്നുമെന്നും മീര അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications