'അവർക്കെല്ലാം ഞാൻ ഇപ്പോഴും റോസിയാണ്'; അധികം സിനിമകളിൽ കാണാതിരുന്നതിന് കാരണം!; രാജശ്രീ പറയുന്നു

കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസില്‍ നിന്നും മായാതെ നില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. അങ്ങനെ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് മേഘസന്ദേശം സിനിമയിലെ റോസി സാമുവൽ എന്ന പ്രേതം. രാജസേനന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായിരുന്നു അത്. നടി രാജശ്രീ നായരാണ് റോസിയായി എത്തി കയ്യടി നേടിയത്. 2001 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകനായത് സുരേഷ് ഗോപിയാണ്. സംയുക്ത വർമയാണ് മറ്റൊരു പ്രധാന വേഷം ചെയ്തത്.

മേഘസന്ദേശം ആയിരുന്നു രാജശ്രീയുടെ ആദ്യ സിനിമ. പിന്നീട് ഒരുപിടി സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നത് റോസി എന്ന കഥാപാത്രമായിട്ടാണ്. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് താരം. തമിഴിലും തെലുങ്കിലും വിവിധ സീരിയലുകളിൽ രാജശ്രീ അഭിനയിക്കുന്നുണ്ട്. കൂടാതെ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ ചെയ്യുന്ന സിനിമയും അണിയറയിലാണ്. അതിനിടെ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് രാജശ്രീ.

rajshri nair

സീരിയലിൽ നിന്നാണ് താൻ സിനിമയിലേക്ക് എത്തിയതെന്ന് രാജശ്രീ പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്ത് കുറച്ചുനാൾ എല്ലാത്തിൽ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് ഇപ്പോൾ തിരിച്ചു വന്നു. സീരിയലുകളും സിനിമകളും എല്ലാം ചെയ്യുന്നുണ്ട്. കുറച്ചു സിനിമകളിൽ ക്യാരക്ടർ വേഷങ്ങൾ ചെയ്യുന്നുണ്ട്. മലയാളത്തിൽ വിലായത്ത് ബുദ്ധയിൽ അഭിനയിക്കുന്നുണ്ട്. കുറേക്കാലങ്ങൾക്ക് ശേഷം ചെയ്യുന്ന സിനിമയാണ്. വളരെ ആകാംക്ഷയിലാണ് ഒപ്പം തന്നെ സന്തോഷവുമുണ്ട്. മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. ഇതിനു ശേഷം കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജശ്രീ വ്യക്തമാക്കി.

മേഘസന്ദേശത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും രാജശ്രീ പങ്കുവച്ചു. ഇന്നും കേരളത്തിലെ ആളുകൾ തന്നെ തിരിച്ചറിയുന്നത് ആ വേഷം കൊണ്ടാണെന്നും താരം പറഞ്ഞു. '26 വർഷങ്ങൾക്ക് മുൻപാണ് ഞാൻ മേഘസന്ദേശം ചെയ്യുന്നത്. രാജസേനൻ സാർ ഓഡിഷൻ നടത്തിയാണ് തിരഞ്ഞെടുത്തത്. ഷൂട്ടിനിടയിൽ സംയുക്തയും ഞാനും നല്ല സുഹൃത്തുക്കളായി. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സംയുക്ത. നല്ലൊരു അനുഭവം ആയിരുന്നു ആ സിനിമ. ആ സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ ആൾ ഞാനാണെന്ന് തോന്നുന്നു. പക്ഷേ അതെനിക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല',

'നാട്ടിലൊക്കെ എന്നെ ഇപ്പോഴും അറിയുന്നത് മേഘസന്ദേശം കാരണമാണ്. അവർക്കെല്ലാം ഇപ്പോഴും ഞാൻ റോസിയാണ്. എനിക്കൊരു ഐഡന്റിറ്റി തന്ന സിനിമയാണ്. അതുകൊണ്ട് ഞാൻ ഒരിക്കലും മറക്കില്ല. ഇൻസ്റ്റാഗ്രാമിൽ ഇപ്പോഴും ചിലർ അതിലെ വീഡിയോകളും ട്രോളുകളും അയച്ചു തരാറുണ്ട്', രാജശ്രീ പറഞ്ഞു. കൂടുതൽ സിനിമകളിൽ കാണാതിരുന്നതിനെ കുറിച്ചും നടി സംസാരിച്ചു.

മേഘസന്ദേശത്തിന് ശേഷം മിസ്റ്റർ ബ്രഹ്മചാരി, രാവണപ്രഭു തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നാൽ പ്രധാന വേഷങ്ങൾ ഒന്നും ലഭിച്ചില്ല. കൂടുതലും ക്യാരക്ടർ റോളുകൾ ആയിരുന്നു. വന്ന അവസരങ്ങളും അങ്ങനെ ആയിരുന്നു. അതിനു ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയി. തിരിച്ചുവന്നപ്പോൾ മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ചിത്രം ഗ്രാൻഡ് മാസ്റ്റർ ചെയ്തു. അതിലൊരു നല്ല കഥാപാത്രമായിരുന്നു.

rajshri nair

അതുകഴിഞ്ഞ് ശ്രീനിവാസൻ സാറിന്റെ കൂടെ ഭൂപടത്തിൽ ഇലത്തൊരിടം എന്ന സിനിമയാണ് ചെയ്തത്. നിവിൻ പോളി, ഇനിയ എന്നിവരൊക്കെ ഉണ്ടായിരുന്നു. ആ സിനിമയും നല്ലൊരു അനുഭവം ആയിരുന്നുവെന്ന് രാജശ്രീ പറഞ്ഞു. രണ്ടു ആൺമക്കളാണ്‌ താരത്തിനുള്ളത്. മക്കൾ പഴയ സിനിമകൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, മൂത്തയാൾ മേഘസന്ദേശം കണ്ടിട്ടുണ്ട് എന്നാണ് രാജശ്രീ പറഞ്ഞത്. തനിക്ക് കരിയറിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ളത് അച്ഛനാണെന്നും രാജശ്രീ വ്യക്തമാക്കി. ഇന്ന് മക്കൾക്ക് തന്നെ കുറിച്ചോർത്ത് അഭിമാനമുണ്ടെന്നും അവരും നല്ല പിന്തുണയാണ് നൽകുന്നതിനും രാജശ്രീ പറഞ്ഞു.

പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് രാജശ്രീ അഭിനയിക്കുന്ന വിലായത്ത് ബുദ്ധ. നവാഗതനായ ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയംവദാ കൃഷ്ണനാണു ചിത്രത്തിൽ നായികയാകുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X