മുഖത്ത് കാണുന്ന സൗന്ദര്യം ഉള്ളിലുമുണ്ട്; ഞങ്ങൾ തമ്മിൽ ചില സാമ്യതകളുണ്ട്, ലൂക്കയും തൃഷയും തമ്മിലും: മിയ
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മിയ ജോർജ്. നായികയായും സഹനടിയായുമെല്ലാം മിയ തിളങ്ങിയിട്ടുണ്ട്. മിനിസ്ക്രീനിലൂടെയാണ് മിയയുടെ അരങ്ങേറ്റം. അൽഫോൺസാമ്മ അടക്കമുള്ള ശ്രദ്ധേയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ശേഷമാണ് മിയ സിനിമയിലേക്ക് എത്തുന്നത്. 2010ൽ പുറത്തിറങ്ങിയ ഒരു സ്‌മോൾ ഫാമിലിയാണ് ആദ്യ ചിത്രം. പിന്നീട് ഒരുപിടി മികച്ച വേഷങ്ങളിലൂടെ മിയ മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.
വിവാഹശേഷം നടിമാർ സിനിമ ഉപേക്ഷിക്കുന്ന പൊതുവിലുള്ള ട്രെൻഡിൽ നിന്ന് മാറി നടന്ന നടി കൂടിയാണ് മിയ. കോവിഡ് കാലത്ത് വിവാഹിതയായ താരം അധികം വൈകാതെ തന്നെ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. എന്നാൽ മകന് ഒരു വയസ് തികയുന്നതിന് മുൻപ് തന്നെ മിയ വീണ്ടും സിനിമകളിൽ സജീവമായി. ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം ഒരുപോലെ സജീവമായി നിൽക്കുകയാണ് മിയ. തമിഴ് ചിത്രമായ ദ റോഡ് ആണ് മിയയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ തൃഷയ്‌ക്കൊപ്പം വളരെ പ്രാധാന്യമുള്ള റോളിലാണ് മിയ അഭിനയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ആ സിനിമ താൻ ചെയ്യാൻ തീരുമാനിച്ചതിനെ കുറിച്ചും തൃഷയ്ക്കൊപ്പം അഭിനയിച്ച അനുഭവവും പങ്കുവച്ചെത്തിയിരിക്കുകയാണ് മിയ. ഇൻസ്റ്റാഗ്രാമിൽ തൃഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മിയയുടെ പോസ്റ്റ്. താന്‍ തൃഷയുമായി ഇത്രയും അടുക്കുമെന്നും സൗഹൃദത്തിലാകുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മിയ പറയുന്നു.
"സംവിധായകന്‍ അരുൺ വസീകരന്‍ എന്നോട് ദ റോഡ് എന്ന സിനിമയുടെ കഥയും എന്റെ കഥാപാത്രത്തെയും കുറിച്ച് പറയുമ്പോൾ രണ്ട് കാര്യങ്ങളാണ് എന്നിൽ ആകാംക്ഷയുണ്ടാക്കിയത്. ഒന്ന് പ്രസവാനന്തരം എനിക്ക് വരുന്ന ആദ്യത്തെ സിനിമയായിരുന്നു അത്. ലൂക്കയ്ക്ക് ഒരു വയസ്സാകാന്‍ പോകുന്നു. ആ സമയത്ത് തന്നെ ഞാൻ ഇഷ്ടപ്പെടുന്ന ജോലിയിലേക്ക് തിരിച്ചെത്താൻ കഴിയുന്നതിനിടെ ആകാംക്ഷ ഉണ്ടയായിരുന്നു"
"രണ്ടാമത്തെ കാര്യം തൃഷയാണ്. തൃഷയുടെ സിനിമകള്‍ ഓണ്‍സ്‌ക്രീനില്‍ കണ്ട് വളര്‍ന്ന് ആളാണ് ഞാന്‍. ആ തൃഷയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ പോകുന്നു എന്നത് എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. മാത്രമല്ല, കഥ കേട്ടപ്പോള്‍ എന്റെ എല്ലാ സീനുകളും തൃഷയ്‌ക്കൊപ്പമാണ് എന്നും മനസ്സിലായി. പിന്നെ ഒന്നും ആലോചിച്ചില്ല. എന്നെ സംബന്ധിച്ച് ഏറ്റവും നല്ല കോ സ്റ്റാര്‍ ആണ് തൃഷ. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു, കുടുംബത്തെ കുറിച്ച്, ഭക്ഷണത്തെ കുറിച്ച്, സൗഹൃദങ്ങളെ കുറിച്ച്, സിനിമകളെ കുറിച്ച്... അങ്ങനെ പലതും"

'സംസാരത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമിടയിൽ കോമണായ പലതും ഉണ്ടെന്ന് മനസ്സിലായി. എന്റെ മകനും തൃഷയ്ക്കും ഒരേ ദിവസാണ് ജന്മദിനം. ഞാന്‍ ഗേള്‍സ് ഗ്യാങ് ആയി നില്‍ക്കുന്ന ഒരാളാണ്, തൃഷയും അതുപോലെ തന്നെ. തൃഷയുമായി ഇത്രയും നല്ല സൗഹൃദം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. മുഖത്തെ സൗന്ദര്യം തന്നെ തൃഷയുടെ ഉള്ളിലുമുണ്ട്. തന്ന സ്നേഹത്തിലും പിന്തുണയുമെല്ലാം നന്ദി തൃഷ. നീ ആഗ്രഹിക്കുന്നതെല്ലാം ജീവിതത്തില്‍ നിനക്ക് ലഭിക്കട്ടെ' മിയ കുറിച്ചു.
അടുത്തിടെ ലൂക്കയെ ഒമാനിക്കുന്ന തൃഷയുടെ വീഡിയോ മിയ പങ്കുവച്ചിരുന്നു. തൃഷ ലൂക്കയെ കയ്യിലെടുത്ത് കളിപ്പിക്കുന്നതും മറ്റുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഇത് വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് തൃഷയ്ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് മിയ എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് ദ റോഡ് എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. കിംഗ് ഓഫ് കൊത്തയിലൂടെ മലയാളികൾക്ക് പരിചിതനായ ഷബീർ കല്ലറയ്ക്കലാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications