എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം, ഞാൻ അതോടെ മറ്റൊരാളായി മാറി! അത് തിരിച്ചറിയാൻ കുറേക്കാലമെടുത്തു: നവ്യ
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നവ്യ. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരത്തിന് തിരിച്ചുവരവിൽ ഗംഭീര സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സജീവ സാന്നിധ്യമാണ് നവ്യ ഇപ്പോൾ. റിയാലിറ്റി ഷോ വിധികര്‍ത്താവായി നിറഞ്ഞു നില്‍ക്കുകയാണ് താരം.
ഒപ്പം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് നവ്യ. ഇടയ്ക്കിടെ തന്റെ പുതിയ ചിത്രങ്ങൾ നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായൊരു യൂട്യൂബ് ചാനലും നവ്യക്കുണ്ട്. തന്റെ ചില വിശേഷങ്ങളൊക്കെ നവ്യ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നവ്യ ചാനലിൽ പങ്കുവച്ച പുതിയൊരു വീഡിയോ ശ്രദ്ധനേടുകയാണ്. ഇരുപതുവർഷത്തിനുശേഷം ട്രെയിൻ യാത്ര നടത്തിയതിന്റെ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് നവ്യ നായർ.

2001ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ സിനിമാ യാത്ര ഇപ്പോൾ ഇരുപത് വർഷം പിന്നിട്ടിരിക്കുകയാണ്. തന്റെ അവസാന ട്രെയിൻ യാത്രയ്ക്കും അത്രയും തന്നെ പഴക്കമുണ്ടെന്നാണ് നവ്യ പറയുന്നത്. കോയമ്പത്തൂരിൽ ഒരു ഡാൻസ് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് നവ്യ വർഷങ്ങൾക്ക് ശേഷം ട്രെയിൻ യാത്ര നടത്തിയത്.
അമ്മ പനി പിടിച്ചതിനെ തുടർന്ന് വിശ്രമത്തിലായതും കോയമ്പത്തൂരിലേക്ക് ഫ്‌ളൈറ്റ് ഇല്ലാത്തതുകൊണ്ടുമാണ് നവ്യ ട്രെയിൻ യാത്ര തെരെഞ്ഞെടുക്കാൻ കാരണം. വർഷങ്ങൾക്ക് ശേഷമുള്ള യാത്രയിൽ താൻ ഒരുപാട് എക്സൈറ്റഡ് ആണെന്നും താരം വീഡിയോയിൽ പറഞ്ഞു. അവസാന ട്രെയിൻ യാത്രയിലെ ഓർമകളും നടി പങ്കുവച്ചു.
ഇഷ്ടം സിനിമയുടെ കോസ്റ്റ്യൂം തെരഞ്ഞെടുക്കാനായിരുന്നു അന്നത്തെ ട്രെയിൻ യാത്ര. പിന്നീട് ഇപ്പോഴാണ് തന്റെ ഓർമ്മയിൽ ഒരു ട്രെയിൻ യാത്ര ഉണ്ടാകുന്നത്. കോസ്റ്റും എടുക്കാൻ ചെന്നൈയിലേക്ക് ആയിരുന്നു യാത്ര. ഇപ്പോൾ ട്രെയിനിൽ കയറിയപ്പോൾ ആ ഓർമ്മകളാണ് വരുന്നത്, നവ്യ പറഞ്ഞു തുടങ്ങി.
'എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമാണ് അത്. ഞാൻ അതോടെ മറ്റൊരാളായി മാറിയില്ലേ. ധന്യ എന്ന പേര് വരെ അതോടെ മാറി. ധന്യ നവ്യ നായരായി മാറി. നവ്യ എന്നാണ് എന്റെ പേരെന്ന് തിരിച്ചറിയാൻ കുറേക്കാലം എടുത്തു. ആദ്യമൊക്കെ വിളിച്ചാൽ വിളി പോലും കേൾക്കാത്ത അവസ്ഥയിലായിരുന്നു ഞാൻ', നവ്യ പറഞ്ഞു. ആ യാത്രയിലുണ്ടായ മറ്റൊരു രസകരമായ സംഭവവും നവ്യ പങ്കുവച്ചു.

'അന്ന് ഒരു സംഭവം ഉണ്ടായതാണ് ഇപ്പോൾ ട്രെയിനിൽ കയറിയപ്പോൾ മനസ്സിൽ നിൽക്കുന്നത്. നാല് പേരല്ലേ ഒരു ബെർത്തിൽ ഉണ്ടാവുക. അച്ഛനും അമ്മയും ഒരു സൈഡിൽ കിടന്നുറങ്ങുന്നു. ഓപ്പോസിറ്റ് ബെർത്തിൽ ഒരു ചേട്ടൻ ഉണ്ടായിരുന്നു. എനിക്ക് ചേട്ടന്റെ പേരൊന്നും അറിയില്ല. ഞാൻ ഇടക്ക് ഉറങ്ങി ഉണർന്ന സമയം നോക്കുമ്പോൾ ഈ ചേട്ടൻ എന്നെ ഇങ്ങനെ നോക്കി കിടക്കുന്നു',
'എനിക്ക് പെട്ടെന്ന് ക്യൂരിയോസിറ്റിയായി. ഞാൻ ഒളികണ്ണിട്ട് പുള്ളിയെ നോക്കുന്നുണ്ടായിരുന്നു. ഇടക്ക് ഞാൻ ഉറങ്ങി പോയി. അങ്ങനെ നേരം വെളുത്തു. ഞാൻ പല്ലൊക്കെ തേച്ചിട്ട് തിരികെ സീറ്റിലേക്ക് പോകാൻ നേരം ഡോറിന്റെ അവിടെ ഈ ചേട്ടൻ വന്നു നിന്നു. അപ്പോൾ ഞാൻ ഒന്ന് പേടിച്ചു പോയി. ഇത് എന്റെ നമ്പറാണ് എന്ന് പറഞ്ഞ് എന്റെ കൈയ്യിൽ ഒരു നമ്പർ തന്നു',
'എന്തോ ഒരു കള്ളത്തരം ചെയ്യുന്ന പോലെയാണെങ്കിലും ഞാൻ ആ നമ്പർ വാങ്ങിച്ചു. ആരും കാണാതെ ബാഗിൽ കൊണ്ട് പോയി വച്ചു. നമ്മുടെ സ്ഥലം എത്തി, കാറിൽ കയറി. മെല്ലെ ഞാൻ ആ പേപ്പർ കഷ്ണം എടുത്തു. അന്നൊന്നും കയ്യിൽ മൊബൈൽ ഇല്ലല്ലോ. പോരാത്തതിന് ഞാൻ കൊച്ചല്ലേ. ഞാൻ കാറിന്റെ ഗ്ലാസ് തുറന്ന് അത് പുറത്തേക്ക് പറത്തിവിട്ടു', നവ്യ പറഞ്ഞു.


Click it and Unblock the Notifications