തൊലിക്കട്ടി വേണമെന്ന് പലരും പറയും, പക്ഷേ വേണ്ടത് മറ്റൊന്നാണ്; ഇത്തവണ പ്രതികരിക്കണമെന്ന് തോന്നി: നിത്യ മേനോൻ
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോൻ. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ എല്ലാ ഭാഷകളിലും തിളങ്ങി നിൽക്കുകയാണ് താരം. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുൻനിര താരമായി പേരെടുക്കാനും നിരവധി ആരാധകരെ സ്വന്തമാക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ നിത്യ തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും നിത്യ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും നിത്യക്ക് കഴിഞ്ഞു. മലയാളത്തിൽ ബാച്ചിലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് നിത്യയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രങ്ങൾ. ഈ ചിത്രങ്ങൾക്ക് ശേഷമാണു തെന്നിന്ത്യയിലെ മറ്റു ഭാഷകളിൽ നിന്നും നിത്യക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്.

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയതിന് പിന്നാലെ നിരവധി ഗോസിപ്പുകളും നിത്യയുടെ പേരിൽ വന്നിരുന്നു. പലപ്പോഴും ഇതിനെതിരെ നിത്യ തന്നെ രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അടുത്തിടെ പോലും നിത്യയുടെ പേരിൽ ഒരു വ്യാജ വാർത്ത പ്രചരിക്കുകയും പിന്നീട് നിത്യ തന്നെ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
തമിഴ് ചലച്ചിത്രമേഖലയിൽ നിന്ന് തനിക്ക് ഒരുപാട് പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ഒരു സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടൻ അപമര്യാദയായി പെരുമാറിയെന്നും നിത്യ പറഞ്ഞതായിട്ടായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് വാർത്ത തെറ്റാണെന്ന് നിത്യ അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിത്യ മേനോൻ.
തന്നെ കുറിച്ച് വരുന്ന കിംവദന്തികളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് നിത്യ പറയുന്നു. എന്നാൽ അത് അതിരുവിട്ട ഒന്നായത് കൊണ്ടാണ് താൻ നേരിട്ട് പ്രതികരിച്ചതെന്ന് നിത്യ വ്യക്തമാക്കി. 'ആരോ എന്നെ ഉപദ്രവിച്ചുവെന്ന് ഒരാൾക്ക് വെറുതെ എങ്ങനെ പറയാൻ കഴിയും? അത് വിളിച്ചു പറയണം എന്ന് എനിക്ക് തോന്നി. ആ ഉത്തരവാദിത്തം എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു',
'മോശം പെരുമാറ്റം ഉണ്ടാവുമ്പോൾ, നിങ്ങൾ അവർക്ക് നേരെ വിരൽ ചൂണ്ടണം. ആഘാതവും അനന്തരഫലങ്ങളും അവർ അഭിമുഖീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,' നിത്യ പറയുന്നു. തന്നെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും തെറ്റായ റിപ്പോർട്ടുകളും കൈകാര്യം ചെയ്യുന്നതിന് തനിക്കൊരു രീതിയുണ്ടെന്നും നിത്യ അഭിമുഖത്തിൽ പറഞ്ഞു.
'ഒന്നും നമ്മളെ ബാധിക്കാൻ അനുവദിക്കരുത് എന്നതാണ് ലക്ഷ്യം. ആത്മീയനായ വ്യക്തി അല്ലാത്തപക്ഷം നിങ്ങൾ അതിൽ വളരെ അസ്വസ്ഥനാകും. എന്റെ ആരോഗ്യം എനിക്ക് പ്രധാനമാണ്. അതിനാൽ ആരെങ്കിലും ബുദ്ധിശൂന്യമായി എന്തെങ്കിലും ചെയ്യുന്നു എന്നതിന്റെ പേരിൽ എനിക്ക് അസ്വസ്ഥയാകാൻ കഴിയില്ല. അക്കാര്യത്തിൽ നമ്മൾ കുറച്ചു വളരുകയും പക്വത പ്രാപിക്കുകയും വേണം. തൊലിക്കട്ടി വേണമെന്ന് ആളുകൾ പറയാറുണ്ട്. പക്ഷേ ഇത് അങ്ങനെയല്ല...',

'അത്തരം കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ സ്വയം വേർപെട്ട് നിൽക്കാം എന്നതിനെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയാണ് വേണ്ടത്. എന്നെക്കുറിച്ച് നിരവധി കിംവദന്തികൾ വന്നിട്ടുണ്ട്, ആളുകൾ അതെല്ലാം വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്. ഓരോന്നും ശരിക്കും സംഭവിച്ചത് പോലെയാണ് എഴുതിയിരിക്കുന്നത്. എന്നാൽ ഇത്തവണ, അതിനെക്കുറിച്ച് സംസാരിക്കേണ്ടത് ആവശ്യമാണെന്ന് തോന്നി,' നിത്യ മേനോൻ പറഞ്ഞു.
കുമാരി ശ്രീമതി എന്ന തെലുങ്ക് വെബ് സീരീസാണ് നിത്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. മാസ്റ്റർ പീസ് എന്ന മലയാളം വെബ് സീരീസാണ് ഇനി വരാനുള്ളത്. ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന രണ്ടാമത്തെ മലയാളം വെബ്‌സീരീസാണ് ഇത്. ഒരു ഫൺ ഫാമിലി ഡ്രാമ എന്ന ടാഗ് ലൈനിൽ വരുന്ന സീരീസ് സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് എൻ ആണ്. നിത്യ മേനോന് പുറമെ ഷറഫുദ്ധീൻ, രഞ്ജി പണിക്കർ, മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.


Click it and Unblock the Notifications