ഞങ്ങൾ ഇനി കൽക്കിയുടെ അച്ഛനും അമ്മയും; കുഞ്ഞിനെ ദത്തെടുത്തു; മാതൃദിനത്തിൽ കുറിപ്പുമായി അഭിരാമി!
ഞങ്ങൾ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകർക്ക് നടി അഭിരാമിയെ ഓർക്കാൻ. കഥാവശേഷൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അഭിരാമിയുടെ സിനിമയിലേക്കുള്ള വരവ്. തുടർന്ന് പത്രം സിനിമയിൽ ചെറിയ ഒരു വേഷത്തിൽ എത്തിയ താരം. പിന്നീട് ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ, മില്ലേനിയം സ്റ്റാർസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുകയായിരുന്നു. അതിനിടെ ഏഷ്യാനെറ്റിൽ ടോപ് ടെൻ എന്ന പരിപാടിയിൽ അവതാരകയായും അഭിരാമി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയിരുന്നു.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെല്ലാം അഭിരാമി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പമൊക്കെ സ്ക്രീൻ പങ്കിട്ടിട്ടുള്ള അഭിരാമി, താമിഴിൽ പ്രഭു, ശരത് കുമാർ, അർജ്ജുൻ, എന്നീ പ്രമുഖ നടന്മാരുടെ കൂടെയെല്ലാം അഭിനയിച്ചിരുന്നു. വാനവിൽ ആയിരുന്നു അഭിരാമിയുടെ ആദ്യത്തെ തമിഴ് ചിത്രം. തന്റെ കരിയറിലെ ഒരു പ്രധാന ചിത്രങ്ങളിൽ ഒന്നായ വീരുമാണ്ടിയിൽ കമലഹാസന്റെ കൂടെയാണ് അഭിരാമി തിളങ്ങിയത്.

ഏറ്റവും ഒടുവിൽ നിതം ഒരു വാനം എന്ന ചിത്രത്തിലാണ് അഭിരാമി അഭിനയിച്ചത്. അടുത്തിടെയായി മലയാളത്തിലെ ചില ടെലിവിഷൻ പരിപാടികളിൽ അതിഥി ആയി അഭിരാമി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അമ്മയായ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് അഭിരാമി.
മദേഴ്‌സ് ഡേയിൽ ലോകത്തുള്ള എല്ലാ അമ്മമാർക്കും ആശംസകൾ നേർന്നുകൊണ്ടാണ് അഭിരാമി സന്തോഷം പങ്കുവച്ചത്. കഴിഞ്ഞ വർഷമാണ് ആയിരുന്നു ആ സന്തോഷം ഞങ്ങളുടെ ജീവിതത്തിൽ വന്നു ചേർന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അഭിരാമി സോഷ്യൽ മീഡിയയിൽ ഈ വിശേഷം കുറിച്ചത്.
'പ്രിയ സുഹൃത്തുക്കളെ ഞാനും രാഹുലും കൽകി എന്ന മകളുടെ അച്ഛനും അമ്മയും ആയി മാറിയ വലിയൊരു സന്തോഷം പങ്കിടുന്നത്തിന്റെ ത്രില്ലിലാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഒരു മകളെ ദത്തെടുത്തത്, അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ അർത്ഥത്തിലും മാറ്റിമറിക്കുന്ന ഒന്നായി മാറി',
'ഒരു പുതിയ അമ്മ എന്ന നിലയിൽ ഇന്ന് മദേഴ്‌സ് ഡേ ആഘോഷിക്കാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായി. ജീവിതത്തിലെ ഈ പുതിയ യാത്രയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും ആശംസകളും പ്രാർത്ഥനയും പിന്തുണയും എനിക്കും എന്റെ കുടുംബത്തിനും വേണം,' എന്നായിരുന്നു അഭിരാമി കുറിച്ചത്.

നടി ശ്വേത മേനോൻ അടക്കമുള്ള താരങ്ങളും സുഹൃത്തുക്കളും ആരാധകരുമെല്ലാം അഭിരാമിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. 2004 ൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് താമസം മാറിയിരുന്നു അഭിരാമി. 2009 ലാണ് പ്രശസ്ത സാഹിത്യകാരൻ പവനന്റെ ചെറുമകനും തന്റെ ബാല്യകാല സുഹൃത്തുമായ രാഹുൽ പവനനെ അഭിരാമി വിവാഹം കഴിക്കുന്നത്. സന്തുഷ്ടകരമായ ദാമ്പത്യം നയിക്കുന്ന അഭിരാമി അടുത്തിടെയാണ് വീണ്ടും സിനിമയിൽ സജീവമായി തുടങ്ങിയത്.
നിലവിൽ ആർ യു ഓക്കെ ബേബി എന്ന തമിഴ് ചിത്രവും. ഗരുഡൻ എന്ന മലയാള ചിത്രവുമാണ് അഭിരാമിയുടേതായി അണിയറയിൽ ഉള്ളതെന്നാണ് വിവരം. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗരുഡൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്.
അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ക്രൈം ത്രില്ലറാണ് ഇത്. നവാഗതനായ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. അഭിരാമിയുടെ മികച്ച ഒരു തിരിച്ചുവരവാകും ഇതെന്നാണ് സൂചന.


Click it and Unblock the Notifications











