ആദ്യമായി അഭിനയിക്കുന്നത് ഫഹദിന്റെ കൂടെ! ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനുകാരണം അവരാണ്; പ്രിയാമണി
അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാൻ സാധിച്ച നടിയാണ് പ്രിയാമണി. മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് താരം. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ നേടിയ പ്രിയാമണിക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. ഷാരൂഖ് ഖാൻ നായകനായ ജവാനിലൂടെ ബോളിവുഡിലടക്കം തിളങ്ങി നിൽക്കുകയാണ് താരം. പാലക്കാട്ടെ അയ്യർ കുടുംബത്തിൽ ജനിച്ച പ്രിയാമണി തമിഴിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടാണ് താരം തെലുങ്കിലേക്കും മലയാളത്തിലേക്കുമെല്ലാം എത്തുന്നത്.
പൃഥ്വിരാജിനെ നായകനാക്കി വിനയൻ ഒരുക്കിയ സത്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു പ്രിയാമണിയുടെ മലയാളത്തിലെ അരങ്ങേറ്റം. നടിയുടെ കരിയറിലെ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. എന്നാൽ തന്റെ കരിയർ ആരംഭിക്കുന്നതേ മലയാളത്തിൽ നിന്നാണെന്ന് പറയുകയാണ് പ്രിയാമണി ഇപ്പോൾ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രിയാമണി.

കയ്യെത്തും ദൂരത്ത് എന്ന സിനിമയ്ക്ക് വേണ്ടി ഒഡിഷനിൽ പങ്കെടുത്തത് മുതലാണ് തന്റെ സിനിമാ യാത്ര തുടങ്ങിയതെന്ന് പ്രിയാമണി പറയുന്നു. ഒഡിഷനിൽ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും നടി പറഞ്ഞു.
'ഞാൻ മോഡലിങ്ങിൽ നിന്നും അവിചാരിതമായി സിനിമയിലേക്ക് എത്തിയതാണ്. മോഡലിങ് സമയത്ത് എനിക്ക് നിരവധി അവസരങ്ങൾ വന്നു. ഞാൻ ആദ്യമായി ഓഡിഷൻ ചെയ്യുന്നത് ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് വേണ്ടിയാണ്. ഫാസിൽ സാറാണ് എന്റെ കരിയറിലെ ഏക ഓഡിഷൻ ചെയ്തത്. ഫാസിൽ സാറിന്റെ വീട്ടിൽ വെച്ചായിരുന്നു ഓഡിഷൻ',
'വലിയ ഡയലോഗുകൾ ഒക്കെ ഫാസിൽ സാർ എനിക്ക് തന്നിട്ട് അതൊക്കെ രാത്രി ഇരുന്ന് പഠിച്ച് എടുത്തിട്ടുണ്ട്. അതെങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഫഹദും ഉണ്ടായിരുന്നു ഓഡിഷന്. ഫഹദിന്റെ കൂടെയാണ് ചെയ്തത്. ഫാസിൽ സാർ ഹാപ്പി ആയിരുന്നു. അവിടെ നിന്നാണ് എന്റെ ജേർണി ആരംഭിക്കുന്നത്, അതിനു ശേഷമാണ് ഭാരതിരാജ സാറിന്റെ കൺങ്കളാൽ കൈതു സൈ എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്. എന്നാൽ ആദ്യം ഇറങ്ങിയത് തെലുങ്ക് സിനിമയാണ്', പ്രിയാമണി പറഞ്ഞു.
ഇന്നത്തെ നടിമാരെ പോലെ ഒരു ആക്ടിങ് ക്ലാസിനോ ഡാൻസ് ക്ലാസിനോ ഞാൻ പോയിട്ടില്ല. അവരത് ചെയ്യുന്നുണ്ടെന്നത് നല്ല കാര്യമാണ്. ആ സമയത്ത് പോയവർ ഉണ്ട്. പക്ഷെ ഞാൻ പോയിട്ടില്ല. അവർക്കെല്ലാം ക്യാമറ ആങ്കിളിനെ കുറിച്ചും എല്ലാം അറിയാം. എന്നാൽ എനിക്ക് അങ്ങനെയല്ല. 2002ൽ ഒന്നും അറിയാതെയാണ് ഞാൻ വന്നത്. ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണം ഭാരതി രാജ സാറും ബാലുമഹേന്ദ്ര സാറും രഞ്ജിത് സാറും വിനയൻ സാറുമൊക്കെയാണ്. ആ സംവിധായകർ എനിക്ക് പഠിപ്പിച്ചു തന്ന കാര്യങ്ങളാണ്.
വിവിധ ഭാഷകളിൽ അഭിനയിക്കാൻ കഴിഞ്ഞത് ആളുകളെ മനസിലാക്കാനും ഇന്ടസ്ട്രിയെ മനസിലാക്കാനുമൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. റീലുകളിൽ ഷൂട്ട് ചെയ്‌തിരുന്ന സമയത്ത് അഭിനയിച്ചു തുടങ്ങിയ ആളാണ് ഞാൻ. ഇന്നതിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ആ സമയത്ത് ഞങ്ങൾക്ക് കാരവൻ ഒന്നും ഉണ്ടായിരുന്നില്ല. കാരവൻ ഉണ്ടായിരുന്നു. പക്ഷെ അത് ഉപയോഗിക്കാനുള്ള പ്രിവിലേജ് ഒന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല.

പരുത്തിവീരൻ സിനിമയിൽ അഭിനയിക്കുമ്പോൾ പോലും അടുത്ത വീടുകളിലൊക്കെ പോയി വസ്ത്രം മാറേണ്ടി വന്നിട്ടുണ്ട്. സെറ്റിൽ വലിയ തുണി അമ്മ മറച്ചുപിടിച്ചിട്ട് അതിനു പിന്നിൽ നിന്ന് വരെ ഞാൻ വസ്ത്രം മാറിയിട്ടുണ്ട്. അതിൽ നിന്നൊക്കെ ഒരുപാട് മാറി. ഈ മാറ്റങ്ങളൊക്കെ നല്ലതാണ്. അതിനെ നിസാരമായി കാണരുത് എന്നാണ് പുതിയ ആളുകളോട് പറയാനുള്ളത്, പ്രിയാമണി പറഞ്ഞു.
അതേസമയം ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുകയാണ് പ്രിയാമണി. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. 2017ൽ ഇറങ്ങിയ ആഷിഖ് വന്ന ദിവസമാണ് പ്രിയാമണിയുടെ അവസാന മലയാള ചിത്രം. മലയാളം തന്റെ സെക്കൻഡ് ഫാമിലിയാണെന്നും മലയാളത്തെ മറന്നതല്ലെന്നും പ്രിയാമണി അഭിമുഖത്തിൽ പറഞ്ഞു. 11 വർഷത്തിന് ശേഷം മോഹൻലാലും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നേര്.


Click it and Unblock the Notifications