'അന്ന് ആഷിഖിന് പോലും എന്നെ മനസ്സിലായില്ല; എന്റെ സ്ത്രീസൗഹൃദങ്ങൾ ഇല്ലായിരുന്നെങ്കിൽ പാളിയേനെ': റിമ കല്ലിങ്കൽ
മലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി റിമ കല്ലിങ്കല്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള റിമ, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും മലയാള സിനിമയിലെ നായിക സങ്കല്‍പ്പത്തെയൊക്കെ തിരുത്തിയെഴുതിയ താരമാണ്. നൃത്തത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് വിവിധ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടുകയായിരുന്നു.
സിനിമയ്ക്ക് അകത്തും പുറത്തും സ്വീകരിച്ച നിലപാടുകളിലൂടെയും റിമ കല്ലിങ്കല്‍ മലയാള സിനിമയിലൊരു മാറ്റത്തിന്റെ ശബ്ദമായി മാറിയിട്ടുണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധതയെ പലവട്ടം ചോദ്യം ചെയ്തിട്ടുള്ള താരം ഡബ്ല്യുസിസിയുടെ സ്ഥാപകരില്‍ ഒരാളുമാണ്. മലയാള സിനിമകളുടെ സ്ത്രീകളുടെ കൂട്ടായ്മയാണ് ഡബ്യുസിസി. അതേസമയം, ശക്തമായ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ കരിയറിൽ വലിയ രീതിയിലുള്ള പ്രതിസന്ധികൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരു സമയത്ത് തുടരെ സിനിമകളിൽ കണ്ടിരുന്ന താരമായിരുന്നു റിമയെ പിന്നീട് വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളിൽ കാണുന്ന സാഹചര്യത്തിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ, ഒരു ഘട്ടത്തിൽ താൻ വലിയ വിഷാദത്തിലേക്ക് പോയിരുന്നു എന്ന് തുറന്നു പറയുകയാണ് റിമ. അന്ന് പങ്കാളിയായ ആഷിഖ് അബുവിന് പോലും തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും സ്ത്രീ സൗഹൃദങ്ങളാണ് രക്ഷയായത് എന്നും പറയുകയാണ് റിമ. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
ഒരു ഘട്ടത്തിൽ ഞാൻ ഭയങ്കര വിഷാദത്തിലേക്കു പോയിരുന്നു. വളരെ കഷ്ടപ്പെട്ട് സിനിമയിൽ ഞാൻ ഒരിടം ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചിരുന്ന സമയത്താണ് കാലിന്റെ അടിയിൽനിന്നു മണ്ണൊലിച്ചു പോയതുപോലെ പെട്ടെന്ന് ഒന്നും ഇല്ലാതായതെന്ന് റിമ പറയുന്നു. അത് വലിയ ആഘാതമായി. ഞാനൊരു കഠിനാധ്വാനിയാണ്. ഒരു ലക്ഷ്യമുണ്ടെങ്കിൽ അവിടെ എത്താൻ ഏതറ്റം വരെയും പോകും. പക്ഷേ, ചുറ്റുമുള്ള ലോകത്തെ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല.
ആ ഘട്ടത്തിൽ ഞാൻ അനുഭവിച്ച വേദന മറ്റൊരു സ്ത്രീക്കു മാത്രമേ മനസ്സിലാവൂ. അന്ന് എന്റെ സ്ത്രീസൗഹൃദങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഒന്നു പാളിയേനെ, ജീവിതം മടുത്ത അവസ്ഥയായിരുന്നു എന്നും റിമ ഓർക്കുന്നു. താൻ ചെയ്യുന്നതൊന്നും തെറ്റല്ല, പറയുന്നതെല്ലാം ശരിയായ കാര്യങ്ങളാണ് എന്നെല്ലാം അറിയാമെങ്കിൽ അനീതി മാത്രം നേരിടേണ്ടി വരുന്നത് എന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല. കുറച്ചു കരുണയും ബഹുമാനവുമാണ് താൻ ആവശ്യപ്പെട്ടത്. അതൊരു തെറ്റാണോയെന്നും റിമ ചോദിക്കുന്നു.
ആ സമയത്ത് തന്റെ മാതാപിതാക്കൾക്കോ ആഷിഖിനോ പോലും തന്നെ മനസ്സിലായില്ലെന്നും റിമ കല്ലിങ്കൽ പറയുന്നു. ഞാൻ എന്തിനാണ് ഈ സമ്മർദങ്ങളിലൂടെ കടന്നുപോകുന്നത് എന്നവർ ചിന്തിച്ചു. എന്നെ അങ്ങനെ കാണാൻ അവർ ആഗ്രഹിച്ചില്ല. പക്ഷേ, ഈ പ്രായത്തിൽ എന്നെപ്പോലെ തന്നെ ഞാൻ ആവശ്യപ്പെടുന്ന കാര്യങ്ങൾക്കു വേണ്ടി വാദിക്കുന്ന സ്ത്രീകൾക്കേ അതു മനസ്സിലാകൂ. രക്തബന്ധത്തെക്കാൾ ആഴമുണ്ട് അതിനെന്നു ഞാൻ അനുഭവിച്ചു തിരിച്ചറിഞ്ഞുവെന്നും നടി പറഞ്ഞു.

ആഷിഖ് എന്റെ സുഹൃത്താണ്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും ആഷിഖ് ഒരു പുരുഷനാണ്. ആഷിഖിന്റെ അനുഭവങ്ങളല്ല എന്റെ അനുഭവങ്ങൾ. ഒരു സ്ത്രീ സം വിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും പുരുഷൻ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റും എത്രത്തോളം വ്യത്യസ്തമായിരിക്കും. സംവിധായകനോ സംവിധായികയോ കൊടുക്കുന്ന നിർദേശങ്ങൾ ചുറ്റുമുള്ളവർ സ്വീകരിക്കുന്ന രീതിയിൽ വ്യത്യാസമുണ്ടാകും.
അതിൽ ജെൻഡറിനു വലിയ പങ്കുണ്ട്. അത് എത്ര പറഞ്ഞുകൊടുത്താലും ഒരു പുരുഷനു മനസ്സിലാകണമെന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആഷിഖ് എന്നെ മനസ്സിലാക്കും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചു. കാരണം അത് ആഷിഖിനും എളുപ്പമല്ലെന്ന് മനസിലാക്കിയെന്നും റിമ പറയുന്നു.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം റിമ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ടൊവിനോ തോമസ്, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.


Click it and Unblock the Notifications