അദ്ദേഹം മരിച്ചുകിടക്കുമ്പോൾ പോലും വെറുതെവിട്ടില്ല! അപേക്ഷിക്കേണ്ടി വന്നു; ദുരനുഭവം പങ്കുവച്ച് രോഹിണി
അഞ്ച് പതിറ്റാണ്ടോളമായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് രോഹിണി. ബാലതാരമായിട്ടാണ് രോഹിണി സിനിമയിൽ എത്തുന്നത്. തമിഴിലും മലയാളത്തിലുമെല്ലാം നായിക വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങിയിട്ടുള്ള നടി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ്. കൈനിറയെ ചിത്രങ്ങളുമായി ഇന്നും സിനിമകളിൽ സജീവമാണ് താരം. കൂടുതലും ശക്തമായ അമ്മ വേഷങ്ങളിലാണ് രോഹിണി ഇപ്പോൾ എത്തുന്നത്.
സിനിമയിലെന്ന പോലെ യഥാർത്ഥ ജീവിതത്തിലും ശക്തയായ അമ്മയാണ് രോഹിണി. നടിയുടെ സിനിമാ ജീവിതം പോലെ പ്രേക്ഷകർക്ക് സുപരിചിതമാണ് നടിയുടെ വിവാഹജീവിതവും വേർപിരിയലുമൊക്കെ. തെന്നിന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളായ രഘുവരനെയാണ് രോഹിണി വിവാഹം ചെയ്തത്. 1996ല്‍ ഇരുവരും സിനിമയില്‍ കത്തിനിൽക്കുന്ന സമയത്തായിരുന്നു വിവാഹം. ഈ ബന്ധത്തിലാണ് രോഹിണിക്ക് ഋഷിവരൻ എന്നൊരു മകൻ ജനിച്ചത്. എന്നാൽ 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു, നാല് വർഷങ്ങൾക്കിപ്പുറം രഘുവരന്‍ വിടപറയുകയും ചെയ്തു.

അതിനു ശേഷം ഏക മകനെ രോഹിണി ഒറ്റയ്ക്കാണ് വളർത്തിയത്. രഘുവരന്റെ അമിത മദ്യപാനമായിരുന്നു ഇവരുടെ വിവാഹബന്ധം തകർത്തതും രഘുവിന്റെ ജീവനെടുത്തതും. വേർപിരിഞ്ഞെങ്കിലും രഘുവിന്റെ മരണം വരെ നടനെ തിരികെ കൊണ്ടുവരാനുള്ള കഠിനപ്രയത്‌നത്തിൽ ആയിരുന്നു രോഹിണി. മരണം വരെ രഘുവരനൊപ്പം തന്നെ രോഹിണി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അഭിമുഖങ്ങളിൽ എല്ലാം രഘുവരനെ കുറിച്ചുള്ള ചോദ്യങ്ങൾ രോഹിണിയോട് ഉണ്ടാകാറുണ്ട്.
നടനെ കുറിച്ച് സംസാരിക്കാനും രോഹിണി മടികാണിക്കാറില്ല. അടുത്തിടെ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലും രഘുവരനെ കുറിച്ചും അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ചും രോഹിണി സംസാരിക്കുകയുണ്ടായി. കൂടാതെ രഘുവരൻ മരിച്ചപ്പോഴുണ്ടായ ഒരു ദുരനുഭവവും താരം പങ്കുവച്ചു. അദ്ദേഹം മരിച്ചുകിടക്കുമ്പോൾ പോലും പത്രക്കാർ തങ്ങളെ വെറുതെ വിട്ടിലെന്നാണ് രോഹിണി പറയുന്നത്.
'രഘു മരിച്ച സമയത്ത് മകന്‍ ഋഷിയെ കൂട്ടിക്കൊണ്ടു വരാന്‍ സ്‌കൂളിലേക്ക് പോയിരുന്നു. ആ സമയത്ത് രഘുവിന്റെ വീട്ടില്‍ നിന്ന് പത്രക്കാരെ മാറ്റി നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു. മകനോട് നിന്റെ അച്ഛൻ മരിച്ചു പോയി എന്ന് ഞാൻ പറയാൻ പോവുകയാണ്. ആ സമയത്ത് അല്‍പം സ്വകാര്യതയ്ക്ക് വേണ്ടിയാണ് പത്രക്കാരെ മാറ്റാന്‍ പറഞ്ഞത്. അവിടെ നടക്കുന്നത് പുറംലോകം അറിയേണ്ടതില്ല എന്ന് ഞാൻ ആഗ്രഹിച്ചു. അവർ ഓക്കെ പറഞ്ഞു',

'എന്നാൽ ഞങ്ങള്‍ രഘുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. പുറത്തുനിന്ന പത്രപ്രവർത്തകർ എല്ലാം കൂടി എനിക്കൊപ്പം വീടിനുള്ളിലേക്ക് ഇടിച്ചു കയറി. എല്ലാവരും ചുറ്റിന് കൂടിയതോടെ 'ഇപ്പോഴെങ്കിലും ഞങ്ങളെ വെറുതെ വിടൂ', എന്ന് അവരോട് അപേക്ഷിക്കേണ്ടി വന്നു. അവിടെ നടക്കുന്നത് ഷൂട്ട് ചെയ്ത് പുറം ലോകത്തെ കാണിക്കണം എന്നാണ് അവരെല്ലാം കരുതിയത്. ഒരാൾ പോലും മാറി ചിന്തിച്ചില്ല. അത് എന്നെ വളരെയധികം വേദനിപ്പിച്ചു. ആ സംഭവത്തിന് ശേഷം കുറേക്കാലത്തേക്ക് ഞാൻ മാധ്യമങ്ങളോട് സംസാരിച്ചില്ല', രോഹിണി പറഞ്ഞു.
താനും മകനും തോറ്റ് പോയത് രഘുവിനോട് അല്ലെന്നും അദ്ദേഹത്തിന്റെ മദ്യത്തോടുള്ള അഡിക്ഷനോട് ആണെന്നും മുൻപൊരിക്കൽ രോഹിണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തെ അതിൽ നിന്ന് വിട്ടു നിർത്താനുള്ള ശ്രമത്തിൽ തങ്ങൾ പരാജയപ്പെട്ടെന്നും ആ അഡിക്ഷൻ ജയിച്ചെന്നുമാണ് രോഹിണി പറഞ്ഞത്. വേർപിരിഞ്ഞ ശേഷവും മകന് വേണ്ടിയാണ് അടുത്തടുത്ത ഫ്ലാറ്റ് എടുത്ത് താമസിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ അതൊക്കെ നോക്കി വന്നപ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നു എന്നും രോഹിണി പറഞ്ഞു.


Click it and Unblock the Notifications











